കനത്ത തോൽവിക്ക് പിന്നാലെ 12 ലക്ഷം പിഴയും; ബാംഗ്ലൂരിനും കോഹ്‌ലിക്കും തിരിച്ചടി

ദുബായ്: ഐപിഎൽ മത്സരത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ നാണംകെട്ട പരാജയം ഏറ്റുവാങ്ങിയതിന്റെ ആഘാതത്തിൽ ഇരിക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വീണ്ടും തിരിച്ചടി. മത്സരത്തിൽ ഫീൽഡിലും, ബാറ്റിംഗിലും പരാജയപ്പട്ട ആർസിബി ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് 12 ലക്ഷം രൂപ പിഴ. ഐപിഎല്ലിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് കോഹ്‌ലിക്ക് 12 ലക്ഷം രൂപ പിഴ വിധിച്ചിരിക്കുന്നത്.

പഞ്ചാബ് ക്യാപ്റ്റൻ കെഎൽ രാഹുലിന്റെ ബാറ്റിങ് മികവിൽ 97 റൺസിന് ടീം വിജയിച്ചിരുന്നു. 207 വിജയലക്ഷ്യത്തിലേക്കായി ബാറ്റേന്തിയ ബാംഗ്ലൂരിന് തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമായിരുന്നു. ഇതിന് പിന്നാലെ ബാറ്റിങിന് ഇറങ്ങിയ കോഹ്‌ലിക്ക് 1 റൺ മാത്രമാണ് നേടാൻ സാധിച്ചത്.

ഐപിഎൽ പതിമൂന്നാം എഡിഷനിലെ ആദ്യ സെഞ്ച്വറി സ്വന്തം പേരിൽ കുറിച്ച രാഹുൽ തകർത്താടിയപ്പോൾ കിങ്‌സ് ഇലവൻ പഞ്ചാബ് 20 ഓവറിൽ മൂന്നിന് 206 എന്ന റൺസിലെത്തിയാണ് കളം വിട്ടത്. കൂടാതെ 17 ഓവറിൽ 109 റൺസിന് റോയൽ ചലഞ്ചേഴ്‌സിനെ കിങ്‌സ് ഇലവൻ എറിഞ്ഞിടുകയും ചെയ്തു. 27 പന്തിൽ 30 റൺസ് നേടിയ വാഷിംഗ്ടൺ സുന്ദർ ആണ് റോയൽ ചലഞ്ചേഴ്‌സ് ഇന്നിംഗ്‌സിലെ ടോപ് സ്‌കോറർ.

Exit mobile version