‘ഇടംകൈയ്യന്‍മാരുടെ കളി കാണുന്നതു തന്നെ ഒരഴകാണ്’ അഭിനന്ദനം അറിയിച്ച് ഗാംഗുലി

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കന്നിമത്സരത്തില്‍ അര്‍ധ സെഞ്ച്വറി അടിച്ച് താരമായ ദേവദത്ത് പടിക്കലിന് അഭിനന്ദനം അറിയിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ട്വിറ്ററിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയത്. ദേവ്ദത്ത് പടിക്കലിന്റെ ബാറ്റിങ് പ്രകടനം ആസ്വാദ്യമെന്നായിരുന്നു ഗാംഗുലിയുടെ അഭിനന്ദനം. കമന്റേറ്റര്‍മാരായ ആകാശ് ചോപ്ര, ഹര്‍ഷ ഭോഗ്‌ലെ തുടങ്ങിയവരും ദേവ്ദത്തിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

‘ദേവ്ദത്ത് പടിക്കലിന്റെ പ്രകടനം നന്നായി ആസ്വദിച്ചു. ഇടംകയ്യന്‍മാരുടെ കളി കാണുന്നതു തന്നെ ഒരഴകാണ്’ ഇടംകൈ ബാറ്റ്‌സ്മാന്‍ കൂടിയായ ഗാംഗുലി ട്വിറ്ററില്‍ കുറിച്ചു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഓപ്പണറായിറങ്ങിയ ദേവ്ദത്ത് തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. 42 പന്തില്‍ എട്ടു ഫോറുകള്‍ സഹിതം 56 റണ്‍സാണ് ദേവ്ദത്ത് എടുത്തത്. എടപ്പാളില്‍ പടിക്കല്‍ അമ്പിളിയുടെയും പാലക്കാട് സ്വദേശി ബാബിനുവിന്റേയും മകനാണ് 20 കാരന്‍ ദേവ്ദത്ത്.

Exit mobile version