ഇരുണ്ടനിറം വെളുപ്പാക്കി ലിപ്സ്റ്റികും കാജളും അണിയിച്ച് സ്മൃതി മന്ദാനയുടെ ഫോട്ടോഷോപ്പ് ചെയ്ത ചിത്രം ഗൂഗിളിൽ; ഇതാണോ ഇന്ത്യയുടെ സൗന്ദര്യ സങ്കൽപ്പമെന്ന് സോഷ്യൽമീഡിയ; വിവാദം

ന്യൂഡൽഹി: നേട്ടങ്ങൾ കൊണ്ട് രാജ്യത്തിന് അഭിമാനമായ ടീം ഇന്ത്യയുടെ വനിതാ ക്രിക്കറ്റർ സ്മൃതി മന്ദാനയുടെ ഫോട്ടോഷോപ്പ് ചെയ്ത ഒരു ചിത്രമാണ് സോഷ്യൽമീഡിയയിൽ കത്തുന്ന ചർച്ചയായിരിക്കുന്നത്. രാജ്യത്തിന്റെ സൗന്ദര്യ സങ്കൽപ്പത്തെ ചോദ്യം ചെയ്ത് ധാരാളം ചർച്ചകൾ ഉയർന്നുവരാൻ ഈ ചിത്രം കാരണമായിരിക്കുകയാണ്. സ്മൃതി ഇന്ത്യൻ ജേഴ്‌സിയണിഞ്ഞ് ഒരു വാർത്താസമ്മേളനത്തിൽ ഇരിക്കുന്ന ചിത്രമാണ് ചർച്ചകൾക്ക് പിന്നിൽ. താരത്തിന്റെ സ്വാഭാവികമായ ചിത്രം ഫോട്ടോഷോപ്പിലൂടെ മേയ്ക്ക് അപ്പ് അണിയിച്ച് ഒരു സൈറ്റ് പ്രസിദ്ധീകരിച്ചത് ചോദ്യം ചെയ്ത് ചേതന എന്ന യുവതിയാണ് ആദ്യം ട്വിറ്ററിലൂടെ രംഗത്തെത്തിയത്. രാജ്യത്തിന്റെ സൗന്ദര്യ സങ്കൽപ്പം ഇതാണോ എന്ന് ചേതന ചോദിക്കുന്നു.

‘ഒരു വനിതാക്രിക്കറ്ററുടെ വാർത്താസമ്മേളനത്തിലെ ചിത്രം പോലും ഫോട്ടോഷോപ്പ് ചെയ്ത് ഇരുണ്ട സ്‌കിൻടോൺ വെളുത്തതാക്കി മാറ്റി ലിപ്സ്റ്റികും കൺമഷിയും അണിയിച്ച് മാറ്റൊരു രൂപത്തിലേക്ക് മാറ്റാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിൽ എത്രമാത്രം വൃത്തികേടാണ് ഈ രാജ്യത്തിന്റെ സൗന്ദര്യസങ്കൽപ്പം’- ചേതന ട്വീറ്റ് ചെയ്തതിങ്ങനെ.

