മനീഷ് പാണ്ഡെ പോലും പുറത്ത് നിൽക്കുമ്പോൾ ഇന്ത്യൻ ടീമിൽ കളിക്കാൻ സാധിക്കാത്തതിൽ നിരാശയില്ല: സഞ്ജു സാംസൺ

തിരുവനന്തപുരം: ഇന്ത്യൻ ടീമിൽ ഇടം നേടിയിട്ടും കളിക്കാനാകാത്തതിൽ നിരാശയില്ലെന്ന് സഞ്ജു സാംസൺ. ഇന്ത്യൻ ടീമിലേക്ക് വീണ്ടും പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും രഞ്ജിയിൽ സെഞ്ച്വറി കുറിച്ചതിന് പിന്നാലെ സഞ്ജു പറഞ്ഞു. ഇപ്പോൾ ടീമിലുള്ള എല്ലാവരും നന്നായി കളിക്കുന്നു. മനീഷ് പാണ്ഡെയെപ്പോലെ ഒരാൾ അവസരം കിട്ടാതെ പുറത്തിരിക്കുന്നു. വീണ്ടും അവസരം വരുമെന്ന വിശ്വാസമുണ്ട്.

കരിയറിലെ ഏറ്റവും മികച്ച കളിയാണ് ഇപ്പോൾ താൻ കളിക്കുന്നതെന്നും സെലക്ടർമാർ പരിഗണിക്കുന്നത് എന്തൊക്കെ ഘടകങ്ങളാണെന്നു പറയാനാകില്ല. രഞ്ജി ഉൾപ്പെടെ എല്ലാ മത്സരങ്ങളും അവർ കാണുന്നുണ്ട്. ഓരോ അവസരവും പ്രധാനപ്പെട്ടതാണെന്നും സഞ്ജു വിശദീകരിച്ചു.

വേഗം കൂടിയ പിച്ചിൽ തുടർച്ചയായി പരിശീലനം നടത്തിയതുകൊണ്ട് ഇന്നലെ ഇന്നിങ്‌സിന്റെ തുടക്കത്തിൽ പതറി. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി വെസ്റ്റിൻഡീസിനെതിരെ ഹൈദരാബാദിലെ ആദ്യ ട്വന്റി20യിൽ തുടക്കത്തിൽ ഇതേ അവസ്ഥയിലായിരുന്നു. പിന്നീട് 91 റൺസ് നേടി. ആ ഇന്നിങ്‌സ് മനസ്സിൽക്കണ്ടാണ് പിന്നീടു കളിച്ചത്. എന്റെ സ്വാഭാവികശൈലിയിൽ കളിക്കാൻ കഴിഞ്ഞില്ല. സെഞ്ച്വറിയടിക്കാൻ കഴിയുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നും 300 റൺസ് നേടാനായാൽ കേരളത്തിനു മേൽക്കൈ ലഭിക്കുമെന്നും സഞ്ജു പറഞ്ഞു.

Exit mobile version