‘കുഞ്ഞുങ്ങളേക്കാള്‍ വലുതായി ഒന്നുമില്ല’; മടങ്ങിയെത്തിയതിന് പിന്നാലെ സുരേഷ് റെയ്‌ന

ദുബായ്: ‘കുഞ്ഞുങ്ങളേക്കാള്‍ വലുതായി ഒന്നുമില്ലെ’ന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയ റെയ്‌ന പ്രതികരിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 13-ാം സീസണില്‍ കളിക്കുന്നില്ലെന്ന കഠിനമായ തീരുമാനത്തിന് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സുരേഷ് റെയ്‌നയെ പ്രേരിപ്പിച്ചത് മക്കളോടുള്ള കരുതലാണെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ കഴമ്പുണ്ടെന്ന് തെളിയിക്കുന്നതാണ് സംഭവത്തില്‍ റെയ്‌നയുടെ ആദ്യ പ്രതികരണം.

‘കുഞ്ഞുങ്ങളേക്കാള്‍ വലുതായി ഒന്നുമില്ലെ’ന്ന് റെയ്‌ന പ്രതികരിച്ചതായി ‘ദൈനിക് ജാഗരണ്‍’ ആണ് റിപ്പോര്‍ട്ട് ചെയ്തത്. റെയ്‌നയുടെ പിതൃസഹോദരിയുടെ കുടുംബം പഞ്ചാബിലെ പഠാന്‍കോട്ടില്‍ ആക്രമിക്കപ്പെട്ട വിവരം ആദ്യം റിപ്പോര്‍ട്ട് ചെയ്തതും ‘ദൈനിക് ജാഗരണാ’യിരുന്നു.

ടീമംഗങ്ങള്‍ക്കിടയില്‍ കോവിഡ് വ്യാപിച്ചതിനൊപ്പം ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഉറ്റ ബന്ധുക്കള്‍ക്കുനേരെ ഉണ്ടായ ആക്രമണവും റെയ്‌നയെ ബാധിച്ചിരിക്കാമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ടീമംഗങ്ങളില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതില്‍ ആശങ്കയുണ്ടെന്ന് കാട്ടി റെയ്‌ന സന്ദേശം അയച്ചതായി അദ്ദേഹത്തിന്റെ കുടുംബസുഹൃത്ത് അജയ് സേഥിയും വെളിപ്പെടുത്തിയിരുന്നു.

ഇതു ശരിവയ്ക്കുന്നതാണ് റെയ്‌ന ‘ദൈനിക് ജാഗരണി’നോട് നടത്തിയ ആദ്യ പ്രതികരണവും. ഐപിഎല്ലിനു പുറപ്പെടുന്നതിനു മുന്നോടിയായി റെയ്‌ന ഭാര്യയുടെയും മക്കളുടെയും പേര് ശരീരത്തില്‍ പച്ചകുത്തിയിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പേസര്‍ ദീപക് ചാഹറിനും ടീം സംഘത്തിലെ 11 സ്റ്റാഫിനുമാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്.

അതിനു പിന്നാലെ, ഇരുപത്തിമൂന്നുകാരനായ ഋതുരാജും ഇന്നലെ കോവിഡ് പോസിറ്റീവായി. മഹാരാഷ്ട്രക്കാരനായ ഋതുരാജ് ഇന്ത്യന്‍ എ ടീമിനായി മികച്ച പ്രകടനം നടത്തിയ താരമാണ്. രഞ്ജി ട്രോഫിയിലും ഈ വലംകൈ ബാറ്റ്‌സ്മാന്‍ മികച്ച ഫോമിലായിരുന്നു. കഴിഞ്ഞ വര്‍ഷം ചെന്നൈ ടീമിലെത്തിയെങ്കിലും ഇതുവരെ കളത്തിലിറങ്ങിയിട്ടില്ല.

അതേസമയം, ഐപിഎല്‍ ഒരുക്കങ്ങളെല്ലാം താറുമാറായതിന്റെ ആശങ്കയിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. പേസര്‍ ദീപക് ചാഹറിനു പിന്നാലെ യുവതാരം ഋതുരാജ് ഗെയ്ക്വാദിന് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതോടെ സമ്മര്‍ദത്തിലായ ചെന്നൈയുടെ ഐപിഎല്‍ ഒരുക്കങ്ങള്‍, റെയ്‌നയുടെ പിന്‍മാറ്റത്തോടെ ആശങ്കയിലായി.

Exit mobile version