ഒന്നാമനായ ഡൽഹിയെ പിടിച്ചുകെട്ടി പട്ടികയിലെ പിൻനിരക്കാരൻ ഹൈദരാബാദ്; ആശ്വാസ വിജയം

അബുദാബി: ഐപിഎൽ 13ാം സീസണിലെ ആദ്യ വിജയത്തിനായി ഇറങ്ങിയ ഹൈദരാബാദിനും ആരാധകർക്കും ആശ്വാസമായി ഒടുവിൽ വിജയമെത്തി. പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ ഡൽഹിയെ തന്നെ പരാജയപ്പെടുത്തിയാണ് ഹൈദരാബാദ് 15 റൺസിന്റെ കന്നി വിജയം ആഘോഷിച്ചത്. ഡൽഹിയുടെ ആദ്യ തോൽവിയുമാണിത്. ഹൈദരാബാദ് ഉയർത്തിയ 163 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡൽഹിക്ക് നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. പതിവിലൽ നിന്നും വ്യത്യസ്തമായി ഐപിഎല്ലിൽ ഇന്ന് ബൗളർമാരുടെ ദിവസംകൂടിയായിരുന്നു. ഇരു ടീമിലും ബൗളർമാർ മികച്ചു നിന്നു.

ഹൈദരാബാദ് ഉയർത്തിയത് കൂറ്റൻ സ്കോർ ഒന്നുമല്ലാതിരുന്നിട്ടും അലസരായി കളിച്ച് തോൽക്കാൻ ആയിരുന്നു ഡൽഹിയുടെ വിധി. കാലുറപ്പിച്ചു നിൽക്കും മുമ്പ് ഡൽഹിക്ക് 4 പന്ത് നേരിട്ട് 2 റൺസു മാത്രം നേടിയ ഓപ്പണർ പൃഥ്വി ഷായെ നഷ്ട്ടപെട്ടു. പിന്നാലെ 21 പന്തിൽ നിന്നും 17 റൺസെടുത്ത നായകൻ ശ്രേയസ് അയ്യരെയും. പിന്നീട് തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് കളഞ്ഞു ഡൽഹി ഹൈദരാബാദിനെ പ്രോത്സാഹിപ്പിക്കുകയും പോരാട്ടം മറക്കുകയും ചെയ്തതോടെ വിജയം കൈയിൽ നിന്നും അകലുകയായിരുന്നു. 31 പന്തിൽ നിന്നും 34 റൺസ് എടുത്ത ശിഖർ ധവാനാണ് ഡൽഹിക്ക് അൽപമെങ്കിലും ആശ്വാസമായത്. ഡൽഹിയുടെ ടോപ് സ്കോററും ധവാൻ തന്നെയാണ്. 27 പന്തിൽ നിന്നും 28 റൺസ് നേടിയ റിഷഭ് പന്തും 12 പന്തിൽ നിന്നും 21 റൺസ് എടുത്ത ഷിംറോൺ ഹെറ്റിമറും ഡൽഹിയെ നിരാശപ്പെടുത്തി. പിന്നീട് വന്നവർക്കും കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. സ്റ്റോയ്‌നിസും അക്‌സർ പട്ടേലും റബാദയും നോര്ജും ബാറ്റുമായി കളത്തിൽ ഇറങ്ങി ചടങ്ങ് നിറവേറ്റി.

4 ഓവറിൽ 14 റൺസ് മാത്രം വഴങ്ങി ഡൽഹിയുടെ 3 വിക്കറ്റ് എടുത്ത റാഷിദ്‌ ഖാനും 25 റൺസ് വഴങ്ങി 2 വിക്കറ്റ് എടുത്ത ഭുവനേശ്വർ കുമാറുമാണ് ഹൈദരാബാദിന്റെ വിജയത്തിൽ നിർണായകമായത്. 25 റൺസ് വിട്ടുകൊടുത്തു 1 വിക്കറ്റ് എടുത്ത തങ്കരസ്‌ നടരാജനും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്.

നേരത്തെ, ടോസ് നേടിയ ഡൽഹി ഹൈദരാബാദിനെ ബാറ്റിങിനയയ്ക്കുകയായിരുന്നു. പതിഞ്ഞ തുടക്കവും അവസാനവുമായിരുന്നു ഹൈദരാബാദ് ബാറ്റ്‌സ്മാന്മാർ കാഴ്ചവെച്ചത്, എങ്കിലും 4 വിക്കറ്റ് നഷ്ടത്തിൽ 162 റൺസെന്ന പൊരുതാവുന്ന സ്‌കോർ കണ്ടെത്താൻ അവർക്കായി. ഡൽഹിയുടെ ബൗളർമാർ ഹൈദരാബാദിനെ പിടിച്ചുകെട്ടിയെങ്കിലും 33 പന്തുകളിൽ നിന്നും 45 റൺസെടുത്ത ഡേവിഡ് വാർണറും 48 പന്തുകളിൽ നിന്നും 53 റൺസെടുത്ത ജോണി ബെയർസ്‌റ്റോയും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

അതേസമയം, അവസാന ഓവറുകളിൽ തകർത്തടിച്ച കെയ്ൻ വില്യംസണാണ് സ്‌കോർ 160 കടക്കാൻ ഹൈദരാബാദിനെ സഹായിച്ചത്. 26 പന്തുകളിൽ നിന്നും 41 റൺസാണ് കെയ്ൻ വില്യംസൺ നേടിയത്.

അവസാന ഓവറുകളിൽ റൺസ് വിട്ടുകൊടുക്കാതെ കഗിസോ റബാദയും തകർത്തടിക്കാതെ ബെയർസ്‌റ്റോയും കട്ടക്ക്-കട്ടയ്ക്ക് നിന്നതോടെയാണ് സ്‌കോറിൽ വൻ മുന്നേറ്റം ഉണ്ടാക്കാനാകാതെ പോയത്. നാലോവറിൽ 22 റൺസ് വിട്ടുകൊടുത്ത് റബാദ രണ്ടുവിക്കറ്റു വീഴ്ത്തി.

Exit mobile version