ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സിന് വിജയത്തുടക്കം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ആറാം എഡിഷനില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വിജയത്തുടക്കം. കൊല്‍ക്കത്തയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മഞ്ഞപ്പട തോല്‍പിച്ചത്. നായകന്‍ ഓഗ്ബച്ചെ നേടിയ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം.

ഉദ്ഘാടന ചടങ്ങില്‍ മഴ വില്ലനായെങ്കിലും മഴമാറി പോരാട്ടം തുടങ്ങിയപ്പോള്‍ ആര്‍ത്തിരമ്പുന്ന മഞ്ഞക്കടലിനു മുമ്പില്‍ കേരളത്തിന് നിരാശരാകേണ്ടിവന്നില്ല. കളി തുടങ്ങി ആറാം മിനുട്ടില്‍ തന്നെ കേരളത്തിന് ഗോള്‍ വഴങ്ങേണ്ടി വന്നെങ്കിലും ഇരുപത്തിയെട്ടാം മിനുട്ടില്‍ നായകന്‍ ഓഗ്ബച്ചെ തിരിച്ചടിച്ചതോടെ മഞ്ഞപ്പട ഉണര്‍ന്നു. പെനാല്‍ടിയിലൂടെയായിരുന്നു കേരളത്തിന്റെ ആദ്യ ഗോള്‍.

ആദ്യ പകുതിയുടെ അവസാന മിനുട്ടില്‍ ഗോള്‍ മുഖത്ത് നിന്നും ലഭിച്ച തുറന്ന അവസരം വലയിലെത്തിച്ച് ഓഗ്ബച്ചെ കേരളത്തിനെ മുന്നിലെത്തിക്കുകയായിരുന്നു. കളിയുടെ ആറാം മിനുട്ടില്‍ കാള്‍ മഗ്‌ഹോയാണ് കൊല്‍ക്കത്തക്കായി ഗോള്‍ നേടിയത്.

ആദ്യ ഇലവനില്‍ ഒരു മലയാളിയുമായി ഇറങ്ങിയ കേരളം കളി തീരാന്‍ പത്ത് മിനുട്ട് ബാക്കി നില്‍ക്കെ പ്രശാന്തിനെ കൂടാതെ സഹല്‍ അബ്ദുസഹലിനെയും കളത്തിലിറക്കി. 24 ന് മുമ്പൈക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരം.

Exit mobile version