സഞ്ജു സാംസണ്‍ വീണ്ടും ട്വന്റി20 ടീമില്‍

ന്യൂഡല്‍ഹി: സഞ്ജു സാംസണ്‍ ഇന്ത്യയുടെ ട്വന്റി20 ടീമില്‍ തിരിച്ചെത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിലാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാല്‍മുട്ടിന് പരിക്കേറ്റ ശിഖര്‍ ധവാന് പകരമാണ് സഞ്ജുവിനെ ടീമില്‍ എടുത്തത്.

ഡിസംബര്‍ ആറിന് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ വിന്‍ഡീസിനെതിരെ കളിക്കുന്നത്. ഇതില്‍ ഒരു മത്സരം സഞ്ജുവിന്റെ സ്വന്തം നാടായ തിരുവനന്തപുരത്താണ്.

സയിദ് മുഷ്താഖ് അലി ട്രോഫിക്കിടെയാണ് ഓപ്പണര്‍ ശിഖര്‍ ധവാനു പരിക്കേറ്റത്. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് നാഷണല്‍ ക്രിക്കറ്റ് അക്കാദമി ഫിസിയോ ആഷിശ് കൗഷിക്കുമായി ധവാന്റെ പരിക്ക് ചര്‍ച്ച ചെയ്തിരുന്നു. ഇത് പ്രകാരം താരത്തിന് പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാന്‍ കഴിയില്ലെന്ന് ഉറപ്പുവരുത്തുകയായിരുന്നു. തുടര്‍ന്നാണ് സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടിയത്.

നേരത്തെ ബംഗ്ലാദേശിനെതിരായ ടി20 ടീമില്‍ സഞ്ജു ടീമിലുണ്ടായിരുന്നു. എന്നാല്‍ ഒരു മത്സരവും കളിച്ചിരുന്നില്ല.

Exit mobile version