കരുത്ത് കാട്ടി മുംബൈ; പഞ്ചാബിനെതിരെ 48 റൺസിന്റെ ആധികാരിക വിജയം!

കരുത്ത് കാട്ടി മുംബൈ; പഞ്ചാബിനെതിരെ …റൺസിന്റെ ആധികാരിക വിജയം!

അബുദാബി: ആവേശകരമായി തുടങ്ങിയെങ്കിലും മുംബൈ ഇന്ത്യൻസിനോട് അടിയറവ് പറഞ്ഞ് കിങ്‌സ് ഇലവൻ പഞ്ചാബ്. 48 റൺസിനാണ് മുംബൈയുടെ ആധികാരിക വിജയം. മുംബൈ ഉയർത്തിയ 192 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുക്കാനെ സാധിച്ചുള്ളൂ. പോരാട്ടവീര്യം നഷ്ടപ്പെട്ട് കളിച്ച പഞ്ചാബ് ജയിക്കാനുള്ള ശ്രമങ്ങൾ നടത്താത്തതാണ് തിരിച്ചടിയായത്.

27 പന്തിൽനിന്ന് 44 റൺസെടുത്ത നിക്കോളാസ് പൂരാനാണ് പഞ്ചാബിന്റെ ടോപ്‌സ്‌കോറർ. കെഎൽ രാഹുൽ (17), മായങ്ക് അഗർവാൾ (25), മാക്‌സ്‌വെൽ (11), കൃഷ്ണപ്പ ഗൗതം (22) എന്നിവരുടെ സംഭാവനയും വളരെ ചുരുങ്ങിയതായിരുന്നു. മുംബൈക്കായി പാറ്റിൻസൺ, ഭൂംറ, രാഹുൽ ചഹാർ എന്നിവർ രണ്ട് വിക്കറ്റ് വീതവും ബോൾട്ടും പാണ്ഡ്യയും ഒരോ വിക്കറ്റ് വീതവും നേടി.

നേരത്തെ, രോഹിത്തിന്റെ മികവിൽ മുംബൈ 191/4എന്ന മികച്ച സ്‌കോറിലാണ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. തുടക്കത്തിലെ തകർച്ചയിൽ നിന്നും നായകൻ രോഹിത്ത് ശർമ്മ മുംബൈയെ രക്ഷിച്ചതോടെയാണ് 191 ടീംടോട്ടലിലേക്ക് മുംബൈ എത്തിയത്. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മുംബൈ 191 റൺസ് നേടുകയായിരുന്നു. ഐപിഎല്ലിൽ ഫോം വീണ്ടെടുത്ത രോഹിത് 45 പന്തിൽ നിന്നും 70 റൺസ് അടിച്ചെടുത്തതാണ് ഇന്നിങ്‌സിന്റെ നട്ടെല്ലായത്. ടോപ്പ് സ്‌കോററും രോഹിത്താണ്. തുടക്കം തകർച്ചയോടെയായിരുന്നെങ്കിലും ദൈവത്തിന്റെ പോരാളികൾ പടപൊരുതാൻ തീരുമാനിച്ചതോടെയാണ് മികച്ച സ്‌കോറിലേക്ക് മത്സരം നീണ്ടത്.

കീരൻ പൊള്ളാർഡും ഹാർദ്ദിക് പാണ്ഡ്യയും കൂട്ടുകെട്ടുണ്ടാക്കി തകർത്തടിച്ചതും മുംബൈയുടെ സ്‌കോർ 190 കടക്കാൻ സഹായിച്ചു. അവസാന ഓവറുകളിൽ തകർത്തടിച്ച് 11 പന്തിൽ 30 റൺസെടുത്ത ഹാർദ്ദികും 20 പന്തിൽ 47 റൺസെടുത്ത് കീരൻ പൊള്ളാർഡും സ്‌കോർബോർഡിലേക്ക് കാര്യമായി സംഭാവന ചെയ്തു.

തുടക്കത്തിൽ തന്നെ ഓപ്പണർ ഡികോക്കിനെ ഡക്കായി മുംബൈയ്ക്ക് നഷ്ടപ്പെട്ടിരുന്നു. പിന്നീട് വന്ന സൂര്യകുമാർ യാദവിനും(10) കഴിഞ്ഞ കളിയിലെ ഹീറോ ഇഷാൻ കിഷനും (28) കാര്യമായി തിളങ്ങാനാകാതെ വന്നതോടെ മുംബൈ തകരുമെന്ന് തോന്നിച്ചിരുന്നു. എന്നാൽ ക്യാപ്റ്റന്റെ ഇന്നിങ്‌സാണ് മുംബൈയെ സഹായിച്ചത്. ഇഷാന്റെ കൂടെ തരക്കേടില്ലാത്ത കൂട്ടുകെട്ട് പടുത്തുയർത്തുകയായിരുന്നു രോഹിത്. ഷമിക്ക് പിടികൊടുത്ത് രോഹിത്ത് മടങ്ങിയതോടെ ഒന്നിച്ച പോള്ളാർഡും ഹാർദ്ദികും പിന്നീട് പഞ്ചാബ് ബൗളർമാരെ അടിച്ചോടിക്കുകയായിരുന്നു. ഇരുവരുടേയും സംഭാവനയാണ് മുംബൈയെ മികച്ച വിജയത്തിലേക്ക് നയിച്ചത്. പഞ്ചാബിനായി കോട്രെൽ, മുഹമ്മദ് ഷമി, ഗൗതം എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി.

ഇതിനിടെ, 5000 റൺസ് നേടി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ റെക്കോഡ് ബുക്കിൽ ഇടം നേടി. കിങ്‌സ് ഇലവൻ പഞ്ചാബിനെതിരേ രണ്ട് റൺസ് നേടിയതോടെയാണ് രോഹിത് 5000 ക്ലബ്ബിലെത്തിയത്. 192 മത്സരങ്ങളിൽ നിന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ഇതിനുമുൻപ് ഈ നേട്ടം കൈവരിച്ചതും രണ്ട് ഇന്ത്യൻ ബാറ്റ്‌സ്മാൻമാരാണ്. വിരാട് കോലിയും സുരേഷ് റെയ്‌നയും. നിലവിൽ 180 മത്സരങ്ങളിൽ നിന്നും 5430 റൺസുമായി ബാംഗ്ലൂർ റോയൽസ് ചലഞ്ചേഴ്‌സ് നായകൻ വിരാട് കോഹ്‌ലിയാണ് ഐപിഎല്ലിൽ ഏറ്റവുമധികം റൺസ് സ്‌കോർ ചെയ്ത താരം. 193 കളികളിൽ നിന്നും 5368 റൺസുമായി ചെന്നൈ സൂപ്പർ കിങ്‌സ് താരം സുരേഷ് റെയ്‌നയാണ് പട്ടികയിൽ രണ്ടാമത്.

Exit mobile version