ഒരു ജയം മാത്രമുള്ളവരുടെ പോരാട്ടം: ഇന്ന് ബ്ലാസ്‌റ്റേഴ്‌സ് മുംബൈയ്ക്ക് എതിരെ

മുംബൈ: ഇത് ഒരു മാസം മുമ്പ് കൊച്ചിയിൽ വെച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് വിരട്ടി വിട്ട മുംബൈ അല്ല ഇന്ന് നേർക്കുനേർ വരുന്ന മുംബൈ സിറ്റി എഫ്‌സി. ഫുട്ബാളിലെ വമ്പൻ ടീമുകളുടെ ഉടമസ്ഥരായ സിറ്റി ഗ്രൂപ്പ് ഏറ്റെടുത്തതോടെ ആഗോളതലത്തിൽ തന്നെ നീലപ്പട പേരും പെരുമയുമുള്ളവരായി. ഇംഗ്ലണ്ടിലെ പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ സഹോദര സംഘമായി ഉയർന്നുകഴിഞ്ഞു.

ഇതിനിടെ ഒരു മാസത്തിലേറെ നീണ്ട ഇടവേളക്കു ശേഷം കേരള ബ്ലാസ്‌റ്റേഴ്‌സ് മുംബൈ സിറ്റിയെ നേരിടുമ്പോൾ അൽപ്പം ഭയക്കേണ്ടതുണ്ട്. അതിരുവിട്ട ആത്മവിശ്വാസവുമായാണ് മുംബൈ മഞ്ഞപ്പടയ്ക്ക് എതിരെ കളത്തിലിറങ്ങുക. കെട്ടും മട്ടും മാറിയതോടെ മികവുറ്റ വിജയം തേടിയാണ് ജോർജ് കോസ്റ്റിയുടെ ടീം പുതിയ ഉടമസ്ഥരുടെ കീഴിൽ ഹോം മത്സരത്തിനിറങ്ങുന്നത്.

പട്ടികയിൽ ഒരു ജയം മാത്രം സമ്പാദ്യമുള്ള രണ്ട് ടീമുകളാണ് ഇന്ന് ഏറ്റുമുട്ടലിന് ഇറങ്ങുന്നത്. ആറു കളിയിൽ ആറു പോയന്റുമായി മുംബൈ ഏഴാമതും അഞ്ചു പോയന്റുമായി ബ്ലാസ്‌റ്റേഴ്‌സ് എട്ടാമതുമാണ്. രണ്ടുപേർക്കും ജയം അനിവാര്യം. ആദ്യ മത്സരത്തിൽ എടികെയെ വീഴ്ത്തിയ മഞ്ഞപ്പട പുതിയ സീസണിൽ പുതിയ മുഖം പരിചയപ്പെടുത്താൻ ശ്രമിക്കുമ്പോഴാണ് സ്വപ്നങ്ങൾ തല്ലി തകർത്ത് മുംബൈ ഏക ജയം നേടിയത്. കൊച്ചിയിൽ നടന്ന മത്സരത്തിൽ അവസാന മിനിറ്റുകളിൽ അമിനി ഷെർമിറ്റി നേടിയ ഒരു ഗോളിനാണ് മുംബൈ വിജയിച്ചത്. അതിനുശേഷം വിജയം രുചിക്കാത്ത മുംബൈക്ക് മൂന്നു സമനിലയും രണ്ട് തോൽവിയുമാണ് ഉള്ളത്. ബ്ലാസ്‌റ്റേഴ്‌സിനാകട്ടെ രണ്ട് സമനിലയും മൂന്നു തോൽവിയും.

Exit mobile version