ഐപിഎല്ലിൽ ഈ താരങ്ങളെ സൂക്ഷിക്കുക; ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങൾ ഇവർ; മൂന്ന് താരങ്ങളെ കുറിച്ച് ഇർഫാൻ പത്താൻ

ദുബായ്: യുഎഇയിൽ ഐപിഎൽ ആരംഭിക്കാനിരിക്കെ ഐപിഎല്ലിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് തനിക്ക് ഉറപ്പുള്ള പുതുമുഖ താരങ്ങളെ കുറിച്ച് മുൻഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. ഐപിഎല്ലിൽ നിന്നും വളർന്നു വന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മുതൽക്കൂട്ടായ നിരവധി താരങ്ങളുണ്ട്. പുതുമുഖങ്ങളായി എത്തിയവരും ഐപിഎല്ലിൽ കഴിവു തെളിയിച്ചവരുമായി ഒരുപാട് പേരുണ്ട്. ഇത്തവണയും ഇതുപോലെ ഇന്ത്യയുടെ ക്രിക്കറ്റ് ഭാവിക്ക് മുതൽക്കൂട്ടാവുന്ന താരങ്ങളെത്തിയിട്ടുണ്ടെന്നാണ് ഇർഫാൻ പറയുന്നത്.

വലിയ തോതിൽ തന്നെ സ്വാധീനമുണ്ടാക്കാൻ കഴിയുന്ന മൂന്ന് താരങ്ങളെ കുറിച്ചാണ് പത്താന്റെ ട്വീറ്റ്. യശ്വസി ജയ്‌സ്വാൾ, രവി ബിഷ്‌ണോയ്, അബ്ദുൾ സമദ് എന്നീ യുവതാരങ്ങളെ കുറിച്ചാണ് പത്താന് ഏറെ പ്രതീക്ഷകളുള്ളത്. യശ്വസി രാജസ്ഥാൻ റോയൽസ് താരവും രവി കിങ്‌സ് ഇലവൻ പഞ്ചാബ് താരവും അബ്ദുൾ സമദ് സൺ റൈസേഴ്‌സ് ഹൈദരാബാദ് താരവുമാണ്. അണ്ടർ 19 ലോകകപ്പ് ഫൈനൽ വരെയെത്തിയ ഇന്ത്യൻ ടീമംഗങ്ങളാണ് യശ്വസിയും രവി ബിഷ്‌ണോയിയും.

ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ഓപ്പണറെന്ന പേരും ഇതിനകം യശ്വസി ജയ്‌സ്വാൾ നേടിയെടുത്തിട്ടുണ്ട്. രാജസ്ഥാൻ ടീമിൽ ജോസ് ബട്‌ലർക്ക് ഒപ്പം ഓപ്പണിങിന് യശ്വസിയും ഇറങ്ങുമോ എന്ന് ഇനി കണ്ടറിയണം.

രവി ബിഷ്‌ണോയ് ലെഗ് സ്പിന്നറാണ്. ഗൂഗ്ലിയുടെ പ്രയോഗത്തിൽ ഇതിനകം തന്നെ ഏറെ പ്രശംസ പിടിച്ചുപറ്റാനും രവിക്ക് സാധിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രാജസ്ഥാൻ യുവതാരം മുജിബുർ റഹ്മാനോടൊപ്പം ബൗളിങിൽ എന്ത് മായാജാലമായിരിക്കും രവി ബിഷ്‌ണോയി കാണിക്കുക എന്ന് കാത്തിരിക്കുകയാണ് മിക്കവരും.

അബ്ദുൾ സമദ് ജമ്മു കാശ്മീരിലെ പ്രാദേശിക ക്രിക്കറ്റിൽ നിന്ന് ഉദിച്ചുയർന്ന താരമാണ്. സംസ്ഥാന ടീം അംഗമായ സമദിന്റെ കരിയറിലെ തന്നെ ആദ്യത്തെ ഫസ്റ്റ് ക്ലാസ് സീസണിലെ ആവറേജ് 40 ആണ്. താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് ആകട്ടെ 136.36ഉം. പത്താന് അടുത്തറിയാവുന്ന താരം കൂടിയായ അബ്ദുൾ സമദ് ഉൾപ്പടെയുള്ള മൂന്ന് താരങ്ങളിൽ അദ്ദേഹം കാണിക്കുന്ന ആത്മവിശ്വാസം ആരാധകർക്കും ഏറെ പ്രതീക്ഷ നൽകുന്നുണ്ട്.

Exit mobile version