ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മത്സരം അടുത്ത കാലത്തൊന്നും നടക്കില്ല; നടത്താൻ ഉദ്ദേശിക്കുന്നില്ല; പാകിസ്താൻ താരങ്ങളെ തള്ളി പിസിബി

ഇസ്‌ലാമബാദ്: ചിരവൈരികളായ ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് പരമ്പരയ്ക്കായി ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്നതിനിടെ അടുത്ത കാലത്തൊന്നും മത്സരം നടക്കില്ലെന്ന് തറപ്പിച്ച് പറഞ്ഞ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ഇരു രാജ്യങ്ങൾക്കുമിടയിലെ തർക്കങ്ങൾ ക്രിക്കറ്റിലേക്കും പടരുകയായിരുന്നു. ഇതോടെ ഇന്ത്യ-പാക് പരമ്പര നടന്നിട്ട് ഏകദേശം എട്ടു വർഷത്തോളമായി. ഇന്ത്യയുമായി ക്രിക്കറ്റ് മത്സരങ്ങൾ നടത്തണമെന്ന് ആവശ്യപ്പെട്ട് പാക് താരങ്ങൾ പലരും രംഗത്തെത്തിയതോടെയാണ് പിസിബി മേധാവി എഹ്‌സാൻ മാനി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പരകൾ അടുത്ത കാലത്തൊന്നും തുടങ്ങാൻ പോകുന്നില്ലെന്ന് മാനി പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാതെ ബിസിസിഐയുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടത്തില്ല. വർഷങ്ങളായി ബിസിസിഐയുമായി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ പാകിസ്താനെതിരായ മത്സരങ്ങളിൽനിന്നു ബിസിസിഐ വിട്ടുമാറുകയാണ്. ട്വന്റി20 ആണെങ്കിലും മറ്റു പരമ്പരകളാണെങ്കിലും എല്ലാം ബിസിസിഐയുടെ കൈകളിലാണെന്നും എഹ്‌സാൻ മാനി വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തിൽ ഇന്ത്യയുമായി ട്വന്റി20 പരമ്പര കളിക്കുന്നതിന് പാകിസ്താന് യാതൊരു ഉദ്ദേശ്യവുമില്ല. ആദ്യം ഇരു രാജ്യങ്ങൾക്കുമിടയിലെ പ്രശ്‌നങ്ങൾ പരിഹരിക്കണം. അതിനു ശേഷം നമുക്ക് സംസാരിക്കാമെന്നും മാനി പറഞ്ഞതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. എന്തെങ്കിലും പറയാനുണ്ടെങ്കിൽ ബിസിസിഐയ്ക്ക് പാക്ക് ക്രിക്കറ്റ് ബോർഡിനോടു പറയാം. ക്രിക്കറ്റിൽ സർക്കാർ ഇടപെടൽ ഉണ്ടാകരുതെന്നാണ് ഐസിസി ഭരണഘടനയിലുള്ളത്. അതുകൊണ്ടുതന്നെ ഐസിസി ബിസിസിഐയോടു സംസാരിക്കണമെന്നും മാനി ആവശ്യപ്പെട്ടു.

Exit mobile version