ത്രസിപ്പിച്ച് ‘സൂപ്പർ’ സൺഡേ! രണ്ട് മത്സരത്തിൽ മൂന്ന് സൂപ്പർ ഓവറുകൾ! ഒടുവിൽ കിങ്‌സ് തങ്ങളെന്ന് തെളിയിച്ച് പഞ്ചാബ്; മുംബൈയ്ക്ക് ജയത്തിന്റെ വക്കിൽ തോൽവി

ദുബായ്: ഐപിഎല്ലിൽ ഇന്നു നടന്ന രണ്ടാമത്തെ മത്സരവും സൂപ്പർ ഓവറിലേക്ക് നീങ്ങിയതിന്റെ ആവേശക്കൊടുമുടിയിലാണ് ആരാധകർ. രണ്ടാമത്തെ മത്സരത്തിൽ രണ്ടാമത്തെ സൂപ്പർ ഓവറിൽ തുടർച്ചയായി സിക്‌സും ഫോറും പറത്തി പഞ്ചാബിന് ത്രില്ലർ കില്ലർ വിജയം. ഞായറാഴ്ചയിലെ രണ്ടാം ഐപിഎൽ മത്സരത്തിൽ ഒന്നല്ല, രണ്ട് സൂപ്പർ ഓവറുകൾ ഒരുമിച്ച കണ്ടതോടെ ഐപിഎൽ ചരിത്രത്തിലെ തന്നെ സൂപ്പർ മത്സരമായി മുംബൈ ഇന്ത്യൻസ്-കിങ്‌സ് ഇലവൻ പഞ്ചാബ് മത്സരം മാറിയെന്ന് ക്രിക്കറ്റ് ആരാധകർക്ക് നിസ്സംശയം പറയാം.

176 റൺസ് വീതമെടുത്ത് 20 ഓവർ തികച്ച മുംബൈയും പഞ്ചാബും ആദ്യത്തെ സൂപ്പർ ഓവറിൽ അഞ്ച് റൺസ് വീതമെടുത്തും സമനില പാലിച്ചതോടെയാണ് വിജയിയെ നിശ്ചയിക്കാനായി മറ്റൊരു സൂപ്പർ ഓവറിലേക്ക് കൂടി മത്സരം കടന്നത്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത് രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി പഞ്ചാബ് 5 റൺസെടുത്തപ്പോൾ മറുപടിയായി മുംബൈയും 5 റൺസെടുത്തു. വിക്കറ്റ് നഷ്ടം ഒന്നുമാത്രമായിരുന്നു എന്നതൊഴികെ വ്യത്യാസം പുലർത്തിയില്ല.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ക്വിന്റണ്‍ ഡിക്കോക്കുമാണ് മുംബൈക്കായി ആദ്യ സൂപ്പര്‍ ഓവറില്‍ ബാറ്റിങ്ങിനിറങ്ങിയത്. ആദ്യ സൂപ്പര്‍ ഓവറില്‍ പന്തെറിഞ്ഞ ബൂമ്ര വെറും അഞ്ചു റണ്‍സ് മാത്രമാണ് വഴങ്ങിയത്. പഞ്ചാബിനായി ആദ്യ സൂപ്പര്‍ ഓവര്‍ എറിഞ്ഞ ഷമി മുംബൈ ബാറ്റ്‌സ്മാന്‍മാരെ അഞ്ചു റണ്‍സില്‍ തന്നെ ഒതുക്കി.

രണ്ടാം സൂപ്പർ ഓവറിൽ നാടകീയതയുടെ അരങ്ങേറ്റമായിരുന്നു. ഒരു റൺഔട്ടും ഡിആർഎസും സൂപ്പർ സേവും പിറന്ന സൂപ്പർ ഓവർ അങ്ങേയറ്റം ത്രസിപ്പിച്ചു. ആദ്യം ബാറ്റ് ചെയ്തത് മുംബൈയ്ക്കായി തകർത്തടിക്കാനായി പൊള്ളാർഡിനേയും ഹാർദ്ദിക് പാണ്ഡ്യയേയും പറഞ്ഞുവിട്ട നായകൻ രോഹിത് ശർമ്മയുടെ പ്രതീക്ഷ പൊള്ളാർഡ് തെറ്റിച്ചില്ലെങ്കിലും ഹാർദ്ദിക് പാണ്ഡ്യ ഒരു റണ്ണെടുത്ത് മടങ്ങിയത് നിരാശ ഉയർത്തി. പാണ്ഡ്യ റണ്ണൗട്ടായതോടെ സൂര്യകുമാര്‍ യാദവും ഇറങ്ങി. അടിക്കാനായി ഇറങ്ങിത്തിരിച്ച കീരൻ പൊള്ളാർഡിന്റെ(8) ബാറ്റിൽ നിന്നും ഒരു ഫോർ ഉൾപ്പടെ പിറന്നതോടെ മുംബൈ, പഞ്ചാബിന് എതിരെ 12 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി. ഡിആർഎസിലൂടെ ജീവൻ കിട്ടിയ പൊള്ളാർഡ് അടിച്ച് പറത്തിയ പന്ത് ബൗണ്ടറി ലൈനിൽ നിന്നും പറന്ന് പിടിച്ച് മായങ്ക് അഗർവാൾ സൂപ്പർ സേവ് ചെയ്തതും അവിസ്മരണീയ മുഹൂർത്തമായി. ക്രിസ് ജോർദ്ദാന്റെയായിരുന്നു ഓവർ.

