തോൽവി സഹിക്കാനായില്ല; പാരീസിന് തീയിട്ട് പിഎസ്ജി ആരാധകർ

പാരിസ്: വിജയിച്ചാലും പരാജയപ്പെട്ടാലും അക്രമാസക്തരാകുമെന്ന് തെളിയിച്ച് പിഎസ്ജി ടീം ആരാധകർ. യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജി ജർമ്മൻ ടീം ബയേൺ മ്യൂണിക്കിനെതിരെ തോറ്റതോടെ ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ വ്യാപക അക്രമവും ആരാധകരുടെ അഴിഞ്ഞാട്ടവും. പ്രിയ ടീമിന്റെ തോൽവിയിൽ നിരാശരും പ്രകോപിതരുമായ ആരാധകർ ടീമിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന പാരീസിൽ തീവെപ്പ് നടത്തിയത്.

ഒട്ടേറെ കാറുകൾക്ക് തീയിടുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്ത സംഭവത്തിൽ ഇതുവരെ 140ൽ അധികം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പോലീസ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും മത്സരം കാണാനെത്തിയ 5000ൽ അധികം വരുന്ന ആരാധകർ ചട്ടങ്ങൾ കാറ്റിൽപ്പറത്തി പോലീസുമായി പലപ്പോഴും ഏറ്റുമുട്ടി.

തോൽവിക്ക് പിന്നാലെ, ഗ്രൗണ്ടിൽ ആരംഭിച്ച അക്രമം പിന്നീട് തെരുവിലേക്കും പടരുകയായിരുന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീയിട്ട അക്രമികൾ, കടകളും കൊള്ളയടിച്ചു. സെമിയിൽ ജർമൻ ക്ലബ് ആർബി ലെയ്പ്‌സിഗിനെ തോൽപ്പിച്ച് പിഎസ്ജി ഫൈനലിൽ കടന്നപ്പോൾത്തന്നെ ആരാധകരുടെ ആഹ്ലാദ പ്രകടനം അക്രമത്തിന് വഴിമാറിയിരുന്നു. ഇതേ തുടർന്ന് പിഎസ്ജി കിരീടം ചൂടിയാലും ‘പക്വതയോടെ വിജയം ആഘോഷി’ക്കാൻ പാരിസ് മേയർ ആനി ഹിഡാൽഗോ ആഹ്വാനം ചെയ്തിരുന്നു. എന്നാൽ മേയറുടെ വാക്കിന് പുല്ലുവില പോലും ആരാധകർ കൽപ്പിച്ചില്ല.

കൊവിഡ് വ്യാപനത്തെ തുടർന്ന് പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിലേക്ക് മാറ്റിയ ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബയൺ മ്യൂണിക്ക് പിഎസ്ജിയെ തോൽപ്പിച്ചത്. ക്ലബ്ബിന്റെ ചരിത്രത്തിലാദ്യമായാണ് പിഎസ്ജി ചാംപ്യൻസ് ലീഗ് ഫൈനൽ കളിച്ചത്. നെയ്മറും എംബപ്പെയും ഉൾപ്പെടുന്ന സൂപ്പർ താരനിര കിരീടം കൊണ്ടുവരുമെന്ന് ആരാധകർ ഉറച്ചുവിശ്വസിച്ചിരുന്നെങ്കിലും ഏകപക്ഷീയമായി ബയേൺ ജയം സ്വന്തമാക്കുകയായിരുന്നു.

സകല പ്രതീക്ഷകളും തകർന്നതോടെയാണ് ആരാധകർ അക്രമത്തിലേക്ക് നീങ്ങിയത്. കൊവിഡ് മൂലം ലിസ്ബണിലെ ഫൈനലിന് കാണികളെ അനുവദിച്ചിരുന്നില്ല. എങ്കിലും, പാരിസിലെ പിഎസ്ജിയുടെ മൈതാനത്ത് 5000ൽ അധികം ആരാധകരാണ് കലാശപ്പോരാട്ടം കാണാൻ ഒത്തുകൂടിയത്. പിഎസ്ജിക്കായി ആർത്തുവിളിച്ച് കലാശപ്പോരാട്ടം ആഘോഷമാക്കിയ സംഘത്തിന് ഒടുവിൽ തോൽവിഭാരം താങ്ങാനായില്ല.

Exit mobile version