ഡൽഹിയെ എറിഞ്ഞിട്ട് മുംബൈ ഫൈനലിൽ; തോറ്റെങ്കിലും സാധ്യതകൾ അവസാനിക്കാതെ ഡൽഹി

ദുബായ്: ഭാഗ്യം സമ്മാനിക്കുന്ന ദുബായിയിലെ പിച്ചിൽ മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസിനെതിരെ ആധികാരിക വിജയം സ്വന്തമാക്കി ഫൈനലിലേക്ക് മാർച്ച് ചെയ്തു. ബാറ്റിങിലും ബൗളിങിലും ഡൽഹിയെ തറപറ്റിച്ച മുംബൈ 57 റൺസിനാണ് വിജയം പിടിച്ചെടുത്തത്. ഇതോടെ 13ാമത് ഐപിഎല്ലിൽ ഫൈനലിലെത്തുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ് മാറി. കഴിഞ്ഞ തവണത്തെ ജേതാക്കളായ മുംബൈ ഇത്തവണയും കപ്പടിക്കുമെന്ന ആരാധകരുടെ പ്രതീക്ഷ ശരിവെച്ചായിരുന്നു ടീമിന്റെ തകർപ്പൻ പ്രകടനം.

അതേസമയം, തോറ്റെങ്കിലും ഡൽഹിയുടെ ഫൈനൽ സാധ്യതകൾ അവസാനിച്ചിട്ടില്ല. എലിമിനേറ്ററിൽ ജയിക്കുന്ന ടീമിനോട് ഏറ്റുമുട്ടി വിജയം നേടിയാൽ ഡൽഹിയ്ക്ക് ഫൈനലിൽ മുംബൈയോട് ഏറ്റുമുട്ടാം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ മുംബൈ അടിച്ചുകൂട്ടിയ 201 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം കണ്ട് തലകറങ്ങിയ മട്ടിലായിരുന്നു ഡൽഹി ബാറ്റ്‌സ്മാൻമാരുടെ പ്രകടനം. കളത്തിലിറങ്ങിയവർ ഡക്കായും ചെറിയ സ്‌കോറിലും തിരിച്ച് ഡക്കൗട്ടിലേക്ക് നീങ്ങി. നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 200 റൺസിന് ബാറ്റിങ് അവസാനിപ്പിച്ച മുംബൈയ്ക്ക് എതിരെ 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുത്ത് തകരാനായിരുന്നു ഡൽഹിയുടെ വിധി.

മുംബൈയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്ത ബൗളർമാരും ബാറ്റ്‌സ്മാൻമാരും ഡൽഹിയെ വരിഞ്ഞുമുറുക്കി. നാലുവിക്കറ്റ് വീഴ്ത്തിയ ബുംറയും അർധസെഞ്ചുറികളുമായി തിളങ്ങിയ ഇഷാൻ കിഷനും സൂര്യകുമാർ യാദവുമാണ് മുംബൈയ്ക്ക് മികച്ച വിജയമൊരുക്കിയത്. 40 റൺസെടുത്ത ഡി കോക്കും 14 പന്തുകളിൽ നിന്നും 37 റൺസെടുത്ത ഹാർദിക് പാണ്ഡ്യയും മികച്ച പിന്തുണ നൽകി. കിഷൻ 55 റൺസും പാണ്ഡ്യ 37 റൺസും നേടി പുറത്താവാതെ നിന്നു. അവസാന ഓവറുകളിൽ അസാമാന്യമായ പ്രകടനമാണ് ഹാർദിക്കും കിഷനും പുറത്തെടുത്തത്. മുംബൈ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 200 റൺസാണ് ആദ്യബാറ്റിങിൽ നേടിയത്. ഡൽഹിയ്ക്ക് വേണ്ടി അശ്വിൻ മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ നോർജ്, സ്‌റ്റോയിനിസ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

201 റൺസ് വിജയത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയെ ആദ്യ ഓവറിൽ തന്നെ ട്രെന്റ് ബോൾട്ട് ഞെട്ടിപ്പിച്ചു. ആദ്യ ഓവറിലെ രണ്ടാം പന്തിൽ ഓപ്പണർ പൃഥ്വി ഷായെ മടക്കിയ ബോൾട്ട് അഞ്ചാം പന്തിൽ രഹാനെയെയും മടക്കി. തൊട്ടടുത്ത ഓവറിൽ ധവാനെ സംപൂജ്യനാക്കി ബൂംറ ഡൽഹിയുടെ മൂന്നാം വിക്കറ്റെടുത്തു. ധവാൻ പുറത്താകുമ്പോഴും അക്കൗണ്ട് തുറക്കാത്ത ഡൽഹി പൂജ്യം റൺസിന് മൂന്നുവിക്കറ്റ് എന്ന ദയനീയമായ അവസ്ഥയിലായിരുന്നു.

പിന്നീട് ഒത്തുചേർന്ന ക്യാപ്റ്റൻ ശ്രേയസ് അയ്യരും സ്റ്റോയിനിസും സ്‌കോർ പതിയെ ചലിപ്പിച്ചു. എന്നാൽ 20 റൺസിലെത്തിനിൽക്കെ അയ്യരെ പുറത്താക്കി ഡൽഹിയുടെ നാലാം വിക്കറ്റ് ബൂംറ അങ്ങെടുത്തു. പിന്നീട് ശ്രേയസ്സിന് പകരം പന്ത് ക്രീസിലെത്തി. എങ്കിലും കാര്യമായി ഒന്നും സംഭാവന ചെയ്യാൻ പന്തിനുമായില്ല.

പവർപ്ലേയിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 32 റൺസാണ് ഡൽഹി നേടിയത്. 41ൽ ടീം സ്‌കോർ എത്തിനിൽക്കെ എട്ടുപന്തുകളിൽ നിന്നും മൂന്നുറൺസെടുത്ത ഋഷഭ് പന്തിനെ പുറത്താക്കി ക്രുനാൽ പാണ്ഡ്യ ഡൽഹിയുടെ അഞ്ചാം വിക്കറ്റ് വീഴ്ത്തി. പിന്നീട് അർധ സെഞ്ച്വറി നേടിയ സ്‌റ്റോയിനിസിന്റെ ബാറ്റിങ് മികവാണ് സ്‌കോർ 50 കടത്താൻ ഡൽഹിയെ സഹായിച്ചത്. പന്തിനുശേഷം ക്രീസിലെത്തിയ അക്ഷർ പട്ടേലിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ടും സ്റ്റോയിനിസ് പടുത്തുയർത്തിയെങ്കിലും തോൽവിയായിരുന്നു ടീമിനെ കാത്തിരുന്നത്.

മുംബൈയ്ക്ക് വേണ്ടി ബൂംറ നാലോവറിൽ വെറും 14 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റുകൾ എറിഞ്ഞിട്ടു. കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനവും ഐപിഎല്ലിലെ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച പ്രകടനവുമാണ് ഇന്ന് ബൂംറ കാഴ്ചവെച്ചത്. ട്രെന്റ് ബോൾട്ടിന് രണ്ടുവിക്കറ്റും പൊള്ളാർഡ്, ക്രുനാൽ എന്നിവർക്ക് ഓരോ വിക്കറ്റ് വീതവും ലഭിച്ചു.

Exit mobile version