ടെസ്റ്റ് പ്ലെയർ എന്ന് നെറ്റി ചുളിച്ചവർക്ക് ബാറ്റുകൊണ്ട് മറുപടി; 10 കളിയിൽ പുറത്തിരുന്ന് അവനെത്തി; ഡൽഹിയുടെ കാര്യം സാഹ!

ദുബായ്: ഈ ഐപിഎൽ സീസണിൽ തന്നെ ആകെ കളിച്ചത് രണ്ട് മത്സരങ്ങൾ മാത്രം, തുടർച്ചയായ ഒമ്പത് മത്സരങ്ങളിൽ പുറത്തിരുത്തി. ഒടുവിൽ നിർണായക മത്സരത്തിൽ കളത്തിലിറങ്ങിയപ്പോൾ ആരാധകർക്ക് സംശയം മാത്രം; ഈ ടെസ്റ്റ് കളിക്കുന്ന താരത്തിനെ കൊണ്ട് ഉപകാരമുണ്ടാകുമോ എന്ന്. ഒടുവിൽ എല്ലാ സംശയങ്ങൾക്കും ബാറ്റ് കൊണ്ട് മറുപടി നൽകി വൃദ്ധിമാൻ സാഹയെന്ന പ്രതിഭ യുഎഇയിലെ പുതിയ താരോദയമായി മാറി. 45 പന്തിൽ 12 ഫോറും രണ്ടു സിക്‌സും സഹിതം 87 റൺസാണ് സാഹയുടെ ബാറ്റിൽ നിന്നും പിറന്നത്.

സെഞ്ച്വറിയിലേക്ക് കുതിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഡൽഹി ക്യാപ്റ്റന് പിടികൊടുത്ത് സാഹ മടങ്ങുമ്പോൾ സഹതാരങ്ങൾക്ക് മാത്രമല്ല ആരാധകർക്കും അമ്പരപ്പ് വിട്ടുമാറിയിരുന്നില്ല. സീസണിന്റെ ആരംഭം മുതൽ ടീമിനൊപ്പം ഉണ്ടായിരുന്നിട്ടും 10 കളികളിലും പുറത്തിരുത്തി ഒടുവിൽ ടീം തോറ്റാൽ പ്ലേഓഫ് കാണാതെ പുറത്തിരിക്കുമെന്ന അവസ്ഥയിൽ മാത്രം അവസരം കൊടുത്തതിൽ നായകൻ വാർണർ പോലും സ്വയം പഴിച്ചിട്ടുണ്ടാകണം.

കഴിഞ്ഞദിവസം സൺറൈസേഴ്‌സ് ഹൈദരാബാദ് പട്ടികയിൽ മുന്നിലുള്ള ഡൽഹി ക്യാപിറ്റൽസിനെ 88 റൺസിന് തകർത്ത മത്സരത്തിലാണ് സാഹ വെടിക്കെട്ട് പ്രകടനം നടത്തിയത്. മോശം പ്രകടനങ്ങളുമായി ടീം പ്ലേ ഓഫ് കാണാതെ പുറത്താകുമെന്ന് ഉറപ്പായ ഘട്ടത്തിൽ മാത്രം അവസരം ലഭിച്ചിട്ടും, അതും മിന്നും താരം ബെയര്‍‌സ്റ്റോയ്ക്ക് പകരക്കാരനായി മാത്രം പരിഗണിച്ചിട്ടും മനംമടുക്കാതെ ക്രിക്കറ്റിന്റെ എല്ലാ സ്പിരിറ്റും ബാറ്റിങിൽ കാണിച്ച സാഹയെ അഭിനന്ദിച്ച് സാക്ഷാൽ സച്ചിൻ തെണ്ടുൽക്കർ പോലും രംഗത്തെത്തി.

സീസണിൽ ഇതിനു മുൻപ് ഒരേയൊരു കളിയിലാണ് സാഹയ്ക്ക് അവസരം ലഭിച്ചത്. അന്ന് മനീഷ് പാണ്ഡെ (51), ക്യാപ്റ്റൻ ഡേവിഡ് വാർണർ (30 പന്തിൽ 36) എന്നിവർക്കു പിന്നിൽ ടീമിനായി കൂടുതൽ റൺസ് നേടിയിട്ടും പിന്നീട് അവസരങ്ങളൊന്നും ലഭിച്ചില്ല.

സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാം സ്ഥാനത്തുള്ള ഡൽഹിയുടെ കഗീസോ റബാദയും സഹതാരം ആന്റിജ് നോർജെയും മത്സരിച്ചെറിഞ്ഞ പവർപ്ലേ ഓവറുകളിലും പതറാതെ ഡോവിഡ് വാർണർ-വൃദ്ധിമാൻ സാഹ സഖ്യം സെഞ്ചുറി കൂട്ടുകെട്ടും തീർത്തു. 52 പന്തിൽനിന്നാണ് സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയത്. നേരത്തെ, 28 പന്തിൽനിന്നാണ് ഇവരുടെ സഖ്യം അർധസെഞ്ചുറി കൂട്ടുകെട്ടിലേക്ക് എത്തിയത്. സാഹ-ഡേവിഡ് വാർണർ ഓപ്പണിങ് കൂട്ടുകെട്ട് ബാറ്റിങിന് ഇറങ്ങിയപ്പോൾ ആരാധകരും അമ്പരപ്പിലായിരുന്നു. എന്നാൽ, സാഹ എന്ന് പേരു കണ്ട് പുച്ഛിച്ചവരെല്ലാം അതിലേറെ ആരാധനയോടെ കണ്ടിരുന്നുപോയ ഇന്നിങ്‌സാണ് പിന്നീട് വരാനിരുന്നത്.

സെഞ്ച്വറി കൂട്ടുകെട്ട് തീർത്ത് വാർണർ മടങ്ങിയിട്ടും നിർത്താതെ തകർത്തടിച്ച സാഹ പിന്നീട് മനീഷ് പാണ്ഡെയെ കൂട്ടുപിടിച്ചായിരുന്നു മുന്നോട്ട് നീങ്ങിയത്. വാർണർ പുറത്തായ അതേ ഓവറിലെ അവസാന പന്ത് ബൗണ്ടറി കടത്തിയ സാഹ അർധസെഞ്ച്വറിയും പിന്നിട്ടു. 27 പന്തിൽനിന്ന് എട്ടു ഫോറുകളോടെയാണ് സാഹ 50 കടന്നത്.

പിന്നീട് തുഷാർ ദേശ്പാണ്ഡെ എറിഞ്ഞ 11-ാം ഓവറിൽ ഇരട്ടഫോർ, അക്‌സർ പട്ടേൽ എറിഞ്ഞ 12-ാം ഓവറിൽ സിക്‌സും ഫോറും, റബാദ എറിഞ്ഞ 13-ാം ഓവറിൽ വീണ്ടും സിക്‌സും ഫോറും, സ്റ്റോയ്‌സിന്റെ 14-ാം ഓവറിൽ ഫോർ… ആൻറിച് നോർജെ എറിഞ്ഞ 15-ാം ഓവറിലെ രണ്ടാം പന്തിലും ഫോർ നേടിയ സാഹ തൊട്ടടുത്ത പന്തിൽ നോർജയെ അതിർത്തി കടത്താനുള്ള ശ്രമത്തിനിടെ മിഡ് ഓഫിൽ ഡൽഹി ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ കൈകളിൽ അവസാനിക്കുകയായിരുന്നു. 45 പന്തിൽ 12 ഫോറും രണ്ടു സിക്‌സും സഹിതം 87 റൺസുമായി സാഹ മടങ്ങി.

Exit mobile version