ഓസ്‌ട്രേലിയന്‍ മണ്ണില്‍ വിജയക്കൊടി പാറിക്കാന്‍ ഇന്ത്യ; വീണു പോയിടത്തു നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ഓസ്‌ട്രേലിയ

പഴയ പ്രതാപകാലത്തു നിന്നും മൂക്കുംകുത്തി വീണ് തകര്‍ന്നു പോയ ഓസ്‌ട്രേലിയയ്ക്ക് കരകയറാനുള്ള അവസരമാണ് ഇന്ത്യയ്‌ക്കെതിരായ ഈ ക്രിക്കറ്റ് പരമ്പര.

ബ്രിസ്‌ബേയ്ന്‍: പഴയ പ്രതാപകാലത്തു നിന്നും മൂക്കുംകുത്തി വീണ് തകര്‍ന്നു പോയ ഓസ്‌ട്രേലിയയ്ക്ക് കരകയറാനുള്ള അവസരമാണ് ഇന്ത്യയ്‌ക്കെതിരായ ഈ ക്രിക്കറ്റ് പരമ്പര. പന്തു ചുരണ്ടല്‍ വിവാദത്തിനു പിന്നാലെ തകര്‍ന്ന ഓസീസിനെ ഈ മാസം ദക്ഷിണാഫ്രിക്കയും വന്ന് ഏകദിനത്തിലും ട്വന്റിയിലും തോല്‍പ്പിച്ചിട്ടു പോയി.

അടുത്ത ഊഴം ഇന്ത്യയ്ക്കാണ്. ലോക ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ടീം. കോഹ്ലിക്കും ടീമിനുമെതിരെ സ്ലെഡ്ജിങ്ങെല്ലാം നിര്‍ത്തി നല്ലവരായി കളിക്കുന്നതായിരിക്കും നല്ലത് എന്നാണ് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി വരെ ഓസീസുകാരെ ഉപദേശിച്ചത്. എന്നാല്‍ ഇതൊന്നും ഗൗനിക്കാതെ കളിയില്‍ മാത്രം ശ്രദ്ധിച്ചാല്‍ ടീം ഇന്ത്യയ്ക്ക് ഓസീസ് മണ്ണില്‍ ഒരു പരമ്പരയിങ്ങു പോരും.

ഇന്ത്യ ഉറ്റു നോക്കുന്നത് ടെസ്റ്റ് പരമ്പരയിലേക്കാണ്. അതിനു മുന്‍പുള്ള റിഹേഴ്‌സലാകുന്നു മൂന്നു മല്‍സരങ്ങളടങ്ങിയ ട്വന്റി-ട്വന്റി പരമ്പര. അതിനു ശേഷം നാലു ടെസ്റ്റുകളും കഴിഞ്ഞിട്ടാണ് മൂന്നു ഏകദിനങ്ങള്‍. ആദ്യ ട്വന്റി-ട്വന്റിക്കുള്ള 12 അംഗ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു.

വിരാട് കോഹ്ലി തിരിച്ചെത്തിയതോടെ മനീഷ് പാണ്ഡെ ടീമിനു പുറത്തായി. ഗാബ പിച്ച് പേസിനെ പിന്തുണയ്ക്കുന്നതായതിനാല്‍ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്ര, ഖലീല്‍ അഹ്മദ് എന്നിവര്‍ ടീമിലുണ്ട്. ഋഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍. കഴിഞ്ഞ ഏഴ് ട്വന്റി-ട്വന്റി പരമ്പരകളും ജയിച്ച ആത്മവിശ്വാസം ടീം ഇന്ത്യയ്ക്ക് കൂട്ടുണ്ട്.

ഓസ്‌ട്രേലിയയില്‍ ഇതിനു മുന്‍പു വന്നപ്പോള്‍ 3-0നായിരുന്നു ഇന്ത്യയുടെ ജയം. അതേസമയം, സ്മിത്തും വാര്‍ണറും ബാന്‍ക്രോഫ്റ്റും വിലക്കിലായതിനു ശേഷം ഒരു ട്വന്റി-ട്വന്റി പരമ്പര പോലും അവര്‍ ജയിച്ചിട്ടില്ല. ഇന്ത്യന്‍ ടീം: കോഹ്ലി, ധവാന്‍, രോഹിത് ശര്‍മ, രാഹുല്‍, ദിനേഷ് കാര്‍ത്തിക്, ഋഷഭ് പന്ത്, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹ്മദ്, യുസ്വേന്ദ്ര ചാഹല്‍.

Exit mobile version