ഒപ്പം സ്മൃതി മന്ദാനയുടെ ഫോട്ടോയുടെ ഒറിജിനൽ ഫോട്ടോഷോപ്പ് ചെയ്ത് ചിത്രവും ചേതന കുറിപ്പിനൊപ്പം നൽകിയിട്ടുണ്ട്. വിമൺസ് ക്രിക്കറ്റേഴ്‌സ് ബയോഗ്രഫി ആന്റ് വിക്കി എന്ന പേജാണ് ഫോട്ടോഷോപ്പ് ചെയ്തചിത്രം സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ ചിത്രം മെക്‌സാന്യൂസ് എന്ന യൂട്യൂബ് ചാനലും അവരുടെ വിവരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചേതനയുടെ ട്വീറ്റ് ഏറ്റെടുത്ത ചിലർ, നേട്ടങ്ങൾ കൊണ്ട് രാജ്യത്തെ ക്രിക്കറ്റ് ആരാധകരെ വിസ്മയിപ്പിച്ച താരത്തിന്റെ ചിത്രം എന്തിനാണ് ഫോട്ടോഷോപ്പ് ചെയ്ത് വെളുപ്പ് നിറം നൽകി ലിപ്സ്റ്റികും കൺമഷിയും അണിയിപ്പിച്ച് പ്രചരിപ്പിക്കുന്നത് തൊലിനിറമാണോ സൗന്ദര്യത്തിന് അടിസ്ഥാനം എന്ന ചോദ്യവുമായി രംഗത്തെത്തിയതോടെ വിഷയത്തിൽ അനുകൂലവും പ്രതികൂലവുമായ ഒട്ടേറെ പ്രതികരണങ്ങൾ ഉണ്ടായി. സ്മൃതിയെ സൗന്ദര്യവതിയാക്കുന്നത്അവരുടെ നേട്ടങ്ങളാണെന്നും അവരെ സുന്ദരിയാക്കി ചിത്രീകരിക്കാൻ ഈ ഫോട്ടോഷോപ്പിന്റെ ആവശ്യമൊന്നും ഇല്ലെന്നും അവരെങ്ങനെയാണോ ആ രൂപത്തിൽ തന്നെ സുന്ദരിയാണെന്നും ചിലർ കമന്റ് ചെയ്തു. ഇതോടെ സ്മൃതിയുടെ സൗന്ദര്യമല്ല ചർച്ചാ വിഷയമെന്നും ഇത്തരത്തിൽ ഒരു വനിതാ കായികതാരത്തിന്റെ സൗന്ദര്യം പോലും നിറത്തിന്റെയും മറ്റും അളവുകോലുകൾക്ക് വിധേയമാക്കുന്ന രാജ്യത്തിന്റെ സൗന്ദര്യസങ്കൽപ്പമാണ് ചർച്ച ചെയ്യേണ്ടതെന്നും ചേതന മറുപടി നൽകുന്നു.

സ്ത്രീയുടെ സൗന്ദര്യമെന്നാൽ അവരുടെ നേട്ടങ്ങളാണെന്ന് കാണാനുള്ള കാഴ്ച ആർക്കും ഇല്ലേയെന്നും ഇന്ത്യയുടെ സൗന്ദര്യ സങ്കൽപ്പം എങ്ങനെയാണ് ഇത്ര വൃത്തികേടായി പോകുന്നതെന്നും സോഷ്യൽമീഡിയ ചോദിക്കുന്നു.
അതേസമയം, ആരോ ഫോട്ടോഷോപ്പ് ചെയ്ത് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച ചിത്രത്തിനെ എന്തിനാണ് ഇത്തരത്തിൽ വലിയ ചർച്ചാ വിഷയമാക്കുന്നതെന്ന് ഇതൊക്കെ സ്വാഭാവികമല്ലേ എന്ന മറുവാദവുമായി മറ്റൊരു കൂട്ടർ രംഗത്തെത്തിയതോടെ വാദപ്രതിവാദങ്ങൾ കൊഴുക്കുകയാണ്.

അതേസമയം, ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലിയുടെ റെക്കോർഡ് പോലും തകർത്ത വിസ്മയ താരമാണ് സ്മൃതി മന്ദാന. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് സ്വന്തമാക്കിയ കോഹ്‌ലിയുടെ നേട്ടമാണ് സ്മൃതിക്ക് മുന്നിൽ വഴിമാറിയത്. കഴിഞ്ഞവർഷത്തെ ബിസിസിഐയുടെ ഏറ്റവും മികച്ച രാജ്യാന്തര വനിതാക്രിക്കറ്റർ എന്ന നേട്ടവും സ്മൃതിയെ തേടിയെത്തിയിരുന്നു.

Exit mobile version