“ആമിര്‍ ക്രിക്കറ്റിനെ കളങ്കപ്പെടുത്തി, ഇനിയും പറഞ്ഞാല്‍ കൂടിപ്പോകും” : ഹര്‍ഭജന്‍

ന്യൂഡല്‍ഹി : മുന്‍ പാക് പേസര്‍ മുഹമ്മദ് ആമിറും മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങും തമ്മില്‍ ഇന്ത്യ-പാക് മത്സരത്തിന് ശേഷം ഉടലെടുത്ത വാക്‌പോര് കനക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആമിര്‍ ഉള്‍പ്പെട്ട ഒത്തുകളി വിവാദം ചൂണ്ടിക്കാട്ടി ഹര്‍ഭജന്‍ രംഗത്ത് വന്നതാണ് ഒടുവിലത്തെ നീക്കം.

താനിനിയും പ്രതികരിച്ചാല്‍ കൂടിപ്പോകുമെന്നും പണത്തിന് വേണ്ടി രാജ്യത്തെ വഞ്ചിച്ചവനാണ് ആമിറെന്നും തന്റെ യൂട്യൂബ് ചാനലിലൂടെ ഹര്‍ഭജന്‍ പറഞ്ഞു. “ആമിര്‍ ക്രിക്കറ്റിന് വരുത്തി വച്ച കളങ്കം മറക്കാനാകില്ല. തന്നെ വിശ്വസിച്ചവരെ എല്ലാം പണത്തിന് വേണ്ടി വഞ്ചിച്ചവനാണ് ആമിര്‍. ലോര്‍ഡ്‌സിലെ മത്സരത്തിനിടെ ബോധപൂര്‍വ്വം നോ ബോളുകളെറിഞ്ഞ് പണം സമ്പാദിച്ച ആമിറിന്റെ ട്വീറ്റിനോട് പ്രതികരിക്കേണ്ട കാര്യം തന്നെ ഇല്ലായിരുന്നു.” ഹര്‍ഭജന്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ 2010 ലോര്‍ഡ്‌സ് ടെസ്റ്റില്‍ ആമിര്‍ അടക്കമുള്ള 3 പാക് താരങ്ങള്‍ ഒത്തു കളിച്ചെന്ന് ഐസിസി കണ്ടെത്തിയിരുന്നു.അന്ന് 19 വയസ്സ് മാത്രമുണ്ടായിരുന്ന ആമിറിന് ഐസിസി അഞ്ച് വര്‍ഷം വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. പിന്നീട് 2015ല്‍ രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ആമിര്‍ കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്. ആമിറിനെ പിന്തുണച്ച് രംഗത്തെത്തിയ ആരാധകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഹര്‍ഭജന്‍ ‘കണക്കിന് ‘ കൊടുത്തു.

ആമിറിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഊറ്റം കൊള്ളേണ്ട കാര്യമില്ലെന്നും അയാളെ പിന്തുണയ്ക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ എന്ത് തരം മാധ്യമപ്രവര്‍ത്തനമാണ് നടത്തുന്നതെന്നും ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തു.ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനോട് പരാജയപ്പെട്ടതോടെയാണ് ആമിര്‍-ഹര്‍ഭജന്‍ വാക്‌പോര് തുടങ്ങുന്നത്. ആമിറിന്റെ ഓരോ ട്വീറ്റിനും അതേ നാണയത്തിലാണ് ഹര്‍ഭജന്‍ മറുപടി കൊടുക്കുന്നത്. ഇരുവര്‍ക്കും പിന്തുണയുമായി ആരാധകരും കൂടിയതോടെ വാദപ്രതിവാദം രൂക്ഷമായിരുന്നു.

Exit mobile version