നൊസ്റ്റാൾജിയയുടെ 30 വർഷങ്ങൾ; സച്ചിന്റെ ക്രിക്കറ്റ് അരങ്ങേറ്റത്തിന് ഈ നവംബർ 15ന് മുപ്പത് വയസ്

ഫാസ്റ്റ് ബൗളറാകണമെന്ന മോഹം ഉള്ളിലൊതുക്കി എംആർഎഫ് പേയ്‌സ് അക്കാദമിയിൽ ചേർന്ന സച്ചിനോട് ഡെന്നിസ് ലില്ലിയാണ്

അന്ന് 1989 നവംബർ പതിനഞ്ചിന്, അഥവാ മുപ്പത് വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസം വെറും 16 വയസ് മാത്രം പ്രായമുള്ള വളരെ നാണംകുണുങ്ങിയായ ആ കൗമാരക്കാരൻ കറാച്ചിയിൽ ആദ്യ അന്താരാഷ്ട്ര മത്സരത്തിന് ഇറങ്ങിയപ്പോൾ അധികമാരും അതൊരു പുത്തൻ താരോദയമാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നില്ല. ലോകക്രിക്കറ്റിനെ തന്നെ വിസ്മയിപ്പിച്ച ഇതിഹാസ താരം സച്ചിൻ രമേശ് തെണ്ടുൽക്കറിന്റെ അരങ്ങേറ്റ മത്സരമായിരുന്നു അന്ന് പാകിസ്താനിൽ നടന്നത്.

ഇന്ത്യൻ ക്രിക്കറ്റിന്റെ തന്നെ ചരിത്രം തിരുത്തിയെഴുതാൻ നിയോഗിക്കപ്പെട്ട ക്രിക്കറ്റിന്റെ ദൈവം 16ാം വയസിൽ ലോകത്തിന് മുന്നിൽ അവതരിക്കപ്പെട്ടത് ആ ടെസ്റ്റ് മത്സരത്തിലായിരുന്നു. ആദ്യമത്സരത്തിൽ 15 റൺസ് മാത്രമെടുത്ത് മുഖം താഴ്ത്തി കയറി പോയ സച്ചിനെ പിന്നെ കണ്ടത് അത്ഭുത താരമായിട്ടായിരുന്നു.

ഫാസ്റ്റ് ബൗളറാകണമെന്ന മോഹം ഉള്ളിലൊതുക്കി എംആർഎഫ് പേയ്‌സ് അക്കാദമിയിൽ ചേർന്ന സച്ചിനോട് ഓസ്‌ട്രേലിയയുടെ ഇതിഹാസതാരം ഡെന്നിസ് ലില്ലിയാണ് ബാറ്റിങിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉപദേശിച്ചത്. പിന്നെ സംഭവിച്ചത് ചരിത്രം.

ഏത് താരവും മറക്കാനാഗ്രഹിക്കുന്ന നല്ലതല്ലാത്ത തുടക്കമാണ് സച്ചിനും ലഭിച്ചതെങ്കിലും പിന്നീട് ലോകം ആ കൗമാരതാരത്തെ തിരിച്ചറിഞ്ഞു തുടങ്ങി. പാകിസ്താനെതിരെ ആദ്യ ടെസ്റ്റ് മത്സരത്തിനിറങ്ങുമ്പോൾ 16 വയസും 205 ദിവസവുമായിരുന്നു സച്ചിന് പ്രായം. ഒരു കൗമാര താരത്തിന് നേരിടാനാകുന്നത് ആയിരുന്നില്ല അന്നത്തെ വഖാർ യൂനിസ് ഉൾപ്പടെയുള്ള താരപ്രതിഭകൾ നിറഞ്ഞ പാകിസ്താന്റെ മൂർച്ചയേറിയ ബൗളിങ് നിര. അന്ന് സച്ചിനെ പവലിയനിലേക്ക് തിരിച്ചയച്ചതും അരങ്ങേറ്റത്തിന് എത്തിയ വഖാർ യൂനിസ് തന്നെയായിരുന്നു. വഖാറിന്റെയും അരങ്ങേറ്റ മത്സരമായിരുന്നു അത്. പാകിസ്താൻ ടീമിൽ അന്ന് സീനിയർ ബൗളിങ് നിരയിലുണ്ടായിരുന്നത് വസീം അക്രം, ഇമ്രാൻ ഖാൻ, അബ്ദുൾ ഖ്വാദിർ തുടങ്ങിയ ആക്രമണകാരികളായിരുന്നു.

