ഐപിഎല്‍ ചരിത്രത്തില്‍ അപൂര്‍വ്വ നേട്ടവുമായി മലയാളി താരം; ആദ്യ നാലു മത്സരങ്ങളില്‍ മൂന്നിലും അര്‍ധ സെഞ്ചുറി നേടിയ ആദ്യ താരമായി ദേവ്ദത്ത് പടിക്കല്‍

അബുദാബി: ഐ.പി.എല്‍ ചരിത്രത്തില്‍ അപൂര്‍വ്വ നേട്ടം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കല്‍. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലും അര്‍ധ സെഞ്ചുറി നേടിയതോടെ ഐ.പി.എല്‍ ചരിത്രത്തില്‍ ആദ്യ നാലു മത്സരങ്ങളില്‍ മൂന്നിലും 50 കടക്കുന്ന ആദ്യ താരമെന്ന നേട്ടം ബാംഗ്ലൂര്‍ താരത്തിന് സ്വന്തമായി.

തന്റെ ആദ്യത്തെ നാലു മത്സരങ്ങളില്‍ നിന്ന് മൂന്നാമത്തെ അര്‍ധ സെഞ്ചുറിയാണ് ദേവ്ദത്ത് കഴിഞ്ഞദിവസം കണ്ടെത്തിയത്. ഈ സീസണിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 56 റണ്‍സെടുത്തായിരുന്നു ദേവ്ദത്തിന്റെ തുടക്കം.

പിന്നീട് മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ 54 റണ്‍സെടുത്തു. ഒടുവില്‍ ശനിയാഴ്ച രാജസ്ഥാനെതിരായ മത്സരത്തില്‍ ദേവ്ദത്ത് 63 റണ്‍സും നേടി. 20-കാരനായ കര്‍ണാടക താരത്തിന്റെ ട്വന്റി 20 ബാറ്റിങ് ശരാശരി 57.58 ആണ്. സ്‌ട്രൈക്ക് റേറ്റ് 166.90.

2019-20 സീസണിലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും ടോപ് സ്‌കോററായിരുന്നു ദേവ്ദത്ത്. മലപ്പുറം എടപ്പാള്‍ സ്വദേശി കൂടിയാണ്.

Exit mobile version