ഡൽഹിയുടെ തുടർവിജയത്തിന് നിന്നുകൊടുത്ത് ചെന്നൈ; അടിച്ചൂകൂട്ടി ക്ലാസായി ധവാൻ

ഷാർജ: വീണ്ടും തോൽക്കാൻ ചെന്നൈ സൂപ്പർ കിംഗ്‌സ് തീരുമാനിച്ചപ്പോൾ തകർപ്പൻ ജയവുമായി കളംവിട്ട് ഡൽഹി ക്യാപിറ്റൽസ്. റൺസൊഴുകുന്ന ഷാർജയിലെ പിച്ചിൽ ശിഖർ ധവാൻ രാജകുമാരനായി വാണതോടെ ഡൽഹി ക്യാപിറ്റൽസിന് മിന്നും ജയം. തകർപ്പൻ സെഞ്ച്വറി നേടിയ ധവാന്റെ ബാറ്റിങ് വെടിക്കെട്ടാണ് ഡൽഹിക്ക് അഞ്ച് വിക്കറ്റ് ജയം സമ്മാനിച്ചത്. 58 പന്തിൽ 101 റൺസെടുത്ത ധവാനൊപ്പം അവസാന ഓവറിൽ മൂന്ന് സിക്‌സ് അടക്കം 21 റൺസ് നേടിയ അക്‌സർ പട്ടേലും ഡൽഹിയുടെ വിജയത്തിൽ പങ്കാളിയായി.

ടോസ് നേടി പതിയെയായിരുന്നു സ്‌കോറിങ് എങ്കിലും ചെന്നൈ അവസാന ഓവറുകളിൽ മോശമല്ലാത്ത ബാറ്റിങ് കാഴ്ചവെച്ച് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്തു.

മത്സരത്തിന്റെ മൂന്നാം പന്തിൽ തന്നെ ഓപ്പണർ സാം കറനെ (0) നഷ്ടമായ ശേഷം ക്രീസിൽ ഒന്നിച്ച ഫാഫ് ഡുപ്ലെസി-ഷെയ്ൻ വാട്ട്‌സൺ സഖ്യവും അമ്പാട്ടി റായുഡു രവീന്ദ്ര ജഡേജ സഖ്യവുമാണ് ചെന്നൈയ്ക്ക് മാന്യമായ സ്‌കോർ സമ്മാനിച്ചത്.

രണ്ടാം വിക്കറ്റിൽ 87 റൺസാണ് ഡുപ്ലെസി വാട്ട്‌സൺ സഖ്യം കൂട്ടിച്ചേർത്തത്. 28 പന്തിൽ ആറ് ബൗണ്ടറികളോടെ 36 റൺസെടുത്ത വാട്ട്‌സണെ പുറത്താക്കി നോർത്യ കൂട്ടുകെട്ട് പൊളിച്ചു. ഡുപ്ലെസി പുറത്തായ ശേഷം തകർത്തടിച്ച അമ്പാട്ടി റായുഡുവാണ് ചെന്നൈ സ്‌കോർ 150 കടത്തിയത്. 25 പന്തുകൾ നേരിട്ട റായുഡു നാലു സിക്‌സും ഒരു ഫോറുമടക്കം 45 റൺസോടെ പുറത്താകാതെ നിന്നു. ജഡേജ 13 പന്തുകളിൽ നിന്ന് നാല് സിക്‌സറുകളടക്കം 33 റൺസെടുത്തു. ഇതിനിടെ കളത്തിലിറങ്ങിയ നായകൻ ധോണി മൂന്ന് റൺസെടുത്ത് പുറത്തായി. ഡൽഹിക്കായി നോർത്യ രണ്ടു വിക്കറ്റ് വീഴ്ത്തി.

Exit mobile version