ആദ്യ ഇന്നിങ്‌സിൽ ഇവരെറിഞ്ഞ 14 പന്തുകൾ നേരിട്ട സച്ചിൻ 15 റൺസെടുത്ത് നിൽക്കെ വഖാറിന്റെ വിസ്മയകരമായ ഇൻസ്വിങറിനു മുന്നിൽ കീഴടങ്ങി. വളരെ ചെറിയൊരു ഇന്നിങ്‌സായിട്ടുപോലും സച്ചിന്റെ പ്രതിഭയുടെ മിന്നലാട്ടം ആ കുറഞ്ഞ സമയത്തിനുള്ളിൽ പ്രകടമായിരുന്നു. അരങ്ങേറ്റം തന്നെ വരാനിരിക്കുന്ന ഒരു കാലത്തിന്റെ സൂചനയായിരുന്നു.
അധികം വൈകാതെ അതേ ടൂർണമെന്റിൽ തന്നെ സച്ചിൻ താൻ ടെസ്റ്റ് മത്സരങ്ങൾക്ക് അനുയോജ്യനാണെന്ന് തെളിയിച്ചു.

രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിൽ അർധസെഞ്ച്വറി നേടി സച്ചിൻ തന്റെ ഉള്ളിലെ തീപ്പൊരിയെ തുറന്നുകാട്ടി. 172 പന്തുകൾ എതിരിട്ട സച്ചിൻ 59 റൺസാണ് നേടിയത്. അടുത്ത മത്സരത്തിൽ മറ്റൊരു അർധസെഞ്ച്വറിയിലേക്ക് സച്ചിൻ കുതിച്ചെങ്കിലും അബ്ദുൾ ഖ്വാദിർ സച്ചിനെ ക്ലീൻ ബൗൾഡാക്കി. അപ്പോൾ 41 റൺസായിരുന്നു സച്ചിന്റെ സമ്പാദ്യം.

ടൂർണമെന്റിലെ അവസാന ടെസ്റ്റിൽ വഖാർ എറിഞ്ഞ മാരകമായ ബൗൺസർ കൊണ്ട് മൂക്ക് തകർന്നു രക്തം പൊടിഞ്ഞെങ്കിലും സച്ചിന്റെ ആത്മവിശ്വാസത്തെ തൊടാൻ അതിനുമായില്ല. തന്റെ കരിയറിലെ തന്നെ രണ്ടാം അർധ സെഞ്ച്വറി കുറിച്ചാണ് സച്ചിൻ വഖാറിന് മറുപടി നൽകിയത്. 135 പന്തുകളിൽ നിന്നും സച്ചിൻ നേടിയത് 57 റൺസായിരുന്നു. നാല് ടെസ്റ്റുകൾ ഉൾപ്പെട്ട ഇന്ത്യ-പാകിസ്താൻ ടെസ്റ്റ് സീരീസ് അതോടെ സമനിലയായി പിരിയുകയും ചെയ്തു.

ആദ്യ ടെസ്റ്റിന് പിന്നാലെ തൊട്ടടുത്തമാസം പാകിസ്താനെതിരായി തന്നെ ഏകദിനത്തിലും സച്ചിൻ അരങ്ങേറ്റം കുറിച്ചു. എന്നാൽ തുടക്കം അത്ര മികച്ചതായിരുന്നില്ല. അഞ്ച് വർഷത്തിനുശേഷം 1994 സെപ്റ്റംബർ ഒമ്പതിന് ഓസ്‌ട്രേലിയയ്ക്ക് എതിരെയാണ് ഏകദിനത്തിൽ സച്ചിൻ ആദ്യ സെഞ്ച്വറി കണ്ടെത്തിയത്. കൊളംബോ ലോകകപ്പ് ടൂർണമെന്റിനിടെയായിരുന്നു 130 പന്തിൽ നിന്നും 110 റൺസെടുത്ത ആദ്യ ഏകദിന സെഞ്ച്വറി നേട്ടം.

ചിരവൈരികളായ പാകിസ്താനെ നേരിട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കരിയർ തുടങ്ങിയ സച്ചിൻ പിന്നീട് നീണ്ട 24 വർഷം ഇന്ത്യയ്ക്കായി പാഡണിഞ്ഞു. 200 ടെസ്റ്റുകൾ പൂർത്തിയാക്കി. ഇന്ത്യയ്ക്കായി 51 ടെസ്റ്റ് സെഞ്ച്വറികളും 49 ഏകദിന സെഞ്ച്വറികളുംഉൾപ്പടെ നൂറ് സെഞ്ച്വറികളെന്ന റെക്കോർഡ് നേട്ടവും സ്വന്തം പേരിലെഴുതി ചേർത്തു. ഏകദിനത്തിൽ ഇരട്ടസെഞ്ച്വറി നേടുന്ന ആദ്യ പുരുഷ ക്രിക്കറ്ററെന്ന ഖ്യാതിയും സച്ചിന്റെ പേരിലാണ്. 2010 ഫെബ്രുവരി 24ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഗ്വാളിയോർ ഏകദിനത്തിലാണ് സച്ചിൻ ഈ നേട്ടം കൊയ്തത്. പുറത്താകാതെ 147 പന്തിൽ നിന്നും 200 അടിച്ചെടുത്ത് സച്ചിൻ അതുവരെ ഉണ്ടായിരുന്ന ക്രിക്കറ്റ് ചരിത്രം തിരുത്തിയെഴുതി.

