കൊറോണ പടരാതിരിക്കാൻ മുൻകരുതൽ; ഇന്ത്യൻ താരങ്ങൾ ഉമിനീർ തേച്ച് പന്ത് മിനുക്കില്ലെന്ന് ഭുവനേശ്വർ കുമാർ

ധർമശാല: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന ക്രിക്കറ്റ് പരമ്പര തുടങ്ങാനിരിക്കെ കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ ടീം ഇന്ത്യ മുൻകരുതലുകൾ സ്വീകരിക്കുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ഇന്ത്യൻ ബൗളർമാർ പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് നിയന്ത്രിക്കുമെന്ന് പേസ് ബൗളർ ഭുവനേശ്വർ കുമാർ വ്യക്തമാക്കി.

വിഷയം ഇന്ത്യയുടെ ടീം ഡോക്ടർമാരുമായി ചർച്ച ചെയ്‌തെന്നും ഉടനെ ഒരു തീരുമാനത്തിലെത്തുമെന്നും ഭുവനേശ്വർ കുമാർ വ്യക്തമാക്കിയതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. പന്തിന് തിളക്കം കൂട്ടുന്നതിനും കൂടുതൽ സ്വിങ് ലഭിക്കാനുമാണ് ബൗളർമാർ പന്തിൽ ഉമിനീർ തേക്കാറുള്ളത്.

വ്യാഴാഴ്ച്ചയാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര തുടങ്ങുന്നത്. മൂന്നു ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. ഇരുടീമംഗങ്ങളും തമ്മിൽ ഹസ്തദാനം ചെയ്യില്ലെന്നും ആരാധകർക്കൊപ്പം സെൽഫിയെടുക്കില്ലെന്നും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ ചീഫ് മെഡിക്കൽ ഓഫീസറും ദക്ഷിണാഫ്രിക്കൻ ടീമിനെ അനുഗമിക്കുന്നുണ്ട്.

Exit mobile version