റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ആരാധകരെ ഞെട്ടിക്കുമോ? സോഷ്യൽമീഡിയ പോസ്റ്റുകൾ എല്ലാം ഡിലീറ്റ് ചെയ്തു; അന്തംവിട്ട് കോഹ്‌ലിയും ഡിവില്ലിയേഴ്‌സും

ബംഗളൂരു: ഐപിഎല്ലിലെ ആരാധക ലക്ഷങ്ങൾ ഏറെയുള്ള ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആരാധകരെ ഞെട്ടിച്ചേക്കുമെന്ന് സൂചന. സോഷ്യൽമീഡിയയിൽ നിന്നും പഴയ പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്യുകയും പേര് മാറ്റുകയും ചെയ്തത് ആരാധകരെ മാത്രമല്ല ചലഞ്ചേഴ്‌സ് താരങ്ങളെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവം എന്താണെന്ന് മനസിലാകാത്തതിനാൽ നായകൻ വിരാട് കോഹ്‌ലിയും സ്പിന്നർ യുസ്വേന്ദ്ര ചാഹലും ഉപനായകൻ എബി ഡി വില്ലിയേഴസുമൊക്കെ സോഷ്യൽമീഡിയയിലൂടെ തങ്ങളുടെ ഞെട്ടൽ പങ്കുവെയ്ക്കുകയും ചെയ്തു. നായകനായ താൻ പോലും അറിഞ്ഞില്ല ഒന്നുമെന്നാണ് വിരാട് കോഹ്‌ലിയുടെ പരിഭവം.

അതേസമയം, റോയൽ ചലഞ്ചേഴ്‌സ് ടീമിന്റെ പേരുമാറ്റത്തിനായാണ് പുതിയ മാറ്റങ്ങൾ നടത്തിയിരിക്കുന്നതെന്നാണ് സൂചന. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്ന പേര് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു എന്നാക്കി മാറ്റാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ നിന്ന് ബാംഗ്ലൂർ എന്ന ഭാഗം ഒഴിവാക്കി റോയൽ ചലഞ്ചേഴ്സ് എന്ന് മാത്രമാക്കിയിട്ടുണ്ട്. ഞായറാഴ്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നാണ് സൂചന.

നേരത്തെ, ബാംഗ്ലൂർ നഗരം ബംഗളൂരു എന്ന് പുനഃനാമകരണം ചെയ്യപ്പെട്ടപ്പോൾ റോയൽ ചലഞ്ചേഴ്സ് ടീം പേര് മാറ്റിയിരുന്നില്ല. ഇതുവരെ ബാംഗ്ലൂർ എന്ന് തന്നെയായിരുന്നു ടീമിന്റെ പേരിനൊപ്പം ഉണ്ടായിരുന്നത്. പക്ഷെ, ആരാധകർ തുടർച്ചയായി ഇക്കാര്യം ആവശ്യപ്പെട്ടതിനാൽ റോയൽ ചലഞ്ചേഴ്‌സ് ഒടുവിൽ വഴങ്ങിയിരിക്കകുയാണ് എന്നാണ് സൂചന.

Exit mobile version