പരമ്പര തൂത്തുവാരി ഇന്ത്യ; കളിയിലേയും പരമ്പരയിലേയും താരമായി രോഹിത്; റെക്കോർഡിട്ട് കോഹ്‌ലി

ഇന്ത്യയ്ക്കും നായകൻ വിരാട് കോഹ്‌ലിക്കും ഇത് റെക്കോർഡുകളുടെ കൂടി പരമ്പരയായി.

റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തേയും അവസാനത്തേയും ടെസ്റ്റിലും വിജയം സ്വന്തമാക്കി ഇന്ത്യ പരമ്പര 3-0ന് തൂത്തുവാരി. റാഞ്ചി ടെസ്റ്റിലും ദക്ഷിണാഫ്രിക്കയെ നിലംതൊടീക്കാതെ പറത്തിയപ്പോൾ ഇന്ത്യയ്ക്കും നായകൻ വിരാട് കോഹ്‌ലിക്കും ഇത് റെക്കോർഡുകളുടെ കൂടി പരമ്പരയായി.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യയുടെ ആദ്യത്തെ സമ്പൂർണ്ണ പരമ്പര നേട്ടമാണിത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ നായകനാകാനും ഇതിലൂടെ കോഹ്‌ലിക്ക് സാധിച്ചു. കരിയറിലെ ആദ്യത്തെ ഇരട്ട സെഞ്ച്വറിയും തുർച്ചയായ സെഞ്ച്വറികളും സ്വന്തം പേരിൽ കുറിച്ച രോഹിത് ശർമ്മ മത്സരത്തിലേയും പരമ്പരയിലേയും താരമായി.

ബാറ്റിങിലും ബോളിങിലും തിളങ്ങിയ ഇന്ത്യയുടേത് പ്രശംസനീയമായ പ്രകടനമായിരുന്നു. മത്സരത്തിലെ മികച്ച ബാറ്റിങ് പ്രകടനം 255 പന്തിൽ 212 രൺസെടുത്ത രോഹിത്തിന്റേതും 192 പന്തിൽ 115 റൺസെടുത്ത അജിങ്ക്യ രഹാനെയുടേതുമാണ്. ബോളിങിൽ ആദ്യ ഇന്നിങ്‌സിൽ രണ്ടും രണ്ടാം ഇന്നിങ്‌സിൽ മൂന്നും വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുടേതും രണ്ട് ഇന്നിങ്‌സിലുമായി 5 വിക്കറ്റ് തന്നെ വീഴ്ത്തിയ ഉമേഷ് യാദവിന്റേതുമാണ്.


റാഞ്ചി ടെസ്റ്റിൽ നാലാം ദിനത്തിലാണ് ഇന്ത്യ വിജയം നുണഞ്ഞത്. അതിഥികളുടെ രണ്ടാം ഇന്നിങ്‌സിലെ അവസാനത്തെ രണ്ട് വിക്കറ്റുകളും രണ്ടാം ഓവറിൽ തന്നെ ടെസ്റ്റിലെ പുതുമുഖമായ ഷഹബാസ് നദീം വീഴ്ത്തിയതോടെ ഇന്ത്യയ്ക്ക് ഇന്നിങ്‌സിനും 202 റൺസിനും ഉജ്ജ്വല ജയം സ്വന്തമായി. നാലാംദിനം തിയൂനിസ് ഡി ബ്രൂയ്ൻ ആദ്യത്തെ വിക്കറ്റ് സാഹയുടെ കൈകളിലേക്ക് നൽകിയും തൊട്ടടുത്ത പന്തിൽ ലുംഗി എൻഗിഡി ബോളർക്ക് തന്നെ പിടികൊടുത്തും മടങ്ങുകയായിരുന്നു. സ്‌കോർ: ഇന്ത്യ-497/ഡിക്ലയർ, ദക്ഷിണാഫ്രിക്ക: 162,133(ഫോളോഓൺ)

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ പരമ്പര തൂത്തുവാരിയതിനൊപ്പം സ്വന്തം മണ്ണിൽ തുടർച്ചയായ 11ാമത്തെ പരമ്പര വിജയമെന്ന സന്തോഷവും ഇന്ത്യയ്ക്ക് കൈമുതലായി. ഇന്ത്യയുടെ സ്വന്തം മണ്ണിലെ ഏറ്റവും ഒടുവിലത്തെ ടെസ്റ്റ് പരമ്പര തോൽവി 2012-13ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു.

Exit mobile version