കൊൽക്കത്തയുടെ ആദ്യമത്സരത്തിൽ മുംബൈയ്ക്ക് ആദ്യജയം; വിജയശിൽപ്പിയായി നായകൻ രോഹിത്

അബുദാബി: ഐപിഎൽ 13ാം സീസണിൽ അഞ്ചാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് തോൽവി. മുബൈ ഇന്ത്യൻസാണ് ആദ്യമത്സരത്തിന് ഇറങ്ങിയ കൊൽക്കത്തയെ 49 റൺസിന് തകർത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ 196 റൺസിന്റെ വിജയലക്ഷ്യമാണ് കൊൽക്കത്തയ്ക്ക് സമ്മാനിച്ചത്. വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊൽക്കത്തയ്ക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുക്കാനേ സാധിച്ചുള്ളൂ.

കൊൽക്കത്തയ്ക്ക് ആദ്യ അഞ്ച് ഓവറിനുള്ളിൽ തന്നെ ഓപ്പണർമാരായ ശുഭ്മാൻ ഗിൽ (7), സുനിൽ നരെയ്ൻ (9) എന്നിവരെ നഷ്ടമായി. തുടർന്ന് വന്ന ക്യാപ്റ്റൻ ദിനേഷ് കാർത്തിക്-നിതിഷ് റാണ സഖ്യത്തിനും ആവശ്യമായ റൺറേറ്റിൽ സ്‌കോർ ഉയർത്താൻ സാധിച്ചില്ല. 10 ഓവർ പിന്നിടുമ്പോൾ വെറും 70 റൺസ് മാത്രമായിരുന്നു ടീമിന് സ്‌കോർബോർഡിൽ ഉണ്ടായിരുന്നത്. 23 പന്തിൽ 30 റൺസെടുത്ത കാർത്തിക്കിനെ 11ാം ഓവറിൽ രാഹുൽ ചാഹർ മടക്കി. 18 പന്തിൽ 24 റൺസെടുത്ത റാണയെ പൊള്ളാർഡും പുറത്താക്കി. കൊൽക്കത്ത ആരാധകരുടെ പ്രതീക്ഷയായിരുന്ന വമ്പനടിക്കാരായ ആന്ദ്രെ റസ്സലിനും ഓയിൻ മോർഗനും ഷോഭിക്കാനുമായില്ല. 11 റൺസെടുത്ത റസ്സലിനെ ബൗൾഡാക്കിയ ബൂംറ 16 റൺസെടുത്ത മോർഗനെ ഡിക്കോക്കിന്റെ കൈകളിലെത്തിച്ചു.

12 പന്തിൽ നാലു സിക്‌സും ഒരു ഫോറുമടക്കം 33 റൺസെടുത്ത പാറ്റ് കമ്മിൻസാണ് കൊൽക്കത്തയുടെ ടോപ് സ്‌കോറർ. ബൂംറയുടെ ഒരു ഓവറിൽ നാലു സിക്‌സറുകളാണ് കമ്മിൻസ് പറത്തിയത്. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും ജയിക്കാനായി പൊരുതി നോൽക്കാൻ പോലും നൈറ്റ് റൈഡേഴ്‌സിനായില്ല. മുംബൈക്കായി പന്തെടുത്തവരെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ടീം നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 195 റൺസെടുത്തത്. അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ഇന്നിങ്‌സാണ് മുംബൈയെ സഹായിച്ചത്. 54 പന്തിൽ 80 റൺസാണ് രോഹിത് അടിച്ചെടുത്തത്.

39 പന്തിൽ 28 പന്തിൽ നിന്ന് ഒരു സിക്‌സും നാലു ഫോറുമടക്കം 47 റൺസെടുത്ത സൂര്യകുമാർ യാദവ്, രോഹിത്തിനൊപ്പം രണ്ടാം വിക്കറ്റിൽ 90 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് മടങ്ങിയത്. പിന്നീട് ക്രീസിലെത്തിയ സൗരഭ് തിവാരി 21 റൺസുമായി മടങ്ങി. ഹാർദിക് പാണ്ഡ്യ 18 റൺസെടുത്ത് പുറത്തായി. കിറോൺ പൊള്ളാർഡ് (13*), ക്രുണാൽ പാണ്ഡ്യ (1*) എന്നിവർ പുറത്താകാതെ നിന്നു.

Exit mobile version