പത്ത് വിക്കറ്റ് വിജയത്തിന് പിന്നാലെ രാഹുലിനും മായങ്കിനും ‘ക്ലാസെടുത്ത്’ ധോണി; കുറച്ച് പഠിക്കാനുണ്ടെന്ന് പഞ്ചാബ്; മാസ്റ്റർ-ക്ലാസെന്ന് ചെന്നൈ

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗ് 13-ാം സീസണിലെ ആദ്യത്തെ പത്ത് വിക്കറ്റ് വിജയം സ്വന്തമാക്കിയ ധോണിയും മഞ്ഞപ്പടയും ഇപ്പോഴും ആഘോഷത്തിലാണ്. വാട്‌സണിന്റെയും ഡ്യുപ്ലെസിസിന്റെയും മികവിൽ ജയം കുറിച്ച മത്സരശേഷം കിങ്‌സ് ഇലവൻ പഞ്ചാബ് നായകൻ കെഎൽ രാഹുലിനും ഓപ്പണർ മായങ്ക് അഗർവാളിനും ‘ക്ലാസെടുക്കുന്ന’ ചെന്നൈ നായകൻ എംഎസ് ധോണിയുടെ വീഡിയോയും ചിത്രങ്ങളും വൈറലാകുന്നു.

മത്സരത്തിന് ശേഷം കളത്തിലെത്തിയ ധോണി പഞ്ചാബ് നായകൻ കെഎൽ രാഹുൽ, ഓപ്പണർ മായങ്ക് അഗർവാൾ എന്നിവരോട് സംവദിക്കുകയായിരുന്നു. ഐപിഎല്ലിൽ മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റ് ടീമിലും രണ്ട് പ്രധാന താരങ്ങളാണ് രാഹുലും മായങ്കും.

‘മത്സരം വിശകലനം ചെയ്യാൻ മഹേന്ദ്രസിങ് ധോണിയേക്കാൾ മികച്ചയാളുണ്ടോ? മത്സരശേഷമുള്ള ഈ വിശകലനങ്ങൾ ഞങ്ങൾക്ക് വലിയ ഇഷ്ടമായി’- ഇരുവരോടും ധോണി സംസാരിക്കുന്ന വിഡിയോ സഹിതം ഐപിഎൽ അവരുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തു. അതേസമയം, ‘നിങ്ങൾ ചിലത് വിജയിക്കും, ചിലതിൽ നിന്നും പഠിക്കും’- എന്ന തലക്കെട്ടിലാണ് കിങ്‌സ് ഇലവൻ ധോണി രാഹുലിന് ക്ലാസെടുക്കുന്ന ചിത്രം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം, മാസ്റ്റർ-ക്ലാസ് എന്നായിരുന്നു ചെന്നൈ നൽകിയ തലക്കെട്ട്. അതേസമയം, പഞ്ചാബിന് കനത്ത പരാജയം സമ്മാനിച്ചതിനു ശേഷമുള്ള ക്ലാസെടുക്കൽ സോഷ്യൽമീഡിയയും ഏറ്റെടുത്തിരിക്കുകയാണ്.

പഞ്ചാബ് ഉയർത്തിയ 179 റൺസ് വിജയലക്ഷ്യം ഓപ്പണർമാരായ ഷെയ്ൻ വാട്‌സൺ (53 പന്തിൽ പുറത്താകാതെ 83), ഫാഫ് ഡുപ്ലേസി (53 പന്തിൽ പുറത്താകാതെ 87) എന്നിവരുടെ അർധസെഞ്ചുറികളുടെ കരുത്തിലാണ് ചെന്നൈ മറികടന്നത്.

Exit mobile version