കടപുഴക്കി കുല്‍ദീപും ഉമേഷും; ഉലയാതെ ചേസ്; 311ന് വിന്‍ഡീസ് പുറത്ത്; ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് നഷ്ടം

ഏഴിന് 295 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് തുടങ്ങിയ വിന്‍ഡീസിനെ കുല്‍ദീപ് യാദവും ഉമേഷ് യാദവും ചേര്‍ന്ന് എറിഞ്ഞിടുകയായിരുന്നു.

ഹൈദരാബാദ്: ഇന്ത്യന്‍ സന്ദര്‍ശനത്തിലെ രണ്ടാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് 311 റണ്‍സിന് പുറത്ത്. 189 പന്തില്‍ 106 റണ്‍സടിച്ച് ചേസ് വിന്‍ഡീസിനെ 300 കടത്തിയെങ്കിലും 16 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ശേഷിക്കുന്ന മൂന്ന് വിക്കറ്റുകള്‍ കൂടി അവര്‍ക്ക് നഷ്ടപ്പെടുകയായിരുന്നു. ഏഴിന് 295 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് തുടങ്ങിയ വിന്‍ഡീസിനെ കുല്‍ദീപ് യാദവും ഉമേഷ് യാദവും ചേര്‍ന്ന് എറിഞ്ഞിടുകയായിരുന്നു.

അതേസമയം മറുപടി ഇന്നിങ്‌സിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍ കെഎല്‍ രാഹുലി(4)നെ നഷ്ടമായി. ബാറ്റിങ് തുടരുന്ന ഇന്ത്യ 16 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 80 എന്ന നിലയിലാണ്. 9 റണ്‍സെടുത്ത പൂജാരയും അര്‍ധസെഞ്ച്വറി നേടിയ പൃഥ്വിഷാ (52)യുമാണ് ക്രീസില്‍.

രണ്ടാംദിനം കളി ആരംഭിക്കുമ്പോള്‍ തുടക്കത്തില്‍ തന്നെ 20 പന്തില്‍ രണ്ട് റണ്ണെടുത്ത ബിഷൂവിനെ ക്ലീന്‍ ബൗള്‍ഡാക്കി കുല്‍ദീപ് യാദവാണ് ആദ്യവിക്കറ്റ് വീഴ്ത്തിയത്. പിന്നാലെ ചേസും പുറത്തായി. നേരിട്ട ആദ്യ പന്തില്‍ തന്നെ ഗബ്രിയേലിനെ തിരിച്ചയച്ച് ഉമേഷ് യാദവ് വിന്‍ഡീസിന്റെ ബാറ്റിങ് അവസാനിപ്പിച്ചു. ഇതോടെ രണ്ടാം ദിനത്തിലെ മൂന്നു വിക്കറ്റും ഉമേഷിന്റെ പേരിലായി. കുല്‍ദീപ് യാദവ് മൂന്നും അശ്വിന്‍ ഒന്നും വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിന്‍ഡീസിന് 32 റണ്‍സ് പൂര്‍ത്തിയാക്കുന്നതിനിടെ ഓപ്പണര്‍ കീറണ്‍ പവലിനെ നഷ്ടപ്പെട്ടു. 30 പന്തില്‍ 22 റണ്‍സായിരുന്നു പവലിന്റെ സമ്പാദ്യം. സ്‌കോര്‍ 52ല്‍ എത്തിയപ്പോള്‍ മറ്റൊരു ഓപ്പണറായ ബ്രാത്ത്‌വൈറെയും പുറത്തായി. ഡൗറിച്ച് 30 റണ്‍സും നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ 52 റണ്‍സും നേടി പുറത്തായി.

Exit mobile version