രണ്ടാം ബാറ്റിങിന് ക്രിസ് ഗെയിലിനേയും മായങ്കിനേയും പറഞ്ഞുവിട്ട നായകൻ രാഹുലിന്റെ പ്രതീക്ഷകൾ തെറ്റിയില്ല. ആദ്യ പന്ത് തന്നെ സികസറടിച്ച് ഗെയ്‌ലാട്ടം കൊണ്ടുതന്നെ തുടങ്ങിയ ക്രിസ് ഗെയ്ൽ പഞ്ചാബിന്റെ വിജയം എളുപ്പമാക്കി. മായങ്ക് തുടർച്ചയായി രണ്ട് പന്തുകൾ ബൗണ്ടറി കടത്തി കൂട്ടു നിന്നതോടെ 12 റൺസെന്നത് അനായാസമായി പഞ്ചാബ് മറികടന്നു. 2 പന്ത് ബാക്കി നിൽക്കെ 15 റൺസാണ് വിക്കറ്റ് നഷ്ടമില്ലാതെ പഞ്ചാബ് ട്രെന്റ് ബോൾട്ട് എറിഞ്ഞ സൂപ്പർ ഓവറിൽ നേടിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങിൽ പഞ്ചാബും ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 176 റൺസ് തന്നെ നേടുകയായിരുന്നു. ആദ്യം നടന്ന കൊൽക്കത്ത-ഹൈദരാബാദ് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങുകയും കൊൽക്കത്ത വിജയെ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
പഞ്ചാബ് നിരയിൽ നായകൻ കെഎൽ രാഹുലാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. 51 പന്തിൽ 77 റൺസെടുത്ത് പഞ്ചാബ് സ്‌കോറിന്റെ കാതലായി താരത്തിന്റെ ഇന്നിങ്‌സ്. ക്രിസ് ഗെയിൽ(24), നിക്കോളാസ് പൂരാൻ (24), ദീപക് ഹൂഡ(23) എന്നിവരാണ് മറ്റ് രണ്ടക്കം കടന്നവരിൽ മികച്ചുനിന്ന താരങ്ങൾ. ഓപ്പണർ മായങ്ക് അഗർവാൾ 11 റൺസെടുത്ത് മടങ്ങി.

24 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ജസ്പ്രീത് ബൂമ്രയും 2 വിക്കറ്റെടുത്ത രാഹുൽ ചഹാറുമാണ് മുംബൈയ്ക്കായി മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ചത്.

ടോസ് നേട് ബാറ്റിങിന് ഇറങ്ങിയ മുംബൈയുടെ ബാറ്റിങ് നിരയും അവിശ്വസനീയമായ പ്രകടനമൊന്നും കാഴ്ചവെച്ചില്ല. അർധ സെഞ്ചുറി നേടിയ ഓപ്പണർ ക്വിന്റൺ ഡിക്കോക്കാണ് മുംബൈ നിരയിലെ ടോപ് സ്‌കോറർ പദവി അലങ്കരിച്ചത്. 43 പന്തുകൾ നേരിട്ട ഡിക്കോക്ക് മൂന്ന് വീതം സിക്‌സും ഫോറുമടക്കം 53 റൺസെടുത്തു. ടോസ് നേടി ബാറ്റിങ് ആരംഭിച്ച മുംബൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. പവർപ്ലേ ഓവറുകൾക്കുള്ളിൽ രോഹിത് ശർമ (9), സൂര്യകുമാർ യാദവ് (0), ഇഷാൻ കിഷൻ (7) എന്നിവരുടെ വിക്കറ്റുകൾ മുംബൈക്ക് നഷ്ടമായി.

ക്വിന്റൺ ഡിക്കോക്ക് – ക്രുണാൽ പാണ്ഡ്യ സഖ്യം നാലാം വിക്കറ്റിൽ 58 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 30 പന്തിൽ നിന്ന് ഒരു സിക്‌സും നാലു ഫോറുമടക്കം 34 റൺസെടുത്ത ക്രുണാലിനെ പുറത്താക്കി രവി ബിഷ്‌ണോയിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് അവസാന ഓവറുകളിൽ തകർത്തടിച്ച കിറോൺ പൊളളാർഡും നഥാൻ കോൾട്ടർനെയ്‌ലും ചേർന്നാണ് മുംബൈയെ 176ൽ എത്തിച്ചത്. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് വെറും 21 പന്തിൽ നിന്ന് 57 റൺസാണ് അടിച്ചെടുത്തു.

പൊള്ളാർഡ് 12 പന്തിൽ നിന്ന് നാലു സിക്‌സറുകളടക്കം 34 റൺസെടുത്തു. കോൾട്ടർനെയ്ൽ 12 പന്തിൽ നിന്ന് നാലു ഫോറടക്കം 24 റൺസുമെടുത്തു. പഞ്ചാബിനായി അർഷ്ദീപ്, മുഹമ്മദ് ഷമി എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Exit mobile version