മെസി ബാഴ്‌സ വിട്ടേക്കില്ല; മാനേജ്‌മെന്റുമായി ഒത്തുതീർപ്പിൽ എത്തിയെന്ന് പിതാവ്

ക്യാംപ്നൗ: അർജന്റീനൻ ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി ബാഴ്‌സലോണ ക്ലബ് വിട്ടേക്കില്ലെന്ന സൂചന നൽകി പിതാവ് ഹോർഗെ മെസി. ബാഴ്‌സലോണ മാനേജ്‌മെന്റുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് ഹോർഗെ മെസിയുടെ പ്രതികരണം. ബാഴ്‌സ മാനേജ്‌മെന്റുമായി മെസി ഒത്തുതീർപ്പിലെത്തിയെന്ന് തന്നെയാണ് ഇതോടെ പുറത്തുവരുന്ന വിവരങ്ങൾ. മെസിയുടെ ഏജന്റുകൂടിയാണ് പിതാവ് ഹോർഗെ മെസി.

ബയോൺ മ്യൂണിക്കിനോട് 8-2ന് വൻ പരാജയം ബാഴ്‌സ ഏറ്റുവാങ്ങിയതോടെയാണ് ക്ലബ് വിടുകയാണെന്നു പ്രഖ്യാപിച്ച മെസിയുടെ ഭാവിയെക്കുറിച്ച് ഊഹാപോഹങ്ങൾ തുടരുകയാണ്. ബാഴ്‌സ വിടുന്നതിനെ കുറിച്ച് ആരാധകർക്കു മുന്നിൽ വിശദീകരണവുമായി താരം നേരിട്ടെത്തുമെന്നു സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തെങ്കിലും മെസി ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, മെസിയെ അനുനയിപ്പിക്കാൻ ബാഴ്‌സിലോണ മാനേജ്‌മെന്റും ലാ ലിഗ അധികൃതരും നീക്കം തുടരുന്നുണ്ട്. നെയ്മർ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർ പോയതോടെ ഗ്ലാമർ കുറഞ്ഞ സ്പാനിഷ് ലീഗിൽ നിന്നു മെസി കൂടി പോയാൽ സംഭവിക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളാണ് കാരണം.

Exit mobile version