തകർത്തടിച്ച് സ്‌റ്റോക്‌സും സഞ്ജുവും; മുംബൈ ഇന്ത്യൻസിനെ എട്ട് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ

അബുദാബി: ഞായറാഴ്ച നടന്ന രണ്ടാം ഐപിഎൽ മത്സരത്തിൽ തുടർവിജയത്തിന് ഇറങ്ങിയ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. എട്ടു വിക്കറ്റിനാണ് മുംബൈയെ രാജസ്ഥാൻ മുട്ടുകുത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയർത്തിയ 196 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 2 വിക്കറ്റ് നഷ്ടത്തിൽ 10 പന്ത് ബാക്കി നിൽക്കെ വിജയം കൊയ്യുകയായിരുന്നു.

സഞ്ജു സാംസൺ-ബെൻ സ്‌റ്റോക്‌സ് കൂട്ടുകെട്ടാണ് രാജസ്ഥാന് തകർപ്പൻ ജയം സമ്മാനിച്ചത്. 10 പന്തുകൾ ബാക്കിനിൽക്കെ രാജസ്ഥാൻ വിജയത്തിലെത്തി. സെഞ്ചുറി നേടിയ ബെൻ സ്റ്റോക്ക്‌സ് 60 പന്തുകൾ നേരിട്ട് മൂന്ന് സിക്‌സും 14 ഫോറുമടക്കം 107 റൺസോടെ പുറത്താകാതെ നിന്നു. അർധ സെഞ്ചുറി നേടിയ സഞ്ജു സാംസൺ 31 പന്തിൽ നിന്ന് മൂന്ന് സിക്‌സും നാലു ഫോറുമടക്കം 54 റൺസുമായി സ്റ്റോക്ക്‌സിന് ഉറച്ച പിന്തുണ നൽകി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 152 റൺസാണ് അടിച്ചുകൂട്ടിയത്.

ബൗളർമാരുടെ വൻനിരയെ ഇറക്കിയിട്ടും മുംബൈയ്ക്ക് രാജസ്ഥാനെ ഒതുക്കാൻ സാധിച്ചില്ല. റോബിൻ ഉത്തപ്പയേയും (13) ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെയും (11) രാജസ്ഥാന് നേരത്തെ നഷ്ടമായിരുന്നു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്കായി 21 പന്തിൽ നിന്ന് ഏഴു സിക്‌സും രണ്ടു ഫോറുമടക്കം 60 റൺസെടുത്ത് ഹാർദിക് പാണ്ഡ്യ തീപ്പൊരി പ്രകടനം കാഴ്ചവെച്ചതാണ് സ്‌കോർ 195ൽ എത്തിയത്. 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 195 റൺസെടുത്തത്.

അങ്കിത് രജ്പുത്തിന്റെ ഓവറിലും കാർത്തിക് ത്യാഗി എറിഞ്ഞ അവസാന ഓവറിലും ഹാർദിക് 27 റൺസെടുത്തു. ഇഷാൻ കിഷനും സൂര്യകുമാർ യാദവും ചേർന്ന് മുംബൈക്കായി പവർപ്ലേയിൽ 59 റൺസ് അടിച്ചുകൂട്ടിയതും മുംബൈ സ്‌കോർ ഉയർത്തി. രണ്ടാം വിക്കറ്റിൽ 83 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. പിന്നീട് അഞ്ചാം വിക്കറ്റിൽ ഒത്തു ചേർന്ന ഹാർദിക് -സൗരഭ് തിവാരി സഖ്യം 64 റൺസ് മുംബൈ സ്‌കോറിലേക്ക് ചേർത്തു. 25 പന്തിൽ നിന്ന് ഒരു സിക്‌സും നാലു ഫോറുമടക്കം 34 റൺസെടുത്ത സൗരഭ് തിവാരി പുറത്തായ ശേഷമായിരുന്നു ഹാർദിക്കിന്റെ വെടിക്കെട്ട്.

Exit mobile version