മായങ്കിന്റെ സെഞ്ച്വറിയും പഞ്ചാബിനെ തുണച്ചില്ല; രാജസ്ഥാന് ആവേശ വിജയം; ഷാർജയിൽ തല്ല് വാങ്ങി ബൗളേഴ്‌സ്

ഷാർജ: ഐപിഎൽ 13ാം സീസണിലെ ഒമ്പതാം മത്സരത്തിൽ കിങ്‌സ് ഇലവനെതിരെ രാജസ്ഥാൻ റോയൽസിന് ആവേശജയം. 4 വിക്കറ്റിനാണ് രാജസ്ഥാൻ പഞ്ചാബിനെ പരാജയപ്പെടുത്തിയത്. ഐപിഎൽ ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്ന സ്‌കോർ ചേസ് ചെയ്താണ് രാജസ്ഥാന്റെ വിജയം. ഷാർജ സ്റ്റേഡിയം പഞ്ചാബിന്റെയും രാജസ്ഥാന്റേയും ബൗളർമാരുടെ ശവപ്പറമ്പായപ്പോൾ ക്രിക്കറ്റ് ആരാധകർക്ക് ലഭിച്ചത് കാഴ്ചയുടെ വിരുന്ന്. 20 ഓവറിൽ 2വിക്കറ്റ് നഷ്ടത്തിൽ 223 റൺസ് അടിച്ചുകൂട്ടിയപ്പോൾ പഞ്ചാബ് വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും രാജസ്ഥാൻ 19.3 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിന് ലക്ഷ്യം കാണുകയായിരുന്നു. 226 റൺസാണ് രാജസ്ഥാൻ അടിച്ചുകൂട്ടിയത്.

അവസാന ഓവർ വരെ സസ്‌പെൻസ് നിറഞ്ഞ മത്സരത്തിൽ രാജസ്ഥാൻ വിജയം പിടിച്ചെടുക്കുകയായിരുന്നു. പഞ്ചാബ് ഉയർത്തിയ 224 റൺസെന്ന വിജയലക്ഷ്യം പിന്തുടരുന്ന രാജസ്ഥാൻ തുടക്കം മുതൽ ഗംഭീരമായാണ് തിരിച്ചടിച്ചത്. മലയാളി താരം സഞ്ജു സാംസണിന്റെ മാത്രമല്ല സ്റ്റീവ് സ്മിത്ത്, രാഹുൽ തെവാതിയ എന്നിവരുടെ ഇന്നിങ്‌സുകളാണ് രാജസ്ഥാനെ ചരിത്ര വിജയത്തിലേക്ക് നയിച്ചത്. 18 സിക്‌സറുകളാണ് രാജസ്ഥാൻ താരങ്ങൾ ഷാർജയിൽ അടിച്ചുകൂട്ടിയത്.

അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും (27 പന്തിൽ 50 റൺസ്) സഞ്ജു സാംസണും (42 പന്തിൽ 85 റൺസ്) ചേർന്നാണ് രാജസ്ഥാന് മികച്ച തുടക്കം സമ്മാനിച്ചത്. 19 റൺസിൽ ജോസ് ബട്ട്‌ലറെ (4) നഷ്ടമായ ശേഷം ഒന്നിച്ച സ്മിത്ത് -സഞ്ജു കൂട്ടുകെട്ട് 81 റൺസ് രാജസ്ഥാൻ സ്‌കോറിലേക്ക് ചേർത്ത ശേഷമാണ് പിരിഞ്ഞത്. രണ്ടു സിക്‌സും ഏഴു ഫോറുമടക്കമാണ് സ്മിത്ത് അർധസെഞ്ച്വറി പൂർത്തിയാക്കിയത്. ജെയിംസ് നീഷാമാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

സ്മിത്തിന് പിന്നാലെ കളത്തിൽ ഇറങ്ങിയ രാഹുൽ തെവാതിയയുടെ തുടക്കം പതിയെയായിരുന്നു. പിന്നീട് ഉഗ്രപരൂപം പുറത്തെടുത്ത തെവാതിയ കോട്രലിന്റെ 18ാം ഓവർ മുതൽ അടിയോടടി തുടങ്ങുകയായിരുന്നു. കോട്രലിനെ തുടർച്ചയായി അഞ്ചു സിക്‌സടിച്ച് തെവാതിയ മത്സരത്തിൽ രാജസ്ഥാന് നേൽക്കൈ നേടിക്കൊടുത്തു. ഒടുവിൽ 31 പന്തിൽ നിന്ന് ഏഴു സിക്‌സർ സഹിതം 53 റൺസെടുത്താണ് തെവാതിയ മടങ്ങിയത്. മൂന്നു പന്തിൽ നിന്ന് രണ്ടു സിക്‌സ് സഹിതം 13 റൺസെടുത്ത ആർച്ചറും രാജസ്ഥാന്റെ വിജയത്തിൽ നിർണായക സ്വാധീനമായി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 223 റൺസെടുത്തിരുന്നു. സെഞ്ചുറി നേടിയ മായങ്ക് അഗർവാളിന്റെയും അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ കെഎൽ രാഹുലിന്റെയും കൂട്ടുകെട്ടിന്റെ മികവിലാണ് പഞ്ചാബ് കൂറ്റൻ സ്‌കോറിലെത്തിയത്. 45 പന്തിൽ നിന്ന് സെഞ്ചുറി പിന്നിട്ട മായങ്ക് 50 പന്തുകളിൽ നിന്ന് ഏഴു സിക്‌സും 10 ഫോറുമടക്കം 106 റൺസെടുത്താണ് പുറത്തായത്. ഓപ്പണിങ് വിക്കറ്റിൽ 16.3 ഓവറിൽ 183 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. രാജസ്ഥാൻ ബൗളർമാരെ തുടക്കം മുതൽ തന്നെ കടന്നാക്രമിക്കുകയായിരുന്നു ഇരുവരും. രാജസ്ഥാനായി പന്തെടുത്തവരെല്ലാം തല്ലുകൊണ്ടു.

54 പന്തിൽ നിന്ന് ഒരു സിക്‌സും ഏഴു ഫോറുമടക്കം 69 റൺസെടുത്ത രാഹുൽ 18ാം ഓവറിലാണ് പുറത്തായത്. ഇരുവരും പുറത്തായ ശേഷം തകർത്തടിച്ച ഗ്ലെൻ മാക്‌സ്‌വെല്ലും നിക്കോളാസ് പുരനും ചേർന്നാണ് പഞ്ചാബ് സ്‌കോർ 223ൽ എത്തിച്ചത്.

ഗ്ലെൻ മാക്‌സ്‌വെൽ ഒമ്പത് പന്തിൽ നിന്ന് 13 റൺസോടെയും നിക്കോളാസ് പുരൻ അഞ്ച് പന്തിൽ നിന്ന് 19 റൺസോടെയും പുറത്താകാതെ നിന്നു. നേരത്തെ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Exit mobile version