ഷാർജയിലും തകർന്ന് രാജസ്ഥാൻ, വീണ്ടും ജയിച്ചു ഡൽഹി

ഷാർജ: ഐപിഎല്ലില്‍ വിജയക്കുതിപ്പുമായി ഡൽഹി ക്യാപിറ്റൽസ്‌.രാജസ്ഥാന്‍ റോയല്‍സിനെ 46 റൺസിന് ഡൽഹി തോൽപ്പിച്ചു. ഇതു രാജസ്ഥാന്റെ തുടര്‍ച്ചയായ നാലാം തോല്‍വിയാണ്. ജയത്തോടെ മുംബൈയെ പിന്തള്ളി ഡല്‍ഹി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

ആദ്യം ബാറ്റ് ചെയ്ത് ഡല്‍ഹി നേടിയ 185 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്‍ 19.4 ഓവറില്‍ 138 റണ്‍സിന് ഓള്‍ഔട്ടായി.ഡൽഹിക്ക് മുന്നിൽ വിക്കറ്റ് വലിച്ചെറിഞ്ഞു രാജസ്ഥാൻ താരങ്ങൾ ഓരോരുത്തരായി മടങ്ങി. 38 റണ്‍സെടുത്ത രാഹുല്‍ തെവാതിയയാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. യുവതാരം യശ്വസി ജയ്സ്വാള്‍ 34 റണ്‍സെടുത്തു.

സഞ്ജു സാംസണ്‍ അടക്കമുള്ള ബാറ്റിംഗ് നിര ബാറ്റിങ് മറന്നു നിരാശപ്പെടുത്തി. സഞ്ജു 5, ബട്‌ലര്‍ 13, സ്മിത്ത് 24, മഹിപാല്‍ ലോംറോര്‍ 1, ആന്‍ഡ്രൂ ടൈ 6, ആര്‍ച്ചര്‍ 2 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ ബോർഡിലേക്കുള്ള സംഭാവന.

രാജസ്ഥാനെ എറിഞ്ഞിട്ട് ഡൽഹിക്കായി റബാദ മൂന്നും മാര്‍ക്കസ് സ്റ്റോയിനിസ്, ആര്‍ അശ്വിന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും നോര്‍ജെ, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് 184 റണ്‍സ് നേടിയത്. 24 ബോളില്‍ 45 റണ്‍സെടുത്ത ഷിമ്രോണ്‍ ഹെറ്റിമറാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.

Exit mobile version