ക്രിക്കറ്റിൽ ധോണി യുഗത്തിന് അന്ത്യം? ബിസിസിഐയുടെ വാർഷിക കരാർ പട്ടികയിൽ ധോണിയില്ല

ന്യൂഡൽഹി: ഇന്ത്യയ്ക്ക് വീണ്ടും ലോകകപ്പ് നേടിത്തരികയും ആദ്യ ടി-20 ലോകകപ്പ് ഇന്ത്യയിലേക്ക് എത്തിക്കുകയും ചെയ്ത മുൻനായകൻ മഹേന്ദ്ര സിങ് ധോണി ഉടൻ വിരമിച്ചേക്കുമെന്ന് സൂചന. ബിസിസിഐയുടെ വാർഷികകരാറിൽ നിന്ന് എംഎസ് ധോണി പുറത്തായി. കളിക്കാർക്കു വേണ്ടിയുള്ള വാർഷിക കരാറിലെ ഗ്രേഡ് എ കാറ്റഗറി പട്ടികയിൽ ഇത്രയും നാളും ഉണ്ടായിരുന്ന ധോണിയെ ഈ പട്ടികയിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. വിരാട് കോഹ്‌ലി, രോഹിത്ത് ശർമ്മ തുടങ്ങിയവർ പട്ടികയിലിടം പിടിച്ചിട്ടുണ്ട്. 27 കളിക്കാരാണ് ഈ വർഷത്തെ കരാറിൽ ഉൾപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ വർഷത്തെ ലോകകപ്പിന് ശേഷം ധോണി മറ്റ് മത്സരങ്ങൾക്കൊന്നും എത്താതിരുന്നതാണ് പുതിയ വർഷത്തെ കരാറിൽ നിന്നും ധോണിയെ ഒഴിവാക്കാൻ കാരണമെന്നാണ് സൂചന. ധോണിയുടെ നീണ്ടുപോകുന്ന അവധിയിൽ അതൃപ്തി പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ രംഗത്തെത്തിയിരുന്നു. 2019ൽ ലോകകപ്പിലെ സെമി ഫൈനൽ മത്സരത്തിന് ശേഷം ഇത് വരെ ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. ഇപ്പോൾ അവധിയിൽ പ്രവേശിച്ചിരിക്കുന്ന ധോണി ക്രിക്കറ്റ് രംഗത്തെ ഭാവിപരിപാടികളെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ഇതുവരെയും നൽകിയിട്ടില്ല.

2014 ഡിസംബറിലാണ് ധോണി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. 2017ൽ എല്ലാ ക്രിക്കറ്റ് ഫോർമാറ്റുകളുടെ നായകസ്ഥാനത്ത് നിന്നും ധോണി വിരമിച്ചിരുന്നു.

വാര്‍ഷിക കരാര്‍ പട്ടിക പുറത്തുവന്നതിന് പിന്നാലെ ട്വിറ്ററില്‍ എംഎസ് ധോണി ഹാഷ്ടാഗ് ട്രെന്‍ഡിങ്ങാണ്. ഒപ്പം താങ്ക്യൂ ധോണി (ThankyouDhoni) എന്ന ഹാഷ്ടാഗിലും നിരവധി ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടു.

Exit mobile version