നൂറാം ഗോളിനായി കാത്തിരുന്ന് ആരാധകർ; നൂറ്റിയൊന്ന് ഗോൾ തന്നെ സമ്മാനിച്ച് മാസായി ക്രിസ്റ്റ്യാനോ

ആരാധകരുടെ നീണ്ടനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് രാജ്യാന്തര ഫുട്‌ബോളിൽ അപൂർവ്വ നേട്ടം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ. സ്വന്തം രാജ്യത്തിനായി രാജ്യാന്തര ഫുട്‌ബോളിൽ 100 ഗോൾ തികച്ച രണ്ടാമത്തെ പുരുഷ താരമായി റൊണാൾഡോ ചൊവ്വാഴ്ച മാറി. സ്വീഡനെതിരായ യുവേഫ നാഷൻസ് ലീഗ് മത്സരത്തിലാണ് പോർച്ചുഗലിനായി റൊണാൾഡോ തന്റെ നൂറാമത് രാജ്യാന്തര ഗോൾ പൂർത്തിയാക്കിയത്. അലി ഡെയ്ക്ക് ശേഷം ഇതാദ്യമായാണ് ഒരു ഫുട്‌ബോൾ താരം രാജ്യാന്തര മത്സരത്തിൽ 100 ഗോളുകൾ തികയ്ക്കുന്നത്. ഇറാന് വേണ്ടി 109 ഗോളുകൾ സ്വന്തമാക്കിയ അലി ഡെയാണ് ക്രിസ്റ്റിയാനോയുടെ മുന്നിലുള്ള ഒരേയൊരു ഫുട്‌ബോളർ.

നിലവിൽ കളിക്കുന്ന താരങ്ങളിൽ 72 ഗോളുമായി ഇന്ത്യയുടെ സുനിൽ ഛേത്രിയും 70 ഗോളുമായി അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസിയുമാണ് റോണോക്ക് പിന്നിലുള്ളത്.

2019 നവംബറിൽ ലക്‌സംബർഗിനെതിരെയാണ് പോർച്ചുഗലിനായി റൊണാൾഡോ ഇതിനു മുമ്പ് ഗോൾ നേടിയത്. തുടർന്ന് ആ 99ാം ഗോളിന് ശേഷമുള്ള ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ബോക്‌സിന് പുറത്ത് നിന്നുള്ള മനോഹരമായ ഒരു ഫ്രീ കിക്കിലൂടെയാണ് റോണോ തന്റെ നൂറാം ഗോൾ നേടിയത്. ഫ്രീ കിക്കിൽ നിന്ന് തന്റെ കരിയറിൽ നേടിയ 57ാമത്തെയും ദേശീയ ടീമിനായുള്ള പത്താമത്തേയും ഗോളാണിത്. കരിയറിൽ ആറ് രാജ്യാന്തര ഹാട്രിക്കുകളുള്ള റൊണാൾഡോ ഫിഫ ലോകകപ്പ് ഘട്ടത്തിൽ ഏഴ് ഗോളുകളും യുവേഫ യൂറോയിൽ ഒമ്പത് ഗോളുകളും നേടിയിട്ടുണ്ട്.

സ്വീഡനെതിരെ മത്സരത്തിന്റെ 45ാം മിനിറ്റിലാണ് തന്റെ നൂറാം അന്താരാഷ്ട്ര ഗോൾ റൊണാൾഡോ നേടിയത്. രണ്ടാംഗോൾ നേടിയതും ക്രിസ്റ്റിയാനോ ആയിരുന്നു. 72ാം മിനിറ്റിൽ നേടിയ ആ ഗോളോട് കൂടി താരത്തിന്റെ കരിയറിലെ ആകെ രാജ്യാന്തര ഗോളുകളുടെ എണ്ണം 101 ആയി. എതിരില്ലാത്ത രണ്ട് ഗോളിന് സ്വീഡനെ പരാജയപ്പെടുത്തിയ ഈ മത്സരം 35 കാരനായ സൂപ്പർതാരത്തിന്റെ പോർച്ചുഗലിനുവേണ്ടി ബൂട്ട് കെട്ടിയ 165ാമത്തെ മത്സരവുമായിരുന്നു.

Exit mobile version