പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കും, ഒരിക്കലും വഴക്കിന് തുടക്കമിടല്ല; കളത്തിലിറങ്ങും മുമ്പ് ‘കളി തുടങ്ങി’ കോഹ്‌ലി

മൈതാനത്ത് വഴക്കുകള്‍ക്കും തുടക്കമിടുന്ന പതിവ് ഇന്ത്യന്‍ താരങ്ങള്‍ക്കില്ലെന്നും അതേസമയം, ഇങ്ങോട്ട് പ്രകോപനവുമായി വന്നാല്‍ നോക്കിയിരിക്കില്ലെന്നും കോഹ്‌ലി മുന്നറിയിപ്പു നല്‍കി.

ബ്രിസ്‌ബെയ്ന്‍: ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി വാക്‌പോരിന് തുടക്കമിട്ട് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. മൈതാനത്ത് വഴക്കുകള്‍ക്കും തുടക്കമിടുന്ന പതിവ് ഇന്ത്യന്‍ താരങ്ങള്‍ക്കില്ലെന്നും അതേസമയം, ഇങ്ങോട്ട് പ്രകോപനവുമായി വന്നാല്‍ നോക്കിയിരിക്കില്ലെന്നും കോഹ്‌ലി മുന്നറിയിപ്പു നല്‍കി. ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി-ട്വന്റി പരമ്പരയ്ക്ക് ഇന്ന് തുടക്കമാകവെയാണ് ഓസീസ് താരങ്ങള്‍ക്കു മുന്നറിയിപ്പുമായി കോഹ്‌ലി രംഗത്തെത്തിയിരിക്കുന്നത്.

‘ആക്രമണോത്സുകത എന്നത് മൈതാനത്തെ സാഹചര്യം അനുസരിച്ചിരിക്കും. എതിരാളികള്‍ പ്രകോപിപ്പിച്ചാല്‍ നമ്മള്‍ തിരിച്ചടിക്കും. ഇന്ത്യന്‍ താരങ്ങള്‍ ഒരിക്കലും വഴക്കിന് തുടക്കമിടാറില്ല. പക്ഷേ, എതിരാളികള്‍ പരിധി കടക്കുന്നുവെന്നു തോന്നിയാല്‍ ശക്തമായി പ്രതികരിക്കുകയും ചെയ്യും. അത് ആത്മാഭിമാനത്തിന്റെ പ്രശ്‌നമാണ്’ – കോഹ്‌ലി പറഞ്ഞു.

‘മല്‍സരത്തിനിടെ ഓരോ സാഹചര്യങ്ങളും നമ്മെ എങ്ങനെ സ്വാധീനിക്കുന്നു, ഓരോ വിക്കറ്റിനും നമ്മള്‍ എത്ര വിലകല്‍പ്പിക്കുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം ആക്രമണോത്സുകതയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ബോളര്‍മാരുടെ ശരീരഭാഷയില്‍ത്തന്നെ ആക്രമണോത്സുകതയുണ്ട്. ബാറ്റ്‌സ്മാന്‍മാര്‍ക്കും ഒരു വാക്കുപോലും ഉച്ചരിക്കാതെ ആക്രമണോത്സുകരാകാന്‍ കഴിയും’ – കോഹ്‌ലി ചൂണ്ടിക്കാട്ടി.

‘എന്നെ സംബന്ധിച്ച് ജയിക്കാനായി കളിക്കുന്നതും ആക്രമണോത്സുകത സമ്മാനിക്കുന്ന കാര്യമാണ്. ഓരോ പന്തിലും ടീമിനു ജയിക്കാനുള്ള സംഭാവന നല്‍കണമെന്ന ചിന്തയും ഈ മനോഭാവം വളര്‍ത്തും. ഏതു വിധേനയും കളി ജയിക്കുക, അതിനായി നമ്മുടെ 120 ശതമാനവും നല്‍കുക എന്നതൊക്കെയാണ് എന്നെ സംബന്ധിച്ച് ആക്രമണോത്സുകനായിരിക്കുക എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.’ – കോഹ്‌ലി പറയുന്നു.

Exit mobile version