പഞ്ചാബിന്റെ പ്ലേഓഫ് സ്വപ്‌നങ്ങളെയും തകർത്ത് ചെന്നൈ; വിജയത്തോടെ തല ഉയർത്തി സൂപ്പർ കിങ്‌സിന് മടക്കം

അബുദാബി: ഐപിഎല്ലിലെ ഞായറാഴ്ചയിലെ ആദ്യ മത്സരത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബിന്റൈ ജയിച്ചാൽ പ്ലേഓഫ് സാധ്യതയെന്ന സ്വപ്നത്തെ ചവിട്ടിമെതിച്ച് ചെന്നൈ സൂപ്പർ കിങ്‌സിന് വിജയം. ഒമ്പതു വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് കിങ്‌സ് ഇലവനെതിരെ ചെന്നൈ നേടിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയർത്തിയ 154 റൺസ് വിജയലക്ഷ്യം 18.5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ചെന്നൈ മറികടന്നു. അതേസമയം, മുഴുവൻ മത്സരങ്ങളും പൂർത്തിയാക്കിയ പഞ്ചാബ് 12 പോയന്റ് മാത്രം നേടിയാണ് പ്ലേഓഫ് സാധ്യത ഏറെക്കുറെ അവസാനിപ്പിച്ചിരിക്കുന്നത്.

ചെന്നൈ ആകട്ടെ നേരത്തെ, ബാംഗ്ലൂർ, കൊൽക്കത്ത എന്നീ ടീമുകൾക്കെതിരെ തുടർവിജയങ്ങൾ നേടിയെത്തിയാണ് ഒടുവിൽ പഞ്ചാബിനേയും തോൽപ്പിച്ചിരിക്കുന്നത്. ഈ മൂന്ന് ടീമുകളുടേയും പ്ലേഓഫ് സ്വപ്‌നങ്ങൾ ചെന്നൈയ്ക്ക് മുന്നിൽ തകർന്നടിയുകയായിരുന്നു. അതേസമയം, ഈ ഐപിഎൽ സീസണിൽ ആദ്യം തന്നെ പുറത്തായ ചെന്നൈയ്ക്ക് തുടർവിജയത്തോടെ നാട്ടിലേക്ക് മടങ്ങാനുമായി.

അർധ സെഞ്ച്വറി നേടിയ ഓപ്പണർ റുതുരാജ് ഗെയ്ക്‌വാദാണ് ചെന്നൈക്കായി തിളങ്ങിയത്. 49 പന്തുകൾ നേരിട്ട റുതുരാജ് ഒരു സിക്‌സും ആറു ഫോറുമടക്കം 62 റൺസോടെ പുറത്താകാതെ നിന്നു. 154 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ സൂപ്പർ കിങ്‌സിനായി ഓപ്പണർമാരായ ഫാഫ് ഡുപ്ലെസിയും റുതുരാജ് ഗെയ്ക്‌വാദും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. പഞ്ചാബ് ബൗളർമാരെ മാറ്റി മാറ്റിപരീക്ഷിച്ചെങ്കിലും ചെന്നൈയുടെ വിക്കറ്റുകൾ വീഴ്ത്താനായില്ല.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് പഞ്ചാബ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 153 റൺസെടുത്തത്. മികച്ച തുടക്കം മുതലാക്കാൻ പഞ്ചാബ് മധ്യനിരയ്ക്ക് സാധിക്കാതെ പോയതാണ് പഞ്ചാബിന് വലിയ സ്‌കോറിൽ എത്തിക്കാതിരുന്നത്. 30 പന്തുകളിൽ നിന്നും 62 റൺസെടുത്ത ദീപക് ഹൂഡയുടെ തകർപ്പൻ വെടിക്കെട്ടിലാണ് പൊരുതാവുന്ന സ്‌കോർ പടുത്തുയർത്തിയത്. പഞ്ചാബിനായി കെഎൽ രാഹുൽ 29ഉം മായങ്ക് അഗർവാൾ 26ഉം റൺസെടുത്തു. ക്രിസ് ഗെയിൽ 12 റൺസെടുത്ത് പുറത്തായി. ചെന്നൈക്കായി 39 റൺസ് വഴങ്ങി ലുൻഗി എൻഗിഡി മൂന്നുവിക്കറ്റ് വീഴ്ത്തി. ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Exit mobile version