എറിഞ്ഞ പന്തുകൾ ബൗണ്ടറി കടത്തിയിട്ടും ആദിൽ റഷീദിന് എതിരെ ‘മങ്കാദിങ്’ ഇല്ല; മുന്നറിയിപ്പിൽ ഒതുക്കി സ്റ്റാർക്ക്; കൈയ്യടിച്ച് സോഷ്യൽമീഡിയ

മാഞ്ചെസ്റ്റർ: മാന്യന്മാരുടെ ഗെയിം എന്ന വിശേഷണമുള്ള ക്രിക്കറ്റിനെ കൂടുതൽ സുന്ദരമാക്കി ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക്. പന്ത് കൈയ്യിൽ നിന്നും ഉതിരും മുമ്പെ ബൗളിങ് ക്രീസ് വിട്ടിറങ്ങിയ ഇംഗ്ലണ്ട് ബാറ്റിങ് താരം ആദിൽ റഷീദിനെ ‘മങ്കാദിങ്ങി’ലൂടെ പുറത്താക്കാൻ അവസരം ലഭിച്ചിട്ടും അത് ചെയ്യാതെ മുന്നറിയിപ്പിലൊതുക്കുകയായിരുന്നു സ്റ്റാർക്ക്. ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിനിടെയിലെ സ്റ്റാർക്കിന്റെ പ്രവൃത്തിയെ കൈയ്യടിച്ചാണ് ക്രിക്കറ്റ് ലോകം സ്വീകരിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിലും സ്റ്റാർക്ക് ഇതോടെ താരമായി. ഇംഗ്ലണ്ട് ഇന്നിങ്‌സിലെ 49ാം ഓവറിലായിരുന്നു സംഭവം. ഓവറിലെ അഞ്ചാം പന്ത് എറിയാനെത്തിയ സ്റ്റാർക്ക് തന്റെ ആക്ഷൻ പൂർത്തിയാക്കുന്നതിന് മുമ്പ് റഷീദ് ക്രീസ് വിട്ടിറങ്ങുകയായിരുന്നു. ഇത് മനസിലാക്കിയ സ്റ്റാർക്ക് ആകട്ടെ ബൗളിങ് പൂർത്തിയാക്കാതെ റഷീദിനോട് തിരിച്ച് ക്രീസിലേക്ക് കയറാൻ ആവശ്യപ്പെടുകയായിരുന്നു. ഈ സംഭവത്തിന് മുമ്പ് മത്സരത്തിൽ രണ്ടു തവണ സ്റ്റാർക്കിനെതിരേ റഷീദ് സിക്‌സർ നേടിയിരുന്നു. എന്നാൽ ഇതൊന്നും തന്നെ മങ്കാദിങ്ങിനായി സ്റ്റാർക്കിനെ പ്രകോപിപ്പിച്ചില്ല.

കഴിഞ്ഞ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് -കിങ്‌സ് ഇലവൻ പഞ്ചാബ് മത്സരത്തിനിടെ രാജസ്ഥാൻ താരം ജോസ് ബട്ട്‌ലറെ പഞ്ചാബ് താരം ആർ അശ്വിൻ മങ്കാദിങ്ങിലൂടെ പുറത്താക്കിയത് ഏറെ ചർച്ചയായിരുന്നു.

Exit mobile version