ഐസിസി ചെയർമാനായി ഇന്ത്യക്കാരൻ വേണ്ട; പരസ്യമായി പറഞ്ഞ് പാകിസ്താൻ

ഇസ്ലാമാബാദ്: ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് ഇന് ഒരു ഇന്ത്യക്കാരൻ വരേണ്ടെന്ന് തുറന്നടിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽനിന്നുള്ളവർ ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് വരരുതെന്ന് പിസിബി ചെയർമാൻ ഇഹ്‌സാൻ മാനിയാണ് പരസ്യമായി ആവശ്യപ്പെട്ടത്.

ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഇക്കുറി ഐസിസി ചെയർമാനായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് മാനിയുടെ എതിർപ്പ്. ‘ഇന്ത്യയും ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ചേർന്ന് ഐസിസിയിൽ രാഷ്ട്രീയം കളിക്കുകയാണ്. ഇപ്പോൾ അതിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് അവർ. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ മൂന്നു ക്രിക്കറ്റ് ബോർഡുകൾക്കു പുറത്തുനിന്നുള്ള ഒരാൾ ചെയർമാൻ പദവിയിലെത്തുന്നതാണ് ഏറ്റവും ഉചിതം.’ മാനി പറഞ്ഞു.

എന്നാൽ തനിക്ക് ഇത്തരം സ്ഥാനങ്ങളിൽ താൽപര്യമില്ലെന്നും ഈ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്നും മാനി അറിയിച്ചു. അതേസമയം, 2003 മുതൽ 2006 വരെ മാനിയായിരുന്നു ഐസിസി ചെയർമാൻ.

‘എന്തായാലും ഞാൻ ആ സ്ഥാനം ആഗ്രഹിക്കുന്നില്ല. പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ സേവിക്കാനാണ് താൽപര്യം’ അദേഹം പറഞ്ഞു. ഇന്ത്യക്കാരനായ ശശാങ്ക് മനോഹർ ജൂലൈയിൽ സ്ഥാനമൊഴിഞ്ഞതു മുതൽ ഐസിസി ചെയർമാൻ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ഇമ്രാൻ ഖവാജയ്ക്കാണ് ഇപ്പോൾ താൽക്കാലിക ചുമതല.

Exit mobile version