ദുബായ്: ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് രാജസ്ഥാൻ റോയൽസിന് എതിരെ ഭേദപ്പെട്ട സ്‌കോർ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തു. മറുപടി ബാറ്റിങിന് ഇറങ്ങിയ രാജസ്ഥാനും മോശം തുടക്കമാണ് ലഭിച്ചത്. 4.1 ഓവറുകള്‍ക്കുള്ളില്‍ ബെന്‍ സ്‌റ്റോക്ക്‌സ് (5), സ്റ്റീവ് സ്മിത്ത് (5), ജോസ് ബട്ട്‌ലര്‍ (16) എന്നിവരുടെ വിക്കറ്റുകള്‍ രാജസ്ഥാന് നഷ്ടമായി. സ്മിത്ത് റണ്ണൗട്ടായപ്പോള്‍ മറ്റ് രണ്ടു വിക്കറ്റുകള്‍ ഖലീല്‍ അഹമ്മദ് വീഴ്ത്തി.

നേരത്തെ, അർധ സെഞ്ചുറി നേടിയ മനീഷ് പാണ്ഡെയും 48 റൺസെടുത്ത ക്യാപ്റ്റൻ ഡേവിഡ് വാർണറുമാണ് ഹൈദരാബാദിന്റെ പൊരുതാവുന്ന സ്‌കോറിനായി ബാറ്റേന്തിയത്. രണ്ടാം വിക്കറ്റിൽ ഇരുവരും 73 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

40 പന്തിൽ നിന്ന് അർധ സെഞ്ചുറി നേടിയ മനീഷ് പാണ്ഡെ 44 പന്തുകൾ നേരിട്ട് മൂന്നു സിക്‌സും രണ്ടു ഫോറുമടക്കം 54 റൺസെടുത്ത് പുറത്തായി. 38 പന്തുകൾ നേരിട്ട ക്യാപ്റ്റൻ ഡേവിഡ് വാർണർ രണ്ടു സിക്‌സും മൂന്നു ഫോറുമടക്കമാണ് 48 റൺസെടുത്തത്.

19 പന്തിൽ നിന്ന് 16 റൺസെടുത്ത ജോണി ബെയർസ്‌റ്റോയെ അഞ്ചാം ഓവറിൽ തന്നെ ഹൈദരാബാദിന് നഷ്ടമായതോടെ ടീം പ്രതിരോധിച്ച് മുന്നോട്ട് നീങ്ങുകയായിരുന്നു. തന്റെ 100ാം ഐ.പി.എൽ മത്സരം കളിക്കുന്ന മലയാളി താരം സഞ്ജു സാംസന്റെ മികച്ച ക്യാച്ചിലാണ് ബെയർസ്‌റ്റോ പുറത്തായത്.

പ്രിയം ഗാർഗ് 15 റൺസെടുത്താണ് പുറത്തായത്. വീണ്ടും നിരാശപ്പെടുത്തിയ കെയ്ൻ വില്യംസൺ 22 റൺസോടെ പുറത്താകാതെ നിന്നു. രാജസ്ഥാനായി ജോഫ്ര ആർച്ചർ, കാർത്തിക് ത്യാഗി, ഉനദ്കട്ട് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Exit mobile version