ഇനിയും കാത്തിരിക്കണോ? ആരാധകരുടെ ബഹിഷ്‌കരണവും ഏറ്റില്ല; വീണ്ടും പറ്റിച്ച് ബ്ലാസ്റ്റേഴ്‌സ്! ജംഷ്ഡ്പൂരിനോടും സമനില

വീണ്ടും ആരാധകരെ കബളിപ്പിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്.

കൊച്ചി: വീണ്ടും ആരാധകരെ കബളിപ്പിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഐഎസ്എല്ലില്‍ ജംഷഡ്പൂര്‍ എഫ്‌സിക്കെതിരെയും ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങി. തോല്‍വിയില്‍ നിന്നും സമനില പിടിച്ചെന്ന ആശ്വാസം ആരാധകര്‍ക്ക് ബാക്കി നല്‍കി 77-ാം മിനിറ്റില്‍ സെയ്മിന്‍ലെന്‍ ഡുംഗലാണ് ബ്ലാസ്റ്റേഴ്സിനായി സമനില ഗോള്‍ നേടിയത്. പിന്നീടൊന്നും ചെയ്യാനില്ലെന്ന നിലയില്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് മത്സരം 1-1 എന്ന നിലയില്‍ അവസാനിപ്പിക്കാന്‍ കൂട്ടുനിന്നു.

തുടര്‍തോല്‍വികളും സമനിലകളും മാത്രം സ്വന്തമായുള്ള ബ്ലാസ്‌റ്റേഴ്‌സിനെതിരെ മഞ്ഞപ്പട ഉള്‍പ്പടെയുള്ള ആരാധകര്‍ രംഗത്തെത്തിയിരുന്നു. ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ ഫാന്‍ബേസുള്ള ടീമായ ബ്ലാസ്റ്റേഴ്‌സിനെ സ്വന്തം ആരാധകര്‍ പോലും കൈയ്യൊഴിഞ്ഞമട്ടായിരുന്നു. സ്‌റ്റേഡിയം ബഹിഷ്‌കരണം ഉള്‍പ്പടെയുള്ള കടുത്ത തീരുമാനങ്ങളിലേക്ക് ആരാധകര്‍ എത്തുകയും ചെയ്തു. എന്നിട്ടും ബ്ലാസ്റ്റേഴ്‌സ് വിജയം രുചിക്കാത്തത് ആരാധകരെ വീണ്ടും നിരാശയുടെ പടുകുഴിയില്‍ വീഴ്ത്തിയിരിക്കുകയാണ്. പൊരുതിയാണ് സമനില പിടിച്ചതെന്ന ആശ്വാസത്തില്‍ ആരാധകര്‍ ഇനിയും ബ്ലാസ്റ്റേഴ്‌സിനെ പിന്തുണച്ചേക്കാം. എങ്കിലും വിജയത്തില്‍ കുറഞ്ഞതൊന്നും ആരാധകരുടെ മുറിവ് ഉണക്കാന്‍ പര്യാപ്തമല്ല.

മത്സരത്തില്‍ വിവാദ പെനാല്‍റ്റിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരേ ജംഷഡ്പൂര്‍ എഫ്‌സി മുന്നിലെത്തുകയായിരുന്നു. ബോക്സിനു മുന്നില്‍ ടിം കാഹിലിനെ ബ്ലാസ്റ്റേഴ്സ് ഗോളി ധീരജ് സിങ് ഫൗള്‍ ചെയ്തതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത കാര്‍ലോസ് കാല്‍വോ പന്ത് വലയിലെത്തിച്ചു.

ഇതോടെ ഒരു ജയം നേടാനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ കാത്തിരിപ്പ് പിന്നേയും നീണ്ടു. തുടര്‍ച്ചയായ ഒമ്പതാം മത്സരത്തിലും വിജയമില്ലാതെ മടങ്ങിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. നേരത്തെ ബ്ലാസ്റ്റേഴ്‌സ് നിരവധി മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ഒന്നു പോലും ഗോളാക്കാനായില്ല. മൂന്നു ഗോളുകള്‍ക്കെങ്കിലും ലീഡു നേടേണ്ട ആദ്യപകുതിയാണ് ഗോള്‍രഹിതമായി അവസാനിച്ചത്.

ഏഴാം മിനിറ്റില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റെ പാസില്‍നിന്ന് സ്ലാവിസ സ്റ്റോയനോവിച്ച് പാഴാക്കിയ അവസരത്തില്‍ നിന്നാണ് ബ്ലാസ്റ്റേഴ്സിന്റെ കഷ്ടകാലം തുടങ്ങിയത്. തുടര്‍ന്ന് 21ാം മിനിറ്റിലും 30ാം മിനിറ്റിലും ബ്ലാസ്റ്റേഴ്സ് ഗോളവസരം പാഴാക്കി.

33ാം മിനിറ്റിലാണ് ജംഷഡ്പൂരിന് മല്‍സരത്തിലെ സുവര്‍ണാവസരം ലഭിച്ചത്. മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ ജെറി മാന്‍താങ്വിക്കു പന്തു ലഭിക്കുമ്പോള്‍ മുന്നില്‍ ഗോള്‍കീപ്പര്‍ മാത്രം. ഗോളിയെയും കബളിപ്പിച്ച് ജെറി ആളൊഴിഞ്ഞ പോസ്റ്റിലേക്കു പന്തു പായിച്ചെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തുപോവുകയായിരുന്നു.

ഈ സമനില കൂടി പോക്കറ്റിലാക്കിയതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷ കൂടുതല്‍ പരുങ്ങലിലായി. 10 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ വെറും ഒമ്പതു പോയന്റ് മാത്രമെ കേരളത്തിനുള്ളൂ.

Exit mobile version