ഭാജി എന്നെ തല്ലിയിട്ടില്ല, അദ്ദേഹം ജ്യേഷ്ഠനെപ്പോലെ! അന്ന് ഞാനാണ് അതിരുകടന്നത്; മുഖത്തടി വിവാദത്തിന്റെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് ശ്രീശാന്ത്

മുബൈ: 2008 ലെ ഐപിഎല്‍ സീസണിലെ ഹര്‍ഭജനും ശ്രീശാന്തും ഉള്‍പ്പെട്ട മുഖത്തടി വിവാദവും ശ്രീശാന്തിന്റെ കരച്ചിലും ക്രിക്കറ്റ് പ്രേമികള്‍ മറക്കാനിടയില്ല. ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബ് മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരശേഷമായിരുന്നു സംഭവം. അന്നത്തെ സംഭവത്തിന് പിന്നിലെ യഥാര്‍ഥ കാരണങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ശ്രീശാന്ത് രംഗത്ത്.

അന്നത്തെ വിവാദ സംഭവത്തിന് ശേഷം പത്തുകൊല്ലം കഴിഞ്ഞാണ് ശ്രീശാന്ത് വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. ഹിന്ദി ബിഗ് ബോസ് സീസണ്‍ ഷോയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഭാജിയുടെ കൈയുടെ പുറംഭാഗം തന്റെ മുഖത്ത് ഇടിക്കുകയായിരുന്നു. താരം ഷോയില്‍ വ്യക്തമാക്കി.

ആ മത്സരത്തിന് മുമ്പ് തന്നെ പ്രകോപിതനാക്കരുതെന്ന് ഹര്‍ഭജന്‍ എന്നോട് പറഞ്ഞിരുന്നു. പക്ഷെ മത്സരത്തില്‍ പൂജ്യനായി ഭാജി മടങ്ങിയതോടെ ഞാന്‍ അടുത്തെത്തി നിര്‍ഭാഗ്യം എന്ന് പറഞ്ഞു. പിന്നീട് മത്സരശേഷം ഹര്‍ഭജന് കൈ കൊടുക്കാന്‍ പോയപ്പോള്‍ ഭാജി പുറംകൈ കൊണ്ട് അടിക്കുകയുമായിരുന്നെന്ന് ശ്രീശാന്ത് പറയുന്നു.

ഹോം ഗ്രൗണ്ടില്‍ തോറ്റുനില്‍ക്കുന്ന ഹര്‍ഭജനോട് അങ്ങനെ പറയരുതായിരുന്നു. എനിക്ക് വേണമെങ്കില്‍ അപ്പോള്‍ തന്നെ തിരിച്ചടിക്കാമായിരുന്നു. പക്ഷേ ആ നിമിഷം ഞാന്‍ സ്തംബ്ധനായിപോയി. മാത്രമല്ല അന്ന് ഞാനാണ് അതിരുകടന്നതെന്ന തോന്നലുമുണ്ടായി.

ഞാന്‍ നിസ്സഹായനായത് കൊണ്ടാണ് കരഞ്ഞുപോയത്, എനിക്ക് സഹിക്കാന്‍ പറ്റിയില്ല, നിങ്ങള്‍ വീഡിയോയില്‍ കണ്ടത് പോലെ എന്നെ ആരും തല്ലിയിട്ടില്ല. അദ്ദേഹത്തെ അവിടെവച്ച് എനിക്കും തല്ലാമായിരുന്നു. ഭാജി ജ്യേഷ്ഠനെപ്പോലെയാണെന്നും അദ്ദേഹത്തിന്റെ കുടുംബവുമായി നല്ല ബന്ധമാണ് ഉള്ളതെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

Exit mobile version