ചെന്നൈയ്ക്ക് വിജയ ലക്ഷ്യം 179 റൺസ്; പഞ്ചാബിന് കരുത്തായി രാഹുലിന്റെ അർദ്ധസെഞ്ച്വറി

ദുബായ്: ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് 179 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കിങ്‌സ് ഇലവൻ നിശ്ചിത ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തു. അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ കെഎൽ രാഹുലാണ് ബാറ്റിങിൽ കരുത്ത് കാണിച്ചത്. 52 പന്തുകളിൽ നിന്ന് ഒരു സിക്‌സും ഏഴ് ഫോറുമടക്കം രാഹുൽ 63 റൺസെടുത്തു. ഐപിഎല്‌ലിൽ രാഹുൽ 1500 റൺസ് തികച്ചു. രാഹുലിനെ ഷാർദൂൽ ഠാക്കൂറിന്റെ പന്തിൽ ധോണി ക്യാച്ചെടുത്ത് പുറത്താക്കി. ഐപിഎല്ലിൽ ചെന്നൈയ്ക്കായി ധോണിയുടെ 100ാം ക്യാച്ചായിരുന്നു ഇത്.

8.1 ഓവറിൽ 61 റൺസ് ചേർത്ത ശേഷം മായങ്ക് അഗർവാൾ ഔട്ടായതോടെ പഞ്ചാബിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിഞ്ഞു. 19 പന്തിൽ നിന്ന് 26 റൺസെടുത്താണ് മായങ്ക് പുറത്തായത്. മൻദീപ് സിങ് തകർത്തടിച്ച് തുടങ്ങിയെങ്കിലും 16 പന്തിൽ രണ്ടു സിക്‌സ് സഹിതം 27 റൺസെടുത്തു പുറത്തായി. പിന്നീട് വന്ന നിക്കോളാസ് പൂരാൻ 17 പന്തുകൾ നേരിട്ട പുരൻ മൂന്നു സിക്‌സും ഒരു ഫോറുമടക്കം 33 റൺസെടുത്ത് മടങ്ങി. മൂന്നാം വിക്കറ്റിൽ രാഹുലിനൊപ്പം 58 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് പൂരാൻ മടങ്ങിയത്. ഗ്ലെൻ മാക്‌സ്‌വെൽ (11), സർഫറാസ് ഖാൻ (14) എന്നിവർ പുറത്താകാതെ നിന്നു. ചെന്നൈക്കായി ഷാർദൂൽ ഠാക്കൂർ രണ്ടു വിക്കറ്റ് വീഴ്ത്തി.

Exit mobile version