മുംബൈയ്ക്ക് മുന്നിൽ തകർന്നടിഞ്ഞ് രാജസ്ഥാൻ പട; ഡക്ക് ആയി സഞ്ജു; വൻതോൽവി

അബുദാബി: മുംബൈ ഇന്ത്യൻസ് ഒരുക്കിയ റൺ മഴയിൽ തകർന്നു വീണു രാജസ്ഥാൻ റോയൽസ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും തിളങ്ങിയ മുംബൈക്ക് 57 റൺസിന്റെ ഗംഭീര വിജയം. 18.1ഓവറിൽ 136 റൺസെടുക്കാനെ രാജസ്ഥാനായുള്ളു. മുംബൈയ്ക്കായി 20 റൺസ് വഴങ്ങി നാല് വിക്കറ്റ് എടുത്ത ജസ്പ്രീത് ബുമ്രയാണ് രാജസ്ഥാന്റെ നട്ടെല്ലൊടിച്ചത്. പാറ്റിൻസണും ബോൾട്ടും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മുംബൈ ഇന്ത്യൻസിനെതിരേ 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 136 റൺസിൽ ഓൾ ഔട്ട്‌ ആവുകയായിരുന്നു. 44 പന്തിൽ 70 റൺസെടുത്ത ജോസ് ബട്ലർ മാത്രമാണ് രാജസ്ഥാൻ ബാറ്റിങ് നിരയിൽ പിടിച്ചു നിന്നത്. ബാറ്റിങിനിറങ്ങിയ നിമിഷം മുതൽ നിർഭാഗ്യം വേട്ടയാടിയ രാജസ്ഥാന്റെ മുൻനിര ബാറ്റ്‌സ്മാൻമാർ ഒന്നിനുപിറകെ ഒന്നായി മടങ്ങുകയായിരുന്നു. മൂന്ന് ഓവറിനുള്ളിൽ യശസ്വി ജയ്‌സ്വാൾ (0), ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (6), സഞ്ജു സാംസൺ (0) എന്നിവരുടെ വിക്കറ്റുകൾ രാജസ്ഥാന് നഷ്ടമായി. പിന്നീട് വന്ന ബട്ലർ അർദ്ധ സെഞ്ചുറി നേടി പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും നല്ല കൂട്ടുകെട്ട് ലഭിക്കാതെ പോയതാണ് തിരിച്ചടിയായത്. രാജസ്ഥാൻ നിരയിലെ ബാറ്റ്‌സ്മാന്മാരെല്ലാം പരാജയപ്പെട്ടതോടെ ബൗളിങ് നിരയിൽ നിന്നുള്ള ജോഫ്ര ആർച്ചറാണ് 11 പന്തിൽ നിന്നും 24 റൺസ് നേടി ബട്ലർക്ക് പിന്നിലായി മികച്ച സ്കോർ കണ്ടെത്തിയത്. വാലറ്റം പൂർണമായും തകരുകയും ചെയ്തു.

അതേസമയം, ടോസ് നേടി ആദ്യം ആദ്യം ബാറ്റ് ചെയ്ത മുബൈയ്ക്കാകട്ടെ മികച്ച ഫിനിഷിങ് ലഭിച്ചതാണ് കൂറ്റൻ സ്‌കോർ കണ്ടെത്താൻ കാരണമായത്. 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 193 റൺസാണ് മുംബൈ നേടിയത്. അർധ സെഞ്ചുറി നേടിയ സൂര്യകുമാർ യാദവാണ് മുംബൈക്കായി തിളങ്ങിയത്. 47 പന്തുകൾ നേരിട്ട താരം രണ്ടു സിക്‌സും 11 ഫോറുമടക്കം 79 റൺസോടെ പുറത്താകാതെ നിന്നു. സൂര്യകുമാർ-ഹാർദിക് പാണ്ഡ്യയും അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് 76 റൺസ് സമ്മാനിച്ച് മുംബൈ ഇന്നിങ്‌സിന്റെ നട്ടെല്ലായത്. 19 പന്തുകൾ നേരിട്ട ഹാർദ്ദിക് ഒരു സിക്‌സും രണ്ടു ഫോറുമടക്കം 30 റൺസെടുത്ത് പുറത്താകാതെ നിന്നു.

മുംബൈക്കായി ഓപ്പണർമാരായ ക്യാപ്റ്റൻ രോഹിത് ശർമ്മയും ക്വിന്റൺ ഡിക്കോക്കും മികച്ച തുടക്കമാണ് നൽകിയത്. 4.5 ഓവറിൽ 49 റൺസ് അടിച്ചെടുത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. ഡിക്കോക്കിനെ പുറത്താക്കി അരങ്ങേറ്റക്കാരൻ കാർത്തിക് ത്യാഗിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 15 പന്തിൽ ഒരു സിക്‌സും മൂന്നു ഫോറുമടക്കം ഡിക്കോക്ക് 23 റൺസെടുത്തു. പിന്നീട് തുടർച്ചയായ പന്തുകളിൽ രോഹിത്തിനെയും ഇഷാൻ കിഷനെയും മടക്കി ശ്രേയസ് ഗോപാൽ രാജസ്ഥാനായി പ്രതിരോധക്കോട്ട തീർത്തു. 23 പന്തിൽ മൂന്നു സിക്‌സും രണ്ടു ഫോറുമടക്കം 35 റൺസെടുത്ത് രോഹിത്തും, തൊട്ടടുത്ത പന്തിൽ വമ്പൻ ഷോട്ടിന് ശ്രമിച്ച ഇഷാൻ കിഷൻ സഞ്ജുവിന് പിടികൊടുത്തും മടങ്ങി. മുംബൈ ക്രുനാൽ പാണ്ഡ്യയെ ഇറക്കിയെങ്കിലും 17 പന്തിൽ നിന്ന് 12 റൺസെടുക്കാനേ ക്രുനാലിന് സാധിച്ചുള്ളൂ. രാജസ്ഥാനായി നാല് ഓവർ എറിഞ്ഞ ശ്രേയസ് ഗോപാൽ 28 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.

Exit mobile version