ഫാസ്റ്റ് ബൗളറാകണമെന്ന് കൊതിച്ച് ക്രിക്കറ്റിനെ പ്രണയിച്ച് തുടങ്ങി പിന്നീട് ലോകം തന്നെ ആരാധിക്കുന്ന ബാറ്റിങ് വിസ്മയമായി മാറിയ സച്ചിൻ ആറ് ഏകദിന ക്രിക്കറ്റ് ലോകകപ്പുകളുടെയും ഭാഗമായി. ഏറ്റവുമധികം ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുത്ത താരമെന്ന റെക്കോർഡും ലിറ്റിൽ മാസ്റ്റർക്ക് സ്വന്തമാണ്. ഒടുവിൽ 2011ൽ ലോകകപ്പ് ടൂർണമെന്റ് സ്വന്തം മണ്ണിലെത്തിയപ്പോൾ രാജ്യത്തിന്റെ മുഴുവൻ പ്രാർത്ഥനയും നിറവേറ്റി സച്ചിനും കൂട്ടരും മറ്റാർക്കും വിട്ടുകൊടുക്കാതെ കപ്പിൽ മുത്തമിടുകയും ചെയ്തു. വാങ്കഡെയിൽ അരങ്ങേറിയ ഫൈനലിൽ ശ്രീലങ്കയെ പരാജയപ്പെടുത്തിയാണ് സച്ചിൻ കരിയറിലെ ആദ്യ ലോകകപ്പ് കൈപ്പിടിയിൽ ഒതുക്കിയത്.

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി പട്ടികയിൽ ഒന്നാമനായിരിക്കെ 2013 നവംബർ 16നാണ് സച്ചിൻ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചത്. 24 വർഷത്തെ ക്രിക്കറ്റ് ജീവിതത്തിൽ നിന്നും ആകെ 34,357 റൺസാണ് സച്ചിൻ സമ്പാദിച്ചത്. 200 ടെസ്റ്റുകളിൽ നിന്നായി 15,921 റൺസും, 463 ഏകദിനങ്ങളിൽ നിന്നായി 18,426 റൺസും ഒരേയൊരു ട്വന്റി-ട്വന്റി മത്സരത്തിൽ നിന്ന് 10 റൺസുമായാണ് സച്ചിൻ കരിയർ അവസാനിപ്പിച്ചത്. അദ്ദേഹത്തിന്റെ അവസാന അന്താരാഷ്ട്ര മത്സരം ജന്മനാടായ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലായിരുന്നു. 2013 നവംബർ 15ന് ആരംഭിച്ച വെസ്റ്റ് ഇൻഡീസിന് എതിരായ ടെസ്റ്റ് മത്സരത്തിലെ അവസാന ദിനത്തിൽ വികാരനിർഭരമായ ചെറുപ്രസംഗത്തോടെ സച്ചിൻ കളത്തിൽ നിന്നും ഔദ്യോഗികമായി പടിയിറങ്ങി.

ഇന്ത്യൻ പ്രീമിയർ ലീഗിലും സജീവ സാന്നിധ്യമായിരുന്ന സച്ചിൻ മുംബൈ ഇന്ത്യൻസിനായി പത്താം നമ്പർ ജേഴ്‌സിയണിഞ്ഞു. 78 മത്സരങ്ങളിൽ നിന്നായി ഒരു സെഞ്ച്വറിയും 13 അർധ സെഞ്ച്വറികളും ഉൾപ്പടെ 2334 റൺസ് അടിച്ചെടുത്ത് ഐപിഎൽ കരിയറും മികച്ച രീതിയിൽ അവസാനിപ്പിച്ചു.

നൂറുകോടിയിലേറെ വരുന്ന ഒരു ജനതയ്ക്ക് ക്രിക്കറ്റ് ഒരു മതമായി മാറിയതിന് പിന്നിൽ ആ അഞ്ചടി അഞ്ച് ഇഞ്ചുകാരന്റെ ബാറ്റിലെ അത്ഭുത ശക്തിയായിരുന്നു. ഈ വിസ്മയ താരത്തെ ക്രിക്കറ്റെന്നൊരു മതമുണ്ടെങ്കിൽ അതിന്റെ ദൈവമായി കണ്ട് ആരാധിക്കാനായിരുന്നു ഇന്ത്യൻ ജനതയ്ക്ക് എന്നും ഇഷ്ടം. വെടിക്കെട്ട് ബാറ്റിങിനോടൊപ്പം ക്ലാസിക് ഷോട്ടുകളും തന്റെ ബാറ്റിൽ നിന്നും പടച്ചുവിട്ട് ക്രിക്കറ്റ് ആരാധകർക്ക് എന്നും അദ്ദേഹം മാസ്റ്റർ ബ്ലാസ്റ്ററും ലിറ്റിൽ മാസ്റ്ററുമായി തുടരുന്നു.

Exit mobile version