രാജസ്ഥാന്റെ സെമി പ്രതീക്ഷകൾ തട്ടിയകറ്റി ഹൈദരാബാദ്; എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയം

ദുബായ്: ഐപിഎൽ പുതിയ സീസണിൽ തുടർച്ചയായി താളം കണ്ടെത്താനാകാതെ വലയുന്ന രാജസ്ഥാൻ റോയൽസിന് എട്ടിന്റെ പണി കൊടുത്ത് സൺറൈസേഴ്‌സ് ഹൈദരബാദ്. ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാൻ ഉയർത്തിയ 154 റൺസ് ഒരു വെല്ലുവിളി പോലുമാകാത്ത ഹൈദരാബാദ് 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു. മനീഷ് പാണ്ഡേയുടേയും വിജയ് ശങ്കറിന്റെയും ഇന്നിങ്‌സാണ് ഹൈദരബാദിന്റെ വിജയം വേഗത്തിലാക്കിയത്. അതേസമയം, തോൽവിയോടെ മുൻചാമ്പ്യന്മാരായ രാജസ്ഥന്റെ സെമിസാധ്യതകൾ ആശങ്കയിലായി.

തുടക്കം തകർച്ചയോടെയായിരുന്നെങ്കിലും ഹൈദരാബാദ് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടതോടെ പക്വമാർന്ന പ്രകടനം കാഴ്ചവെച്ചതാണ് വിജയത്തിലേക്ക് നയിച്ചത്. ഓപ്പണർമാരായ ഡേവിഡ് വാർണറും ജോണി ബെയർസ്‌റ്റോയും ജോഫ്ര ആർച്ചറുടെ പന്തുകളിൽ മടങ്ങിയെങ്കിലും പിന്നാലെയെത്തിയ മനീഷ് പാണ്ഡേ തകർപ്പൻ പ്രകടനം കാഴ്ചവെയ്ക്കുകയായിരുന്നു. പാണ്ഡേ 47 പന്തുകളിൽ 83 റൺസെടുത്തു. 51 പന്തിൽ 52 റൺസെടുത്ത ശങ്കർ പാണ്ഡേയ്ക്ക് മികച്ച പിന്തുണ നൽകിയതോടെ വിക്കറ്റുകൾ വീഴാതെ മത്സരം ഹൈദരാബാദിന്റേതാകുകയായിരുന്നു. നാലാംവിക്ക് കൂട്ടുകെട്ട് പടുത്തുയർത്തിയത് 140 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ട്.

ഈ മത്സരത്തോടെ എട്ട് പോയന്റുമായി സൺറൈസേഴ്‌സ് പോയന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി. പഞ്ചാബിനും ഒരു മത്സരം അധികം കളിച്ച രാജസ്ഥാനും എട്ട് പോയൻറുണ്ടെങ്കിലും റൺറേറ്റിൽ ഹൈദരാബാദാണ് മുമ്പിൽ. അതേസമയം, തോൽവിയോടെ രാജസ്ഥാൻ പുറത്താകുമെന്ന് ഏറെക്കുരെ ഉറപ്പിച്ചിരിക്കുകയാണ്. ശേഷിക്കുന്ന മൂന്നുമത്സരങ്ങൾ ജയിച്ചാലും മറ്റുള്ളവരുടെ ഫലംകൂടി പരിഗണിച്ചാകും സെമി സാധ്യതകൾ.

ആദ്യം ബാറ്റുചെയ്ത റോയൽസിനായി 32 പന്തുകളിൽ 30 റൺസെടുത്ത ബെൻ സ്‌റ്റോക്‌സ്, 26 പന്തിൽ നിന്നും 36 റൺസെടുത്ത സഞ്ജു സാംസൺ, 12 പന്തിൽ നിന്നും 20 റൺസെടുത്ത റിയാൻ പരാഗ് എന്നിവരാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ജേൺ ഹോൾഡർ ഹൈദരാബാദിനായി മൂന്നുവിക്കറ്റ് വീഴ്ത്തി.

Exit mobile version