നാലു ദിവസംകൊണ്ട് 55 ഇഞ്ചക്ഷന്‍ നല്‍കിയ ഡോക്ടറും; വൈന്‍ കൊടുത്തിട്ടും ലക്ഷ്മണിനെ കടത്തിവിടാത്ത സെക്രട്ടറിയും; വൈറലായി സച്ചിന്‍ തെണ്ടുല്‍ക്കറുടെ അനുഭവം

'മൂന്നാം ദിവസം സച്ചിന്‍ വിലകൂടിയ ഒരുകുപ്പി വൈനുമായാണ് വന്നത്. അത് സെക്രട്ടറിക്കു കൊടുത്തു' ബാക്കി ലക്ഷ്മണ്‍ പറഞ്ഞു.

മുംബൈ: പരിക്കേറ്റ് ചികിത്സയ്ക്കായും വിശ്രമത്തിനായും കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വരുന്നത് കായികതാരങ്ങള്‍ക്ക് സര്‍വ്വസാധാരണമാണ്. പരിക്ക് കരിയര്‍ തന്നെ അവസാനിപ്പിക്കുന്ന തരത്തില്‍ വില്ലനായും മാറിയേക്കാം. എങ്കിലും വില്ലനായ പരിക്കിനെ അതിജീവിച്ച് കളിക്കളത്തിലേക്ക് തിരിച്ചുവന്ന കഥയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസ താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും വിവിഎസ് ലക്ഷ്മണിനും പറയാനുള്ളത്. ഇരുവരും ഒരുമിച്ച് ജര്‍മ്മനിയിലെ പ്രശസ്തനായ ഒരു ഡോക്ടറുടെ പക്കല്‍ ചികിത്സയ്ക്ക് പോയ സംഭവം ലക്ഷ്മണ്‍ തന്റെ ആത്മകഥയായ ‘281 ആന്റ് ബിയോണ്ട്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെ ഓര്‍മ്മിച്ചിരിക്കുകയാണ്.

സച്ചിനും ലക്ഷ്മണും പങ്കുവെച്ച സംഭവമിങ്ങനെ:

2010 ഓസ്ട്രേലിയന്‍ പരമ്പര കഴിഞ്ഞ ഇടവേള. കടുത്ത പുറംവേദനയ്ക്ക് സച്ചിന്‍ ജര്‍മനിയില്‍ ഒരു പ്രമുഖ ഡോക്ടറെ കാണാന്‍ പോയി. ‘ഡോക്ടര്‍ക്ക് വലിയ തിരക്കാണ്. നാലും അഞ്ചും മാസങ്ങള്‍ക്കുശേഷമുള്ള ഡേറ്റാണ് ലഭിക്കുക. എനിക്ക് ഓക്ടോബര്‍ മാസത്തെ ഡേറ്റ് കിട്ടി. ലക്ഷ്മണ് അടുത്ത ജനുവരിയിലും. പക്ഷേ, ലക്ഷ്മണിനെ ഞാനും അഞ്ജലിയും (സച്ചിന്റെ ഭാര്യ) നിര്‍ബന്ധിച്ച് കൂടെക്കൂട്ടി. രണ്ടുപേര്‍ക്കും കടുത്ത പുറംവേദന.

നേരത്തെ ബുക്ക് ചെയ്യാതെ ഡോക്ടര്‍ നോക്കില്ലെന്നറിയാം. എങ്കിലും ഒന്ന് ശ്രമിച്ചു നോക്കാന്‍ തീരുമാനിച്ചു. ഡോക്ടറുടെ സെക്രട്ടറി ഒരു കാരണവശാലും ലക്ഷ്മണെ അകത്തു കടത്തുന്നില്ല. രണ്ടും മൂന്നും മണിക്കൂര്‍ കാത്തിരുന്നാണ് ഞാന്‍ തന്നെ അകത്തു കടക്കുന്നത്.’ സച്ചിന്‍ പറഞ്ഞു.

‘മൂന്നാം ദിവസം സച്ചിന്‍ വിലകൂടിയ ഒരുകുപ്പി വൈനുമായാണ് വന്നത്. അത് സെക്രട്ടറിക്കു കൊടുത്തു’ ബാക്കി ലക്ഷ്മണ്‍ പറഞ്ഞു തുടങ്ങി. വൈന്‍ കൊടുത്തിട്ടും അയാളെന്നെ കടത്തുന്നില്ല. നാലാം ദിവസം സച്ചിന്‍ പറഞ്ഞു, ഞാന്‍ ഡോക്ടറുടെ റൂമിലേയ്ക്ക് കടക്കുമ്പോള്‍ കൂടെ കയറണം. സെക്രട്ടറി അവരുടെ റൂമിലേയ്ക്ക് പോയപ്പോള്‍ സച്ചിന്‍ ഡോക്ടറുടെ റൂമിലേയ്ക്ക് കടന്നു. എന്നെ അദ്ദേഹത്തിന്റെ മുന്‍പില്‍ നിര്‍ത്തിയിട്ട് പറഞ്ഞു. ഇതെന്റെ അടുത്ത സുഹൃത്താണ്. താങ്കള്‍ ചികിത്സിച്ചില്ലെങ്കില്‍ ഇദ്ദേഹത്തിന്റെ ക്രിക്കറ്റ് ജീവിതം അവസാനിക്കും. അങ്ങനെ ഡോക്ടര്‍ എന്നെയും പരിശോധിച്ചു. എല്ലാം കഴിഞ്ഞ് അഞ്ജലി റൂമിലെത്തിയപ്പോള്‍ ഡോക്ടര്‍ ഓരോ ഇഞ്ചക്ഷനായി തന്നുകൊണ്ടിരിക്കുകയാണ്. എന്തിനിത്രയും ഇഞ്ചക്ഷനെന്ന് അഞ്ജലി അത്ഭുതപ്പെട്ടു.’ ലക്ഷ്മണ്‍ പറഞ്ഞു.

‘ഇഞ്ചക്ഷനാണ് ഡോക്ടറുടെ പ്രധാന ചികിത്സാരീതി. നാലുദിവസം കൊണ്ട് 55 ഇഞ്ചക്ഷന്‍ എനിക്കു തന്നു.’ സച്ചിന്‍ പറഞ്ഞു. ചികിത്സ കഴിഞ്ഞ് നേരേ സച്ചിന്‍ ന്യൂസിലന്റിനെതിരായ അഹമ്മദാബാദ് ടെസ്റ്റിനു പോയി. എന്റെ ക്രിക്കറ്റ് ജീവിതം തിരികെ കിട്ടയത് ആ ചികിത്സയക്ക്ക് ശേഷമാണ്, ലക്ഷ്മണ്‍ പറഞ്ഞു.

Exit mobile version