പന്ത് ടെസ്റ്റ് കളിക്കും സഞ്ജു ട്വന്റിയും; സൂര്യകുമാറില്ല, പരിക്കിന്റെ പേരിൽ രോഹിത്തും പുറത്ത്; മായങ്കിന് ഇടം നൽകിയതെന്തിന് എന്ന് ഗവാസ്‌കർ

ദുബായ്: കൊവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ക്രിക്കറ്റ് ആരവങ്ങൾ വീണ്ടും സജീവമാകുന്നു. ഓസ്‌ട്രേലിയൻ പര്യടനത്തിന് ഇന്ത്യൻ ടീമിന് അനുമതി ലഭിച്ചതോടെ ടീമംഗങ്ങളെ പ്രഖ്യാപിച്ച് സെലക്ടർമാർ. കഴിഞ്ഞദിവസം രാത്രിയോടെ പ്രഖ്യാപിച്ച ജംബോ ടീമിനെ ചൊല്ലി വിവാദങ്ങളും ആരോപങ്ങളും ഇതിനോടകം ഉയർന്നു കഴിഞ്ഞു.

ടെസ്റ്റ്-ഏകദിന-ട്വന്റി20 ടീമുകളെയാണ് സുനിൽ ജോഷിയുടെ നേതൃത്വത്തിലെ സെലക്ടർമാർ പ്രഖ്യാപിച്ചത്. മൂന്ന് ഫോർമാറ്റിലും നായകനായി വിരാട് കോഹ്‌ലിയെ തന്നെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അജിൻക്യ രഹാനെയാണ് ടെസ്റ്റ് ടീമിന്റെ ഉപനായകൻ. ട്വന്റി20 ഏകദിന ടീമുകളുടെ ഉപനായകൻ കെഎൽ രാഹുലാണ്. രോഹിത്ത് ശർമ്മ, ഇഷാന്ത് ശർമ്മ എന്നിവരെ പരിക്കിന്റെ പേരിൽ പുറത്തിരുത്തി. ഇവരുടെ ചികിത്സാ പുരോഗതി ബിസിസിഐയുടെ മെഡിക്കൽ ടീം പരിശോധിക്കുമെന്നാണ് അറിയിപ്പ്.

അതേസമയം, ഫിറ്റ്‌നസിന്റെ കാര്യത്തിൽ സംശയമുയർന്നതിന്റെ പേരിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് പകരം മലയാളി താരം സഞ്ജു സാംസൺ ട്വന്റി20 ടീമിലിടം പിടിച്ചു. എങ്കിലും ടെസ്റ്റ് ടീമിൽ പന്തിന് അവസരം നൽകിയിട്ടുണ്ട്. ടീമിലെത്തി ചേരുമെന്ന് ഉറപ്പിച്ച മുംബൈ ഇന്ത്യൻസിന്റെ സൂര്യകുമാർ യാദവിന് അവസരം ലഭിച്ചിക്കാത്തതും ശ്രദ്ധേയമായി.

കൊവിഡിന്റെ പശ്ചാത്തലത്തിൽ നാല് അധിക ബോളർമാരെ കൂടി ടീമിൽ ഉൾപ്പെടുത്തി. കംലേഷ് നാഗർകോട്ടി, കാർത്തിക് ത്യാഗി, ഇഷാൻ പോറൽ, ടി നടരാജൻ എന്നീ ബൗളർമാരെയാണ് അധികമായി ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ടെസ്റ്റ് ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, പൃഥ്വി ഷാ, കെഎൽ രാഹുൽ, ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), ഹനുമ വിഹാരി, ശുഭ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, നവ്ദീപ് സെയ്‌നി, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, മുഹമ്മദ് സിറാജ്

ഏകദിന ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, ശുഭ്മാൻ ഗിൽ, കെഎൽ രാഹുൽ (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, മായങ്ക് അഗർവാൾ, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചെഹൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, നവ്ദീപ് സെയ്‌നി, ഷാർദുൽ താക്കൂർ

ട്വന്റി ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, മായങ്ക് അഗർവാൾ, കെഎൽ രാഹുൽ (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, വാഷിങ്ടൻ സുന്ദർ, യുസ്‌വേന്ദ്ര ചെഹൽ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, നവ്ദീപ് സെയ്‌നി, ദീപക് ചാഹർ, വരുൺ ചക്രവർത്തി

ഐപിഎല്ലിന് ശേഷം നവംബറിലാണ് ഓസ്‌ട്രേലിയയിൽ പരമ്പര ആരംഭിക്കുക. ഇന്ത്യയുടെ പര്യടനത്തിൽ മൂന്ന് ട്വന്റി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് ഉള്ളത്. സെലക്ടർമാർ വിഡിയോ കോൺഫറൻസ് വഴി യോഗം ചേർന്നാണ് ടീമിനെ തെരഞ്ഞെടുത്തത്. മത്സരക്രമവും വേദികളും ബിസിസിഐയോ ക്രിക്കറ്റ് ഓസ്‌ട്രേലിയയോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഐപിഎൽ കഴിഞ്ഞാൽ ഇന്ത്യൻ ടീം ദുബായിൽനിന്ന് വിമാനമാർഗം സിഡ്‌നിയിലേക്ക് പോകുമെന്നാണ് നിലവിലെ ധാരണ.

അതേസമയം, അമിതവണ്ണം മൂലം ടീമിലേക്ക് പരിഗണിക്കില്ലെന്ന് റിപ്പോർട്ടുണ്ടായിരുന്ന വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ ടെസ്റ്റ് ടീമിൽ ഇടം നൽകിയതും ഗുരുതരമാണോ പരിക്കെന്ന് ഇനിയും ഉറപ്പില്ലാത്ത രോഹിത്ത് ശർമ്മയെ പുറത്താക്കിയതും ഉൾപ്പടെയുള്ള സെലക്ടർമാരുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ക്രിക്കറ്റ് ലോകം രംഗത്തെത്തിയിരിക്കുകയാണ്. സെലക്ടർമാർ രാഷ്ട്രീയം കളിക്കുകയാണെന്നും ഇവർ ആരോപിക്കുന്നു.

ഓപ്പണറായ മായങ്ക് അഗർവാളിനെ പരിക്ക് മൂലം കഴിഞ്ഞമത്സരങ്ങളിൽ പഞ്ചാബ് പുറത്തിരുത്തിയിരിക്കുകയാണ് എന്നിട്ടും സെലക്ടർമാർ അവസരം നൽകി. പക്ഷെ, സമാനമായി കളത്തിലിറങ്ങാത്ത രോഹിത്തിന് അവസരവും നൽകിയിട്ടില്ല. രോഹിത്തിന് വേണ്ടി സോഷ്യൽമീഡിയ മുറവിളി കൂട്ടുന്നതിനിടെ ബിസിസിഐ ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് കമന്റേറ്റർ കൂടിയായ സുനിൽ ഗവാസ്‌കറും രംഗത്തെത്തി.

Exit mobile version