രണ്ടാം ടെസ്റ്റിലും രക്ഷയില്ലാതെ വെസ്റ്റ് ഇന്‍ഡീസ്; രണ്ടാം വിക്കറ്റും വീണു

ആദ്യ ടെസ്റ്റില്‍ ഇന്ത്യയോട് അടിയറവ് പറഞ്ഞ വെസ്റ്റ് ഇന്‍ഡീസിന് രണ്ടാം ടെസ്റ്റിലും താളം കണ്ടെത്താനാകുന്നില്ല

ഹൈദരാബാദ്: ആദ്യ ടെസ്റ്റില്‍ ഇന്ത്യയോട് അടിയറവ് പറഞ്ഞ വെസ്റ്റ് ഇന്‍ഡീസിന് രണ്ടാം ടെസ്റ്റിലും താളം കണ്ടെത്താനാകുന്നില്ല. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിന്‍ഡീസിന് ഇതിനകം രണ്ട് വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ കീറണ്‍ പവലിന്റെ വിക്കറ്റും ക്രെയ്ഗ് ബ്രാത്‌വൈറ്റിന്റെ വിക്കറ്റുമാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്.30 പന്തില്‍ 22 റണ്‍സെടുത്ത പവലിനെ അശ്വിന്‍, ജഡേജയുടെ കൈകളിലെത്തിക്കുകയായിരുന്നു.

ബ്രാത്‌വൈറ്റിനെ കുല്‍ദീപ് യാദവിന്റെ ഗൂഗ്ലി മടക്കിയയക്കുകയായിരുന്നു. 28 റണ്‍സ് സ്‌കോര്‍ബോര്‍ഡിലേക്ക് സംഭാവന ചെയ്ത്, കഴിഞ്ഞ മത്സരത്തില്‍ പൊരുതിയ താരവും മടങ്ങിയതോടെ വിന്‍ഡീസ് നില പരുങ്ങലിലേക്ക് നീങ്ങുകയാണ്.

നിലവില്‍ ഇടവേളയ്ക്ക് പിരിയുമ്പോള്‍ 30 ഓവര്‍ പിന്നിടുമ്പോള്‍ 80 റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ തുടരുകയാണ് വിന്‍ഡീസ്. കഴിഞ്ഞ ടെസ്റ്റില്‍ പരിക്കിനെ തുടര്‍ന്ന് പുറത്തിരുന്ന ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ വിന്‍ഡീസ് നിരയില്‍ തിരിച്ചെത്തി. ഇതോടെ കീമോ പോളിന് സ്ഥാനം നഷ്ടപ്പെട്ടു. ഷെമാന്‍ ലൂയിസിന് പകരം സ്പിന്നര്‍ ജോമെല്‍ വരിക്കനും ടീമിലെത്തി.

ഇന്ത്യന്‍ ടീമില്‍ ഒരൊറ്റ മാറ്റമാണുള്ളത്. മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചതോടെ പകരം ശാര്‍ദൂല്‍ ഠാക്കൂറിനെ ടീമിലുള്‍പ്പെടുത്തി. ശാര്‍ദൂലിന്റെ അരങ്ങേറ്റ മത്സരമാണിത്.

Exit mobile version