തകർന്ന് രാജസ്ഥാൻ; മുതലെടുത്ത് ബാംഗ്ലൂർ; മിന്നി കോഹ്‌ലിയും ദേവ്ദത്തും

ഷാർജ: ഐപിഎല്ലിൽ രാജസ്ഥാന് തുടർത്തോൽവി. അമ്പേ പരാജയപ്പെട്ട ബാറ്റിങ് നിരയാണ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന് 8 വിക്കറ്റിന്റെ തോൽവി സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് ആറ് വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തപ്പോൾ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബാംഗ്ലൂർ വിജയം കാണുകയായിരുന്നു. സീസണിലെ ഏറ്റവും മികച്ച ഫോമിലെത്തിയ നായകൻ വിരാട് കോഹ്‌ലി 72 റൺസെടുത്ത് പുറത്താകാതെ നിന്നു. മലയാളി താരം ദേവ്ദത്ത് പടിക്കൽ 63 റൺസുമായി നായകന് മികച്ച പിന്തുണ നൽകി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 99 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 44 പന്തുകൾ നേരിട്ട ദേവദത്ത് ഒരു സിക്‌സും ആറു ഫോറുമടക്കമാണ് 63 റൺസെടുത്തത്. ഡിവില്ലിയേഴ്‌സ് 12 റണ്‍സോടെ പുറത്താകാതെ നിന്നു.

രാജസ്ഥാൻ റോയൽസ് മുൻനിര താരങ്ങളെല്ലാം ബാംഗ്ലൂർ ബൗളിങിന് മുന്നിൽ മുട്ടുകുത്തുകയായിരുന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാന് നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. രാജസ്ഥാൻകാരൻ തന്നെയായ മഹിപാൽ ലോംറോറാണ് (39 പന്തിൽ 47) ഒറ്റയ്ക്ക് പൊരുതി ടീമിന് മാന്യമായ സ്‌കോർ സമ്മാനിച്ചത്.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചഹൽ, ഇസ്രു ഉഡാന (2 വിക്കറ്റ്), നവദീപ് സയ്‌നി( ഒരു വിക്കറ്റ്) എന്നിവരാണ് രാജസ്ഥാനെ തളർത്തിയത്. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും ജോസ് ബട്ട്‌ലറും തകർത്ത് കളിക്കാൻ ശ്രമിക്കുന്നതിനിടെ, മൂന്നാം ഓവറിലാണ് ബാംഗ്ലൂരിന് പിടിമുറുക്കാനായത്.

ആദ്യം സ്റ്റീവ് സ്മിത്തി(5)നേയും പിന്നാലെ ജോസ്ബട്ട്‌ലറേയും (22) ശേഷം സഞ്ജു വി സാംസണേയും (4) മടക്കി. ഇതിനിടെ, റോബിൻ ഉത്തപ്പയെ(17) കൂട്ടു പിടിച്ച് മഹിപാലിന്റെ (47) രക്ഷാപ്രവർത്തനം വേണ്ടത്ര ഫലം കണ്ടില്ല. ആറാമനായി എത്തിയ റിയാൻ പ്രാഗും(16) മഹിപാലിന് പിന്തുണനൽകിയതോടെ സ്‌കോർ മെച്ചപ്പെട്ടു.

ഒടുവിൽ എത്തിയ രാഹുൽ തെവാട്ടിയയും(12 പന്തിൽ 24) ജോഫ്ര ആർച്ചറും(10 പന്തിൽ 16) വീശിയടിച്ചതോടെയാണ് ടീം സ്‌കോർ 154ലേക്ക് എത്തിയത്.

Exit mobile version