ഷാക്കിബിനെ വിലക്കിയതിന് എതിരെ തെരുവിൽ ഇറങ്ങി ബംഗ്ലാദേശ് ജനത; പിന്തുണച്ച് പ്രധാനമന്ത്രിയും

ധാക്ക: ബംഗ്ലാദേശ് സൂപ്പർതാരം ഷാക്കിബ് അൽ ഹസനെതിരെ ഐസിസി നടപടിയെടുത്തതിൽ പ്രതിഷേധിച്ച് ബംഗ്ലാ ജനത. വാതുവെപ്പുകാർ സമീപിച്ച വിവരം ഐസിസിയുടെ അഴിമതിവിരുദ്ധ സമിതിയെ അറിയിക്കാത്തതിനെ തുടർന്നാണ് ഷാക്കിബിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. പിന്നാലെ ബംഗ്ലാദേശ് ക്യാപ്റ്റന് പിന്തുണയുമായി ജനങ്ങൾ തെരുവിലിറങ്ങി.

ഷാക്കിബിന്റെ ജന്മനാടായ മഗുരയിൽ ഏതാണ്ട് ആയിരത്തോളം പേർ തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് അഭിവാദ്യം അർപ്പിച്ച് പ്രകടനം നടത്തി. ധാക്കയിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. സംഭവത്തിൽ ഗൂഢാലോചന നടന്നുവെന്ന് ആരോപിച്ചും ഷാക്കിബിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ജനങ്ങൾ മനുഷ്യച്ചങ്ങലയും തീർത്തു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയും ഷാക്കിബിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഐസിസിയുടെ രണ്ടുവർഷത്തെ വിലക്കാണ് ഷാക്കിബിന് നേരിടുന്നത്. വാതുവെയ്പുകാരൻ ദീപക് അഗർവാളുമായി സന്ദേശങ്ങൾ കൈമാറിയതായി കണ്ടെത്തിയതോടെയാണ് ഐസിസി നടപടിയെടുത്തത്. വിലക്കുള്ളതിനാൽ ഷാക്കിബിന് ഇന്ത്യക്കെതിരായ പരമ്പരയിലും കളിക്കാനാവില്ല. നവംബർ മൂന്നിന് തുടങ്ങുന്ന ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയിൽ മൂന്നു ട്വന്റി20യും രണ്ട് ടെസ്റ്റ് മത്സരവുമാണുള്ളത്. 32കാരനായ ഷാക്കിബ് ബംഗ്ലാദേശിനുവേണ്ടി 56 ടെസ്റ്റും 206 ഏകദിനങ്ങളും 76 ടി20 മത്സരങ്ങളുമാണ് കളിച്ചിട്ടുള്ളത്.

Exit mobile version