ടെസ്റ്റ് റാങ്കിങിൽ കളം നിറഞ്ഞ് ഇന്ത്യൻ താരങ്ങൾ; ഉയർന്ന റാങ്കിൽ ഷമിയും മായങ്കും

ദുബായ്: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിലും ഇന്ത്യ ആധിപത്യം തുടർന്നതോടെ പുതുക്കിയ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ കരിയറിലെ ഉയർന്ന സ്ഥാനം സ്വന്തമാക്കി ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയും ഓപ്പണിങ് ബാറ്റ്സ്മാൻ മായങ്ക് അഗർവാളും.

മുഹമ്മദ് ഷമി ആദ്യ പത്തിൽ സ്ഥാനം പിടിച്ചപ്പോൾ മായങ്ക് 11ാം റാങ്കിലെത്തി. ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റിലെ തകർപ്പൻ പ്രകടനമാണ് ഇരുതാരങ്ങളേയും തുണച്ചത്. മത്സരത്തിൽ ആകെ58 റൺസ് വഴങ്ങി ഏഴ് വിക്കറ്റാണ് ഷമി നേടിയത്.

മായങ്ക് ആകട്ടെ ഇരട്ട സെഞ്ച്വറി നേടിയാണ് അമ്പരപ്പിച്ചത്. 243 റൺസാണ് താരത്തിന്റെ സമ്പാദ്യം. 790 പോയിന്റാണ് ഷമിക്കുള്ളത്. ഇത്രയും പോയിന്റ് സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ പേസറാണ് ഷമി. കപിൽ ദേവ് (877), ജസ്പ്രീത് ബുംറ (832) എന്നിവരാണ് മറ്റുപേസർമാർ. ഷമികേകേ പുറമെ രണ്ട് ഇന്ത്യൻ ബൗളർമാർ ആദ്യ പത്തിലുണ്ട്. ജസ്പ്രീത് ബുംറ (4), ആർ അശ്വിൻ (10) എന്നിവരാണ് ആദ്യ പത്തിലുള്ള ബൗളർമാർ.

ബാറ്റിങ് നിരയിൽ 691 പോയിന്റുള്ള മായങ്ക് 11 സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയത്. നാല് ഇന്ത്യൻ താരങ്ങളും ആദ്യ പത്തിലുണ്ട്. വിരാട് കോഹ്‌ലി (2), ചേതേശ്വർ പൂജാര (4) അജിൻക്യ രഹാനെ (5), രോഹിത് ശർമ്മ (10) എന്നിവരാണ് ആദ്യ പത്തിൽ.

Exit mobile version