വിൻഡീസിന് എതിരായ പരമ്പരയിൽ നിന്നും തഴഞ്ഞു; മുറവിളി കൂട്ടി ആരാധകർ; സമൈലി മറുപടിയായി നൽകി സഞ്ജു

തിരുവനന്തപുരം: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന-ട്വന്റി-20 പരമ്പരയിൽ നിന്നും മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞതോടെ ആരാധകർ കടുത്ത പ്രതിഷേധത്തിൽ. എന്നാൽ തന്നെ ഒഴിവാക്കിയതിനെ ചൊല്ലി വിവാദം കത്തുമ്പോൾ മറുപടി ഒരു സ്‌മൈലിയിൽ ഒതുക്കിയാണ് സഞ്ജു വി സാംസന്റെ മിതമായ മറുപടി പുറത്തുവന്നിരിക്കുന്നത്. ഫേസ്ബുക്കിൽ ഒരു സ്‌മൈലി പോസ്റ്റു ചെയ്യുകയായിരുന്നു സഞ്ജു.

അതേസമയം സഞ്ജുവിന്റെ പോസ്റ്റിന് നിരവധി പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പോസ്റ്റിനു താഴെയുള്ള കമന്റുകൾ സെലക്ഷൻ കമ്മിറ്റിക്കെതിരായ അമർഷങ്ങളാവുകയായിരുന്നു. മലയാളി ആരാധകരുടെ പ്രതിഷേധം ബിസിസിഐയുടെ ട്വിറ്റർ, ഫേസ്ബുക്ക് പേജുകളിലേക്കും നീണ്ടു.

നേരത്തെ ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിലെടുത്തിരുന്നെങ്കിലും മൂന്നു മത്സരങ്ങളിലും സഞ്ജുവിന് കളിക്കാൻ അവസരം നൽകിയിരുന്നില്ല. മോശം പ്രകടനം കാഴ്ചവെച്ചിട്ടും റിഷഭ് പന്തിന് തുടർച്ചയായി അവസരങ്ങൾ നൽകുകയാണ് ടീം ഇന്ത്യ. ഇതിനു പിന്നാലെയാണ് ഇപ്പോൾ വിൻഡീസ് പരമ്പരയിൽ നിന്നും താരത്തെ ഒഴിവാക്കിയിരിക്കുന്നത്.

Exit mobile version